Sat. Nov 16th, 2024

 

ന്യൂഡല്‍ഹി: ജോലിയ്ക്ക് ഭൂമി കുംഭകോണം കേസില്‍ ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനും മക്കളായ തേജസ്വി പ്രതാപ് യാദവ്, തേജ് പ്രതാപ് യാദവ് എന്നിവര്‍ക്കും ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ വീതം ജാമ്യത്തുകയിലാണ് പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്‌നെ ഇരുവര്‍ക്കും തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്.

കേസിന്റെ അന്വേഷണത്തിനിടെ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ലാലു പ്രസാദിനും മക്കള്‍ക്കും എതിരേയുള്ള അനുബന്ധ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി സമന്‍സയച്ചതിനെ തുടര്‍ന്നാണ് ഇവര്‍ കോടതി മുമ്പാകെ ഹാജരായത്.

കേസിന്റെ അന്തിമ റിപ്പോര്‍ട്ട് ഓഗസ്റ്റ് ആറിന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. മുന്നുപേരുടേയും പാസ്പോര്‍ട്ടുകള്‍ ഏല്‍പിക്കാനും കോടതി നിര്‍ദേശിച്ചു. കേസില്‍ അടുത്തവാദം ഒക്ടോബര്‍ 25 ന് കേള്‍ക്കും.

2004 മുതല്‍ 2009 വരെ കേന്ദ്ര റെയില്‍മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് വെസ്റ്റ് സെന്‍ട്രല്‍ സോണിലെ ഗ്രൂപ്പ്-ഡി തസ്തികയില്‍ അനധികൃത നിയമനം നടത്തിയതുമായി ബന്ധപ്പെട്ടുള്ള കേസാണിത്. നിയമനത്തിന് പകരമായി മന്ത്രിയ്ക്കോ മന്ത്രിയുടെ കുടുംബത്തിനോ അല്ലെങ്കില്‍ മന്ത്രിയുമായി അടുപ്പമുള്ളവര്‍ക്കോ ഭൂമി നല്‍കിയിരുന്നതായി കണ്ടെത്തിയിരുന്നു.