Sat. Jan 18th, 2025

ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ 4 ജവാന്മാർക്കും ഒരു പോലീസുകാരനും പരിക്ക്. നാല് കരസേന ജവാൻമാർക്കും ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്.

അതേസമയം പ്രദേശത്ത് രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് സൂചന. പ്രദേശത്ത് വ്യാപകമായി തിരച്ചില്‍ തുടരുകയാണെന്ന് കരസേന അറിയിച്ചു. സുരക്ഷാ സേനയും ഭീകരരും തമ്മിലാണ് രൂക്ഷമായ ഏറ്റുമുട്ടല്‍ ഉണ്ടായത്. പരിക്കേറ്റ നാല് കരസേന ജവാൻമാരെയും ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെയും ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്ത് ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. കരസേനയ്ക്ക് പുറമെ സിആർപിഎഫും ജമ്മു കശ്മീർ പോലീസുമാണ് ഭീകരരെ നേരിടുന്നത്. ജമ്മു കശ്മീരിൽ പോലീസും ഇന്ത്യൻ സേനയും സംയുക്തമായാണ് തീവ്രവാദ ഓപ്പറേഷൻ നടത്തുന്നത്. ഇതിനിടെയാണ് അധിഗാം ദേവ്സർ മേഖലയിൽ ഭീകരരുണ്ടെന്ന രഹസ്യവിവരം സംഘത്തിന് ലഭിക്കുന്നത്. അധിഗാം ദേവ്സർ മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചതായി കശ്മീർ സോൺ പോലീസ് എക്സിൽ കുറിച്ചിരുന്നു.

അതേസമയം നേരത്തെ സെപ്റ്റംബർ 15ന് പൂഞ്ച് ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. സെപ്റ്റംബർ 14ന് ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. കിഷ്ത്വാറിൽ ഡ്യൂട്ടിക്കിടെയുണ്ടായ വെടിവെയ്പ്പിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതേ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. സെപ്റ്റംബർ 11ന് ഉധംപൂർ ജില്ലയിലും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.