Sat. Jan 18th, 2025

 

തിരുവനന്തപുരം: നടിക്കെതിരായ പരാതിയിലും സുപ്രിംകോടതിയിലും പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ച് നടന്‍ സിദ്ധിഖ്. നടിയെ ഒറ്റ തവണ മാത്രമാണ് നേരില്‍ കണ്ടിട്ടുള്ളതെന്നും ബലാത്സംഗം നടന്നെന്ന് പറയുന്ന ഹോട്ടലില്‍ കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബലാത്സംഗക്കേസില്‍ സിദ്ധിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. നടിയെ ജീവിതത്തില്‍ കണ്ടത് ഒരു തവണ മാത്രമാണെന്നും അത് തിരുവനന്തപുരം നിള തിയറ്ററിലെ പ്രിവ്യൂ ഷോയിലായിരുന്നുവെന്നുമാണ് സിദ്ധിഖ് മൊഴി നല്‍കിയത്.

ബലാത്സംഗം നടന്നെന്ന് പരാതിയില്‍ പറയുന്ന മാസ്‌കോട്ട് ഹോട്ടലില്‍ വച്ച് കണ്ടിട്ടില്ലെന്നും നടന്‍ മൊഴി നല്‍കി. നടിക്കെതിരായ വാട്സ്ആപ്പ് ചാറ്റുകള്‍ കൈയിലുണ്ടെന്നും സിദ്ധിഖ് അറിയിച്ചു. ഇത് ഇന്ന് ഹാജരാക്കാമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. ശനിയാഴ്ച ഹാജരാക്കാമെന്ന് നടന്‍ അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുകയാണ്.

ബലാത്സംഗക്കേസില്‍ സിദ്ധിഖില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു വിട്ടയയ്ക്കുകയാണ് ഇന്ന് അന്വേഷണ സംഘം ചെയ്തത്. രണ്ടര മണിക്കൂര്‍ സമയമെടുത്താണ് കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചത്. ആദ്യം കമ്മീഷണര്‍ ഓഫീസിലാണ് സിദ്ധിഖ് ഹാജരായത്. ഇവിടെനിന്ന് സിറ്റി കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി. ഇവിടെ വച്ചായിരുന്നു ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയത്.