Wed. Oct 16th, 2024

കാഠ്മണ്ഡു; നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെളളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 200 കടന്നു. നേപ്പാൾ ആഭ്യന്തരമന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.

209 പേർ മരിച്ചതായി ഒടുവിൽ പുറത്തുവിട്ട കണക്കിൽ പറയുന്നു. 29 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ദുരന്തമുണ്ടായ മേഖലകളിൽ ഇപ്പോഴും രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുകയാണ്. കാഠ്മണ്ഡുവിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുളളത്. നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും മുങ്ങിപ്പോയിരുന്നു. കാഠ്മണ്ഡുവിൽ നിന്ന് 16 കിലോമീറ്റർ മാത്രം അകലെ ഒരു ഹൈവേയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒട്ടേറെ വാഹനങ്ങൾ തകർന്നു. ഇവിടെ ഉറങ്ങിക്കിടക്കുകയായിരുന്ന 36 ഓളം ആളുകൾ മരിക്കുകയും ചെയ്തു.

കാഠ്മണ്ഡുവിന് പുറത്തുളള എല്ലാ ഹൈവേകളിലും മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വീട് നഷ്ടമായവർക്ക് സർക്കാർ താൽക്കാലിക അഭയ കേന്ദ്രങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതലാണ് നേപ്പാളിൽ ശക്തമായ മഴ പെയ്തത്. സ്‌കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. കാഠ്മണ്ഡു വിമാനത്താവളത്തിൽ 240 മില്ലിമീറ്റർ മഴയാണ് പെയ്തത്. 2002 ന് ശേഷമുളള ഏറ്റവും ശക്തമായ മഴയാണിത്. ഇത്തരം ശക്തമായ മഴ അസാധാരണമാണെന്ന് കാലാവസ്ഥാ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. മഴക്കെടുതികൾ ചർച്ച ചെയ്യാനും സഹായങ്ങൾക്കുമായി പ്രധാനമന്ത്രി കെ പി ഒലിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നിരുന്നു.