Wed. Dec 18th, 2024

ലക്നൗ: ഉത്തർപ്രദേശിലെ ഝാൻസിയിൽ ജോലി സമ്മർദത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു.  ബജാജ് ഫിനാൻസ് ഏരിയ മാനേജരായ തരുൺ സക്സേന ആണ് ജീവനൊടുക്കിയത്.

ടാർ​ഗറ്റ് തികയ്ക്കാൻ ആവശ്യപ്പെട്ട് മേലുദ്യോ​ഗസ്ഥർ രണ്ട് മാസമായി ഭീഷണിപ്പെടുത്തുകയാണെന്ന് യുവാവിൻ്റെ ആത്മഹത്യാ കുറിപ്പിൽ തരുൺ പറയുന്നു. 45 ദിവസമായി ഉറങ്ങിയിട്ടില്ലെന്നും ജോലി നഷ്ടപ്പെടുമെന്ന് ഭയമുണ്ടെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. നവാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ മഹാറാണാ പ്രതാപ് നഗറിലെ വീട്ടിലാണ് തരുണിനെ മരിച്ച നിലയിൽ കണ്ടത്. ഭാര്യ മേഘയെയും മക്കളായ യഥാർഥ്, പിഹു എന്നിവരെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി.

വായ്പകളുടെ തവണ പിരിച്ചെടുക്കുന്ന ജോലിയാണ് തരുൺ ചെയ്തിരുന്നത്. ഇവിടെ ഭൂരിഭാഗവും കർഷകരാണ്. കാർഷിക വിള നാശം മൂലം പലർക്കും വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. തൻ്റെ പരമാവധി ശ്രമിച്ചിട്ടും തനിക്ക് ടാർ​ഗറ്റ് തികയ്ക്കാൻ കഴിഞ്ഞില്ല എന്ന് തരുൺ കുറിപ്പിൽ പറയുന്നു. പണം പിരിച്ചെടുക്കാൻ സാധിക്കാത്തവരുടെ ഇഎംഎ താനും സഹപ്രവർത്തകരും ചേർന്നാണ് അടക്കുന്നത്. തങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മേലുദ്യോ​ഗസ്ഥരോട് പറയാൻ ശ്രമിച്ചെങ്കിലും അവർ കേൾക്കാൻ കൂട്ടാക്കുന്നില്ല. ജോലി നഷ്ടപ്പെടുമെന്ന് ഭയമുണ്ടെന്നും മേലുദ്യോ​ഗസ്ഥൻ തന്നെ തുടർച്ചയായി അധിക്ഷേപിച്ചെന്നും തരുൺ കുറിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.