Wed. Dec 18th, 2024

 

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‌ മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.

“കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍ പറഞ്ഞാല്‍ കൃത്യമായ അന്വേഷണമാവുമോ?. തന്നെ കുറ്റവാളിയാക്കാന്‍ ശ്രമിക്കുന്നു. നാടകം നടത്തിയിട്ട് വസ്തുനിഷ്ടമായ അന്വേഷണമാണ് നടക്കുന്നതെന്ന് പറഞ്ഞാല്‍ വിളിച്ചുപറയുകയല്ലാതെ എന്ത് ചെയ്യണം. പാര്‍ട്ടി പറഞ്ഞത് താന്‍ അനുസരിച്ചു. പാര്‍ട്ടിയോടുള്ള തന്റെ അഭ്യര്‍ഥന പരിഗണിച്ചില്ലെന്നും” അന്‍വര്‍ പരാതിപ്പെട്ടു.

താന്‍ മത്സരിക്കാന്‍ വന്നപ്പോള്‍ വേറൊരു വിഭാഗം നടത്തിയ പണി ഇന്ന് പാര്‍ട്ടി നേതൃത്വത്തില്‍ നടക്കുകയാണ്. നിലമ്പൂരില്‍ ആദ്യമായി മത്സരിക്കുമ്പോള്‍ പാര്‍ട്ടി ഇങ്ങോട്ട് വന്ന് പിന്തുണച്ചതാണെന്നും അന്‍വര്‍ വ്യക്തമാക്കി.

“യാഥാര്‍ഥ്യങ്ങള്‍ യഥാര്‍ഥ സഖാക്കള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വടകരയില്‍ പാര്‍ട്ടി സഖാക്കള്‍ മാറി വോട്ടു ചെയ്തു. പിണറായിയില്‍ അടക്കം വോട്ടു ചോര്‍ന്നു. പാര്‍ട്ടി സഖാക്കള്‍ കൃത്യമായ പ്രതിഷേധം രേഖപ്പെടുത്തിയതാണത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയെക്കുറിച്ച് വെറും ഏഴാംകൂലിയായ പിവി അന്‍വര്‍ അന്വേഷണം നടത്തിയിട്ടുണ്ട്. ആ വിവരങ്ങള്‍ വെച്ചാണ് സംസാരിക്കുന്നത്. വലിഞ്ഞുകേറി വന്ന കോണ്‍ഗ്രസുകാരന്റെ താത്പര്യം പോലും, ആ ഏഴാംകൂലിയുടെ വിവരംപോലും ഇത്രവലിയ പരാജയമുണ്ടായിട്ട് പരിശോധിക്കാതെ തന്റെ നെഞ്ചത്തേക്ക് കേറിയിട്ട് എന്തുകാര്യമെന്നും” അന്‍വര്‍ ചോദിച്ചു.

‘എന്നെ ചവിട്ടിപ്പുറത്താക്കിയതുകൊണ്ട് ഞാന്‍ പുറത്തുപോവില്ല. ഞാന്‍ ആദ്യമേ പാര്‍ട്ടിക്ക് പുറത്താണ്. നിര്‍ത്തില്ല, പറഞ്ഞുകൊണ്ടേയിരിക്കും. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പ്രസംഗിക്കാന്‍ പോവുകയാണ്. നിലമ്പൂരില്‍ ഒരു ജീപ്പ് കെട്ടി അതിനുമുകളില്‍ കേറിനിന്ന് പറയും. ഒരാളും വരണ്ട. ഇപ്പോള്‍ പുറത്താക്കിയെന്നല്ലേ പറഞ്ഞത്. ഇനി തീപ്പന്തം പോലെ ഞാന്‍ കത്തും. ഇനി ഒരാളേയും പേടിക്കേണ്ട. ജനങ്ങളോട് സമാധാനം പറഞ്ഞാല്‍ മതി. പണ്ട് പരിമിതി ഉണ്ടായിരുന്നു. ഇപ്പോള്‍ സ്വതന്ത്രമാണ്. കപ്പല് ഒന്നായി മുങ്ങാന്‍ പോകുന്നു’, അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.