Thu. Nov 14th, 2024

 

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടു നല്‍കരുതെന്നാവശ്യപ്പെട്ട് ലോറന്‍സിന്റെ മകള്‍ ആശ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

കളമശ്ശേരി മെഡിക്കല്‍ കോളജ് ഓഫിസര്‍ വിഷയം തീര്‍പ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. തീരുമാനമെടുക്കേണ്ടത് ഓതറൈസേഷന്‍ ഓഫിസറാണ്. കേരള അനാട്ടമി ആക്ട് പ്രകാരം വിഷയത്തില്‍ നിയമവശങ്ങള്‍ പരിശോധിച്ച് മറ്റു നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വിധി അംഗീകരിക്കുന്നതായി സിപിഎം പ്രതികരിച്ചു. നിലവില്‍ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം നടന്നുകൊണ്ടിരിക്കുകയാണ്.

വൈദ്യപഠനത്തിനായി മൃതദേഹം വിട്ടുകൊടുക്കാന്‍ താല്‍പര്യമില്ലെന്നും അക്കാര്യത്തില്‍ എല്ലാ മക്കളുടെയും അഭിപ്രായം ആരാഞ്ഞ ശേഷം വേണമായിരുന്നു തീരുമാനമെടുക്കാനെന്നും ആശ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് ആശ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിപ്പും പങ്കുവച്ചിരുന്നു.

ലോറന്‍സിന്റെ അവസാന യാത്രയയപ്പും ചതിയിലൂടെയാണെന്നും ലോറന്‍സിനേക്കാള്‍ വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ക്രിസ്തീയ ആചാരങ്ങളോടെയായിരുന്നു എന്നും ആശ ലോറന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ പിതാവിന്റെ ആഗ്രഹപ്രകാരമാണ് മെഡിക്കല്‍ കോളജിന് മൃതദേഹം കൈമാറാന്‍ തീരുമാനിച്ചതെന്ന് മകന്‍ സജീവ് വ്യക്തമാക്കി. സഹോദരിക്ക് വേണ്ടി ഹാജരായത് സംഘ്പരിവാര്‍ ബന്ധമുള്ള അഭിഭാഷകനാണ്. സിപിഎമ്മിനേയും പാര്‍ട്ടി നേതാക്കളെയും പൊതുജന മധ്യത്തില്‍ അവഹേളിക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്നും സജീവ് പറഞ്ഞു.