Sat. Jan 18th, 2025

 

പാലക്കാട്: പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) സജീവമായി രംഗത്തുണ്ടാകുമെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘പാലക്കാടും ചേലക്കരയിലും സിപിഎം തോല്‍ക്കും. ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ഉണ്ടാകുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാനാവില്ല. സാഹചര്യം പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നേതാക്കന്മാരുടെ പിന്നാലെ പോകില്ല. സാധാരണക്കാരാണ് നേതാക്കളെ നേതാക്കളാക്കിയത്. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളാണ് പ്രബലര്‍. അവരെ കൂട്ടിപിടിച്ചുള്ള മുന്നേറ്റമാണ് നടക്കുന്നതെന്നും’ പിവി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പാലക്കാട്ടെ സ്ഥാനാര്‍ത്ഥി സംബന്ധിച്ച ചര്‍ച്ചകളും മൂന്നു മുന്നണികളിലും സജീവമാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. മുന്‍ എംഎല്‍എയും കെപിസിസി ഉപാധ്യക്ഷനുമായ വിടി ബല്‍റാം, കെപിസിസി ഡിജിറ്റര്‍ മീഡിയ കണ്‍വീനര്‍ ഡോ. പി സരിന്‍, മുന്‍ എം പി കെ മുരളീധരന്‍ എന്നിവരുടെ പേരുകളാണ് പാലക്കാട്ടേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.

ജില്ല പഞ്ചായത്ത് അധ്യക്ഷ കെ. ബിനുമോളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം പാലക്കാട് ജില്ല ഘടകത്തിന്റെ നിര്‍ദേശമുണ്ട്. ഇത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. ബിജെപി സ്ഥാനാര്‍ഥിയായി ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്ത് ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ന്നിരുന്നു.

പാലക്കാട് നഗരസഭ ഓഫിസിന് മുന്നിലാണ് ‘ശോഭ സുരേന്ദ്രന് പാലക്കാടന്‍ കാവിക്കോട്ടയിലേക്ക് സ്വാഗതം’ എന്ന ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ ഇതിനകം സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരിക്കെയാണ് ശോഭ സുരേന്ദ്രന്‍ വിഭാഗം ശക്തമായി രംഗത്തെത്തിയിരിക്കുന്നത്.