Mon. Dec 30th, 2024

കൊച്ചി: കൊച്ചിയിലെ അലൻ വാക്കർ ഡിജെ ഷോക്കിടെ നടന്ന മെഗാ മൊബൈല്‍ഫോണ്‍ കവര്‍ച്ചക്ക് പിന്നില്‍ വൻ സംഘമെന്ന് സൂചന. ഒന്നരലക്ഷത്തോളം വിലമതിക്കുന്ന 34 ഫോണുകള്‍ ആണ് പാർട്ടിക്കിടെ മോഷ്ടിച്ചത്. 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്ത് സംഗീതമാസ്വദിച്ചവരുടെ കൂട്ടത്തില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ എല്ലാം മോഷണം പോയത്. എല്ലാ ഫോണുകളും വലിയ വിലയുള്ളതാണ്.മോഷണം പോയ ചില മൊബൈല്‍ ഫോണുകളുടെ വില ഒന്നരക്ഷംവരെയാണ്.

പലരുടെയും ഫോണുകള്‍ മറ്റ് സംസ്ഥാനത്തേക്ക് എത്തിച്ചുവെന്നാണ് റിപ്പോർട്ട്. നഷ്ടപ്പെട്ട ഫോണുകളില്‍ ഒരെണ്ണം മഹാരാഷ്ട്രയിലെ പന്‍വേല്‍ കടന്നെന്ന് ട്രാക്കിംഗ് വഴി വ്യക്തമായി. ഇതോടെയാണ് ഉത്തരേന്ത്യന്‍ കവര്‍ച്ച സംഘത്തിലേക്ക് സംശയം എതിരായത്. പതിനായിരത്തോളം പേര്‍ പങ്കെടുത്ത മെഗാ ഡിജെ ഷോക്കിടെയാണ് സംഗീതാസ്വാദകര്‍ക്കിടയില്‍ സിനിമാ സ്റ്റൈലിലുള്ള വന്‍ കവര്‍ച്ച നടന്നത്.

കൃത്യമായ ആസൂത്രണത്തോടെ എത്തിയ കവര്‍ച്ച സംഘം കാണികള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറി. താളത്തിനൊത്ത് നൃത്തം ചവിട്ടുന്നവരുടെ ശ്രദ്ധ തെറ്റുന്നത് നോക്കിനിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുകയായിരുന്നു. ഗോവയിലും ചെന്നൈയിലും നടന്ന ഡിജെ ഷോയ്ക്കിടെയും സമാന കവർച്ച നടത്തിയ സംഘത്തിനായി രാജ്യവ്യാപക അന്വേഷണത്തിനു തുടക്കമിട്ടിരിക്കുകയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.