ടെല്‍ അവീവ്: ലെബനാനില്‍ ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി തെക്കന്‍ ലെബനാനിലെ 26 അതിര്‍ത്തി പട്ടണങ്ങളിലെ സിവിലിയന്മാരോട് അടിയന്തരമായി ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്രായേല്‍ സൈന്യം. വാര്‍ത്താ ഏജന്‍സിയായ അനഡോലു ഏജന്‍സിയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇസ്രായേല്‍ പ്രതിരോധ സേനയിലെ ലെഫ്റ്റനന്റ് കേണലും വക്താവുമായ അവിചയ് അദ്രേയ് ആണ് ലെബനീസ് നിവാസികളോട് അവരുടെ വീടുകളുപേക്ഷിച്ച് തെക്കന്‍ ലെബനന്‍ നഗരമായ സിഡോണിന് വടക്ക് സ്ഥിതി ചെയ്യുന്ന അവാലി നദിയുടെ പ്രദേശത്തേക്ക് എത്രയും വേഗം മാറാന്‍ ആവശ്യപ്പെട്ടത്.
ലെബനാനിലെ സുപ്രധാന നഗരങ്ങളായ ഹൗല, മെയിസ് ഇജ് ജബല്‍, മജ്ദല്‍ സെലം എന്നിവിടങ്ങളെയാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം, ലെബനാനെതിരെ വലിയ ആക്രമണം ഇസ്രായേല്‍ പദ്ധതിയിടുന്നതിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടെന്ന വ്യാജേന ഇസ്രായേല്‍ ലെബനാനില്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതയില്‍ ഇതിനോടകം ആയിരത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. രണ്ട് ലക്ഷത്തിലധികം സിവിലിയന്മാര്‍ ലെബനാനില്‍ നിന്നും പലായനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
ലെബനാനില്‍ കനത്ത വ്യോമാക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത്. ഇതിന് പുറമെ കരയാക്രമണത്തിനും സൈന്യത്തെ സജ്ജമാക്കിയിട്ടുണ്ട്. ഏതു നിമിഷവും ഇരച്ചുകയറി ആക്രമണം നടത്താന്‍ തന്റെ സൈന്യം തയ്യാറാണെന്ന് നേരത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.