Sat. Jan 18th, 2025

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്നു തുടക്കമാകും. തൃശ്ശൂർപ്പൂരം കലക്കലും എഡിജിപി എം ആർ അജിത്കുമാറിനെതിരേയുള്ള ആരോപണങ്ങളും കത്തിനിൽക്കുന്നതിനിടെ ചേരുന്ന സഭാ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത.

വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ന് സമ്മേളനം പിരിയും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും സഭയിൽ സംസാരിക്കും.വയനാട് ദുരിത ബാധിതരെ സഹായിക്കാൻ ആവശ്യപ്പെട്ട തുക നൽകാത്തതിൽ കേന്ദ്രത്തിനെതിരായ വിമർശനം ഭരണപക്ഷം ഉയർത്തും. വിഷയത്തിൽ പ്രതിപക്ഷവും നിലപാട് അറിയിക്കും. അതേസമയം, കണക്കുകളിലെ പ്രശ്നങ്ങൾ പ്രതിപക്ഷം ഉയർത്തും. ഈ മാസം 7ന് സഭ സമ്മേളനം തുടരുമ്പോൾ സർക്കാരിനെതിരെ നിയമസഭയിൽ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം.

വിവാദവിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളെല്ലാം നക്ഷത്രചിഹ്നമിടാത്തവിഭാഗത്തിലേക്ക് മാറ്റിയെന്ന പ്രതിപക്ഷ ആരോപണവും ഇടതുസ്വതന്ത്ര എംഎൽഎയായിരുന്ന പി വി അൻവർ സമ്പൂർണ സ്വതന്ത്രനായതുമൊക്കെ വിവാദങ്ങൾക്കു വഴിവെക്കും. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട പിആർ വിവാദവും സഭയെ പ്രക്ഷുബ്ധമാക്കും.