Wed. Dec 18th, 2024

 

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച പിവി അൻവർ എംഎൽഎക്ക് മറുപടിയമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അൻവർ വലതുപക്ഷത്തിന്‍റെ കൈയിലെ കോടാലിയായെന്ന് ഗോവിന്ദൻ പറഞ്ഞു.

“അൻവറിനെതിരെ സഖാക്കളും പാർട്ടിയെ സ്നേഹിക്കുന്നവരും രംഗത്തിറങ്ങണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ച് അൻവറിന് ധാരണയില്ല. കോൺഗ്രസ് പാരമ്പര്യമുള്ളയാണ് അൻവർ. സാധാരണക്കാരുടെ വികാരങ്ങൾ ഉൾക്കൊണ്ടല്ല അൻവർ സംസാരിക്കുന്നതെന്നും” ഗോവിന്ദൻ പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

പിണറായി വിജയനുനേരെ കടുത്ത കടന്നാക്രമണമാണ് പിവി അൻവർ എംഎൽഎ വ്യാഴാഴ്ച നടത്തിയത്. പിണറായി വിജയനെ കണ്ടത് അച്ഛന്‍റെ സ്ഥാനത്താണ് എന്നിട്ടും അദ്ദേഹം എന്നെ ചതിച്ചെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. പിണറായി വിജയന്‍ എന്ന സൂര്യൻ കെട്ടുപോയി. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്കായി. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ലെന്നും അന്‍വര്‍ ആഞ്ഞടിച്ചു.

പാർട്ടിയിൽ അടിമത്തമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. അഞ്ച് മിനിട്ട് നേരമേ മുഖ്യമന്ത്രിയുമായി സംസാരിച്ചുള്ളൂ. ഉള്ള് തുറന്ന് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. എന്നാല്‍, നിസഹായാവസ്ഥയാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. പി ശശി കാട്ടുകള്ളനാണ്. ആ കാട്ടുകള്ളനെ താഴെ ഇറക്കണമെന്ന് ഞാൻ നിശ്ചയിച്ചു.

കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായി വിജയന്‍. എന്നാല്‍, ആ സൂര്യൻ കെട്ടുപോയി. തെളിവ് നൽകിയിട്ടും വിജിലൻസ് അന്വേഷണത്തിന് 6 മാസം സമയം നൽകി. സ്പോട്ടിൽ സസ്പെൻഡ് ചെയ്യേണ്ട ആളാണ് അജിത്ത് കുമാർ. എന്നാൽ വിജിലൻസ് അന്വേഷണത്തിലുടെ ആറുമാസം കൂടി സമയം നൽകുകയാണ് ചെയ്തതെന്നും അന്‍വര്‍ കുറ്റപ്പെടുത്തിയിരുന്നു.