ന്യൂഡല്‍ഹി: ബഹുജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും എന്നാല്‍ ഓരോ ഇന്ത്യക്കാരനും ഹൃദയത്തില്‍ സാഹോദര്യത്തിന്റെ മനോഭാവത്തോടെ പരിശ്രമിക്കുമ്പോള്‍ മാത്രമാണ് സമൂഹത്തില്‍ എല്ലാവര്‍ക്കും ശരിയായ സമത്വം സാധ്യമാകുകയുള്ളൂ എന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു ദളിത് കുടുംബത്തിന്റെ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യാന്‍ സഹായിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വാക്കുകള്‍.
‘ഇന്നും വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ ദളിത് അടുക്കളകളെക്കുറിച്ച് അറിയൂ. ദളിത് അടുക്കളകളെ കുറിച്ച് പുസ്തകം രഹിച്ച ഷാഹു പടോലെ പറഞ്ഞതുപോലെ, ദളിതര്‍ എന്താണ് കഴിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. അവര്‍ എന്താണ് കഴിക്കുന്നത് എങ്ങനെ പാചകം ചെയ്യുന്നു അതിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രാധാന്യം എന്നിവയില്‍ ആകാംക്ഷയോടെ അജയ് തുക്കാറാം സനദേക്കും അഞ്ജന തുക്കാറാം സനദേക്കും ഒപ്പം ഒരു ഉച്ചക്കുശേഷം ഞാന്‍ ചെലവഴിച്ചു’, വിഡിയോക്കൊപ്പം എഴുതിയ പോസ്റ്റില്‍ രാഹുല്‍ വിവരിച്ചു.
‘അടുക്കളയില്‍ സഹായിക്കാന്‍ മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് അവര്‍ എന്നെ ബഹുമാനിച്ചു. ഞങ്ങള്‍ ഒരുമിച്ച് ‘ചാനേ കെ സാഗ് കി സബ്ജി’ ‘ഹര്‍ഭാര്യാച്ചി ഭാജി’, ‘തുവര്‍ ദാല്‍’ എന്നിവ വഴുതന ചേര്‍ത്ത് പാകം ചെയ്തു’വെന്നും രാഹുല്‍ പറഞ്ഞു.
‘പട്ടോലെയും സനദേ കുടുംബത്തിന്റെയും ജാതിയും അതിനോടുള്ള വിവേചനവും സംബന്ധിച്ച വ്യക്തിപരമായ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി ദളിത് പാചകരീതിയെക്കുറിച്ചുള്ള അവബോധമില്ലായ്മയെക്കുറിച്ചും ഈ സംസ്‌കാരത്തെ രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു’, അദ്ദേഹം പറഞ്ഞു.
ഭരണഘടന ബഹുജനങ്ങള്‍ക്ക് അവരുടെ വിഹിതവും അവകാശങ്ങളും നല്‍കുന്നു. ആ ഭരണഘടന ഞങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വിഡിയോയില്‍ രാഹുല്‍ അടുക്കളയില്‍ സഹായിക്കുകയും തുടര്‍ന്ന് കുടുംബത്തോടൊപ്പം അവരുടെ വീട്ടില്‍ ഭക്ഷണം കഴിക്കുകയും ചെയ്യുന്നതുകാണാം.
ദളിതര്‍ കഴിക്കുന്ന ഭക്ഷണങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതിനായി താന്‍ മറാത്തിയില്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ടെന്നും ‘ദളിത് കിച്ചന്‍സ് ഓഫ് മറാത്ത്വാഡ’ എന്ന പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ടെന്നും എഴുത്തുകാരന്‍ ഷാഹു പടോലെ രാഹുലിനെ അറിയിച്ചിരുന്നു.