Sat. Jan 18th, 2025

 

ടെഹ്‌റാന്‍: എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിലെ (ഐആര്‍ജിസി) മുഴുവന്‍ അംഗങ്ങളും ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ഉത്തരവിട്ട് ഇറാന്‍. ലെബനാനില്‍ ഹിസ്ബുള്ള ഉപയോഗിച്ച ആയിരക്കണക്കിന് പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്നാണ് ഉത്തരവ്.

ഇക്കാര്യം മുതിര്‍ന്ന ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് പുറത്തുവിട്ടത്. ആശയവിനിമയ ഉപകരണങ്ങള്‍ മാത്രമല്ല എല്ലാ ഉപകരണങ്ങളും പരിശോധിക്കാന്‍ വലിയ തോതിലുള്ള ശ്രമം നടക്കുന്നുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു. ഈ ഉപകരണങ്ങളില്‍ ഭൂരിഭാഗവും ആഭ്യന്തരമായി നിര്‍മിച്ചതോ ചൈനയില്‍നിന്നും റഷ്യയില്‍നിന്നും ഇറക്കുമതി ചെയ്തതോ ആണ്.

ഇറാനികള്‍ ഉള്‍പ്പെടെയുള്ള ഇസ്രായേലി ഏജന്റുമാരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ഇറാന്‍ നേരത്തെത്തന്നെ ആശങ്കാകുലരായിരുന്നു. ഐആര്‍ജിസിയിലെ ഇടത്തരവും ഉയര്‍ന്നതുമായ റാങ്കിലുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് സമഗ്രമായ അന്വേഷണം ഇതിനകം ആരംഭിച്ചതായും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. ഇതില്‍ ഇറാനിലും വിദേശത്തുമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളുടെയും അവരുടെ യാത്രകളുടെയും കുടുംബങ്ങളുടെയും സൂക്ഷ്മപരിശോധനയും ഉള്‍പ്പെടുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ പേജര്‍ ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചത്. ബുധനാഴ്ച നൂറുകണക്കിന് വാക്കി ടോക്കികളും പൊട്ടിത്തെറിച്ചു. ആക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെടുകയും 3000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ ഇസ്രായേലാണെന്ന് ലെബനാനും ഹിസ്ബുള്ളയും പറയുന്നു.

അതേസമയം, 190,000 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഐആര്‍ജിസി സേന എങ്ങനെ ആശയവിനിമയം നടത്തും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിസമ്മതിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ മെസേജിംഗ് സിസ്റ്റങ്ങളില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇറാന്റെ ഭരണ സ്ഥാപനങ്ങള്‍ക്കിടയില്‍ വ്യാപകമായ ആശങ്കയുണ്ടെന്നാണ് സൂചന. സാങ്കേതിക വിലയിരുത്തലുകള്‍ക്കായി ഐആര്‍ജിസി ഉദ്യോഗസ്ഥര്‍ ഹിസ്ബുള്ളയെ സമീപിച്ചിട്ടുണ്ട്. കൂടാതെ പൊട്ടിത്തെറിച്ച ഉപകരണങ്ങളുടെ നിരവധി അവശിഷ്ടങ്ങള്‍ ഇറാനിയന്‍ വിദഗ്ധരുടെ പരിശോധനക്കായി ടെഹ്റാനിലേക്ക് അയച്ചിട്ടുണ്ട്.

ഇറാന്റെ പ്രധാന ആശങ്ക രാജ്യത്തിന്റെ ആണവ- മിസൈല്‍ സൗകര്യങ്ങളുടെ പ്രത്യേകിച്ച് ഭൂഗര്‍ഭ കേന്ദ്രങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടാണെന്ന് മറ്റൊരു ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍, ആ സൈറ്റുകളിലെ സുരക്ഷാ നടപടികള്‍ ഗണ്യമായി വര്‍ധിച്ചതായും 2023 ല്‍ ഇറാന്റെ മിസൈല്‍ പദ്ധതി അട്ടിമറിക്കാനുള്ള ഇസ്രായേലിന്റെ ശ്രമം ഇറാന്‍ അധികാരികള്‍ അറിഞ്ഞതിനുശേഷം നടപടികള്‍ ശക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.