Wed. Oct 16th, 2024

കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കം എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി.

കേസ് കെട്ടിച്ചമച്ചതാണെന്നും പോലീസിൻ്റെ അന്തിമ റിപ്പോർട്ട് നിയമപരമായി നിലനിൽക്കില്ലെന്നുമുള്ള സുരേന്ദ്രൻ്റെ വാദം കോടതി അംഗീകരിച്ചു. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. സുരേന്ദ്രന്‍ ഉൾപ്പെടെ ആറുപേരെയാണ് കേസിൽ പ്രതി ചേർത്തിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ ശേഷം 2.5 ലക്ഷം രൂപയും മൊബൈൽ ഫോണും കോഴ നൽകി നാമ നിർദേശ പത്രിക പിൻവലിപ്പിച്ചു എന്നായിരുന്നു കേസ്. സുരേന്ദ്രനു പുറമേ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബിജെപി സംസ്ഥാന സമിതി അംഗം വി ബാലകൃഷ്ണ ഷെട്ടി, പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവർക്കെതിരെയായിരുന്നു കേസ് . ആസൂത്രിതമായി കെട്ടിച്ചമച്ച കേസാണെന്ന് കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.