മഞ്ചേരി: താന്‍ രൂപീകരിച്ചത് രാഷ്ട്രീയ പാര്‍ട്ടി അല്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) ഒരു സോഷ്യല്‍ മൂവ്മെന്റാണെന്നും അതിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. അത് നിയമ വിദഗ്ദ്ധരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. മഞ്ചേരിയില്‍ നടക്കുന്ന യോഗത്തില്‍ സാധാരണക്കാരായ മനുഷ്യരുണ്ടാകും. തന്നെ സംബന്ധിച്ച് സാധാരണക്കാരായ മനുഷ്യരാണ് പ്രബല നേതാക്കളെന്നും’ അദ്ദേഹം പ്രതികരിച്ചു.
പരിപാടികള്‍ കാണാനും നിരീക്ഷിക്കാനും മതേതര സ്വഭാവമുള്ള ഉത്തരവാദിത്വപ്പെട്ടവര്‍ ഉണ്ടാകും. എന്നാല്‍ നേതാക്കള്‍ വേദിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയങ്ങള്‍ സമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഒരു നെറ്റ്‌വര്‍ക്ക് സിസ്റ്റം ഉണ്ടാകും. ആദ്യം യോഗം വിളിച്ചത് മലപ്പുറം ജില്ലയിലാണ്. ഇനിയുള്ള 13 ജില്ലകളിലും ഈ ആശയം ജനങ്ങളിലേക്ക് എത്തിക്കാന്‍ പൊതുസമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഡിഎംകെയുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും അന്‍വര്‍ വിശദീകരിച്ചു. തമിഴ്നാട്ടില്‍ ഒരു ഡിഎംകെയുണ്ട്. കേരളത്തിലൊരു ഡിഎംകെയുണ്ട്. അതില്‍ ആശയക്കുഴപ്പത്തിന്റെ കാര്യമില്ല. നിലപാടിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. കുട്ടി പിറക്കുന്നതേയുള്ളൂ. ഭൂമിയില്‍ ഇറങ്ങി കാലുറപ്പിക്കുന്ന സമയം വേണ്ടെ? ജനം എന്ത് തീരുമാനിക്കുന്നുവെന്ന് നോക്കാം. പ്രബലരെ പ്രബലരാക്കുന്ന ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്.
പശ്ചിമ ബംഗാളിനെക്കാളും മോശം അവസ്ഥയിലേക്ക് കേരളത്തിലെ സിപിഎം പോകുമെന്നും അന്‍വര്‍ പറഞ്ഞു. കെട്ടിവെച്ച കാശ് സിപിഎം സഖാക്കള്‍ക്ക് കിട്ടാത്ത അവസ്ഥയിലേക്ക് ഇത് കൊണ്ടുപോകുന്നു. മുഖ്യമന്ത്രിയുടെ ആ നയത്തിനൊപ്പം പാര്‍ട്ടി കൂടി നില്‍ക്കുന്നതെന്തിനെന്ന് കേരളത്തിലെ ജനങ്ങളോട് പാര്‍ട്ടിക്ക് വിശദീകരിക്കേണ്ടിവരും. ഒരു പുനര്‍വിചിന്തനം നടത്തിയിട്ടില്ലെങ്കില്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനമാണെന്നും അന്‍വര്‍ പറഞ്ഞു.