Wed. Dec 18th, 2024

 

ബെയ്‌റൂത്ത്: ഗാസയില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഫലസ്തീനിലെ പള്ളിയിലും സ്‌കൂളിലും ഇസ്രായേല്‍ നടത്തിയ വ്യാമാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ക്ക് ആക്രണത്തില്‍ പരിക്കേറ്റതായാണ് വിവരം.

ഞായറാഴ്ച പുലര്‍ച്ചെ ദെയ്ര്‍ അല്‍ ബലായിലെ അല്‍ അഖ്‌സ പള്ളിയുടേയും ഇബ്‌ന് റുഷ്ദ് സ്‌കൂളിന്റേയും നേര്‍ക്കാണ് ഇസ്രായേലിന്റെ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ദൃശ്യങ്ങളും മൃതദേഹങ്ങള്‍ പ്രദേശത്ത് നിന്ന് കണ്ടെടുക്കുന്നതിന്റെയും വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇവ ഇസ്രായേലിന്റെ ആക്രണത്തില്‍ ഉണ്ടായതെന്ന് ബിബിസി. സ്ഥിരീകരിച്ചു. ഹമാസിനെ നിയന്ത്രിക്കുന്ന കമാന്‍ഡറെ ലക്ഷ്യംവെച്ചായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ഹമാസിന്റെ ആക്രമണത്തിന് ഒരു വര്‍ഷം തികയാന്‍ ഒരു ദിവസം ശേഷിക്കെയാണ് ഇസ്രായേല്‍ ആക്രണം കടുപ്പിച്ചിരിക്കുന്നത്. ഹമാസിന്റെ ആക്രണത്തിന്റെ വാര്‍ഷികമായ ഒക്ടോബര്‍ 7-ന് ഇസ്രായേല്‍ ശക്തമായ തിരിച്ചടിച്ചേക്കാം എന്ന് കഴിഞ്ഞ ദിവസം യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച പുലര്‍ച്ചെയോടെ പള്ളിയും സ്‌കൂളും കേന്ദ്രീകരിച്ച് ഇസ്രായേലിന്റെ ആക്രമണം.

വടക്കേ ഗാസയില്‍ താമസിക്കുന്ന ഫലസ്തീന്‍ ജനങ്ങളോട് അവിടെ നിന്ന് പലായനം ചെയ്യണമെന്ന് ഉത്തരവിട്ട ഇസ്രയേലിനെതിരേ ഗാസാ ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. തെക്കേ ഗാസയിലേക്ക് ജനങ്ങള്‍ മാറണമെന്ന ഇസ്രായേലിന്റെ അവകാശവാദം തെറ്റാണ്, എല്ലായിടവും അവര്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇസ്രയേലിന്റെ ഭീഷണികളെ തള്ളിക്കളയണമെന്നും ഗാസ ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അറിയിച്ചു.

അതേസമയം, 30-ലേറെ വ്യോമാക്രമണങ്ങളാണ് കഴിഞ്ഞ രാത്രിയില്‍ ബെയ്‌റൂത്തിന് നേരെ ഇസ്രായേല്‍ നടത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. രാത്രിയില്‍ വന്‍ പൊട്ടിത്തെറികളും പുകപടലങ്ങളും പ്രകാശവുമായിരുന്നു ബെയ്‌റൂത്തിലെ ആകാശത്തിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്കേ ലെബനാനില്‍ ഇസ്രായേല്‍ സൈന്യം അധിനിവേശം നടത്തി 440 ഓളം ഹിസ്ബുള്ള അംഗങ്ങളെ വധിച്ചതിന് പിന്നാലെയാണ് രാത്രിയില്‍ അക്രമണം അഴിച്ചു വിട്ടത്.

യുദ്ധം ആരംഭിച്ച് ഇതുവരെയായി 41,870 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 97,000 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ 30 മുതല്‍ സെപ്റ്റംബര്‍ 4 വരെ മാത്രം 187 പേര്‍ കൊല്ലപ്പെട്ടതായി യുഎന്‍ അധികൃതര്‍ വ്യക്തമാക്കുന്നു.