Fri. Nov 15th, 2024

 

മംഗളൂരു: കര്‍ണാടകയിലെ പ്രമുഖ വ്യാപാരിയും രാഷ്ട്രീയ നേതാക്കളുടെ സഹോദരനുമായ മുംതാസ് അലിയെ കാണാനില്ലെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ മംഗളൂരു പൊലീസ് വ്യാപക തിരച്ചില്‍ തുടങ്ങി. ജനതാദള്‍ സെക്കുലര്‍ എംഎല്‍സി അംഗം ബിഎം ഫാറൂഖിന്റെയും മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മുഹിയുദ്ദീന്‍ ബാവയുടെയും സഹോദരനാണ് മുംതാസ് അലി.

മുംതാസ് അലിയുടെ കാര്‍ മംഗളൂരുവിലെ കുളൂര്‍ പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തി. മുന്‍ഭാഗം തകര്‍ന്ന നിലയിലായിരുന്നു കാര്‍. മുംതാസ് അലി പാലത്തില്‍ നിന്ന് നദിയിലേക്ക് ചാടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെയും തീരസംരക്ഷണ സേനയുടെയും നേതൃത്വതത്തില്‍ നദിയില്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

പുലര്‍ച്ചെ മൂന്ന് മണിയോടെ വീട്ടില്‍ നിന്നും കാറില്‍ പുറത്തേക്ക് പോയ മുംതാസ് നഗരത്തില്‍ ചുറ്റിക്കറങ്ങിയിരുന്നതായി പ്രാഥമികാന്വേഷണത്തില്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് മണിയോടെയാണ് മംഗളൂരുവിലെ കുളൂര്‍ പാലത്തിന് സമീപം വാഹനം നിര്‍ത്തിയിട്ടത്. കാര്‍ അപകടത്തില്‍പ്പെട്ടതിന്റെ അടയാളങ്ങള്‍ വാഹനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മംഗളൂരു പൊലീസ് കമീഷണര്‍ അനുപം അഗ്രവാള്‍ അറിയിച്ചു.