Mon. Sep 23rd, 2024

 

ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രാലയത്തിന്റെ ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസ് നെറ്റ്ഫ്ളിക്സിനെതിരെ അന്വേഷണം നടത്തുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. നെറ്റ്ഫ്ളിക്സിന്റെ മുന്‍ എക്സിക്യൂട്ടീവിന് സര്‍ക്കാര്‍ അയച്ച ഇ-മെയിലിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്. വിസ ലംഘനവും വംശീയ വിവേചനവും ആരോപിച്ചാണ് അന്വേഷണം.

നെറ്റ്ഫ്ളിക്സിന്റെ മുന്‍ ബിസിനസ് ആന്റ് ലീഗല്‍ അഫയേഴ്സ് ഡയറക്ടര്‍ നന്ദിനി മേത്തയ്ക്ക് ആഭ്യന്തര മന്ത്രാലയത്തിലെ എഫ്ആര്‍ആര്‍ഒ ദീപക് യാദവ് മെയില്‍ അയച്ചിരുന്നു. പ്രസ്തുത മെയിലില്‍ വിഷയത്തെ കുറിച്ച് വിശദമായി പറയുന്നുണ്ട്. 2020ലാണ് നന്ദിനി മേത്ത കമ്പനി വിട്ടത്.

നെറ്റ്ഫ്ളിക്സ് ഇന്ത്യയില്‍ നടത്തുന്ന ബിസിനസില്‍ വിസാ ചട്ടം, നികുതി എന്നിവ ലംഘിക്കുന്നതിലുള്ള ആശങ്കകളെ കുറിച്ചാണ് മെയിലില്‍ സൂചിപ്പിച്ചിരുന്നതെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ഇന്ത്യയില്‍ പ്രഖ്യാപിത കമ്പനിയുടെ പെരുമാറ്റം, വിസാ ലംഘനം, നിയമവിരുദ്ധ ഘടനകള്‍, നികുതി വെട്ടിപ്പ്, കമ്പനി ഏര്‍പ്പെട്ടിരുന്ന വംശീയ വിവേചനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്, ഇ-മെയിലില്‍ പറയുന്നു.

നെറ്റ്ഫ്ളിക്സിനെതിരെ അനധികൃതമായി പിരിച്ചുവിട്ടതിനും വംശീയ വിവേചനത്തിനും യുഎസില്‍ കേസ് നടത്തുകയാണെന്നും നന്ദിനി മേത്ത പറഞ്ഞിരുന്നു. എന്നാല്‍ മേത്തയുടെ പ്രസ്താവനയെ നെറ്റ്ഫ്ളിക്സ് നിഷേധിക്കുകയായിരുന്നു.

കൂടാതെ ഇന്ത്യന്‍ അന്വേഷണത്തെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും നെറ്റ്ഫ്ളിക്സിനെതിരായുള്ള കണ്ടെത്തലുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്ത് വിടുമെന്ന് കരുതുന്നെന്നും മേത്ത പറഞ്ഞു. നിലവില്‍ നെറ്റ്ഫ്ളിക്സിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മേത്ത പ്രതികരിച്ചിട്ടില്ലെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഈ വിഷയത്തില്‍ ദീപക് യാദവും ആഭ്യന്തര മന്ത്രാലയ ഓഫീസും പ്രതികരിച്ചിട്ടില്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തെ കുറിച്ച് കമ്പനിക്കറിയില്ലെന്നാണ് നെറ്റ്ഫ്ളിക്സ് വക്താവിന്റെ പ്രതികരണം.