Mon. Nov 25th, 2024

 

ടെഹ്‌റാന്‍: ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം ആസൂത്രിതമായ നടപ്പാക്കിയതാണെന്ന് സംശയിക്കുന്നതായി ഇറാനിലെ പാര്‍ലമെന്റ് അംഗം അഹമ്മദ് ബഖ്ഷയെഷ് ആര്‍ദേസ്താനി.

ഹിസ്ബുള്ളയ്ക്കെതിരേ ഇസ്രായേല്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പേജര്‍, വാക്കി ടോക്കി സ്ഫോടനങ്ങള്‍ നടന്ന് ഒരാഴ്ചയ്ക്കിടെയാണ് അഹമ്മദ് ബഖ്ഷയെഷ് ആര്‍ദേസ്താനിയുടെ പരാമര്‍ശമുണ്ടായിരിക്കുന്നത്.

ഇബ്രാഹിം റൈസിയും പേജര്‍ ഉപയോഗിച്ചിരുന്നു എന്നും റൈസി ഉപയോഗിച്ചിരുന്ന പേജര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിനിടയാക്കിയതെന്നുമാണ് അഹമ്മദ് ബഖ്ഷയെഷ് ആര്‍ദേസ്താനി ആരോപിക്കുന്നത്.

‘റൈസി ഒരു പേജര്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, അത് ഇപ്പോള്‍ വ്യാപകമായി പൊട്ടിത്തെറിക്കപ്പെട്ട പേജറുകളില്‍നിന്ന് വ്യത്യസ്തമായ തരത്തില്‍പ്പെട്ടതാകാം. എന്നാല്‍, ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതിനു പിന്നില്‍ പേജര്‍ സ്ഫോടനം ആകാനുള്ള സാധ്യത വളരെയേറെയാണ്.’, അദ്ദേഹം പറഞ്ഞു.

ഇറാന്‍ സൈന്യത്തിന്റെ കൂടി അറിവോടെയാണ് ഹിസ്ബുള്ളയ്ക്കുവേണ്ടി പേജറുകള്‍ വാങ്ങിയത്. അതുകൊണ്ടുതന്നെ ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും അഹമ്മദ് ബഖ്ഷയെഷ പറഞ്ഞു.

ഇബ്രാഹിം റെയ്സി പേജര്‍ ഉപയോഗിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന ചില ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനേത്തുടര്‍ന്നാണ് അദ്ദേഹം മരിക്കാനിടയായ ഹെലികോപ്റ്റര്‍ അപകടത്തിന് പേജര്‍ സ്ഫോടനം കാരണമായിട്ടുണ്ടാകാമെന്ന അഭ്യൂഹവും ഉയര്‍ന്നത്.

2024 മേയ് 20നാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റായിരുന്ന ഇബ്രാഹിം റൈസി കൊല്ലപ്പെട്ടത്. അസര്‍ബയ്ജാനുമായി ചേര്‍ന്ന അതിര്‍ത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകള്‍ ഉദ്ഘാടനം ചെയ്തശേഷം വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്ക് മടങ്ങുകയായിരുന്നു റൈസി.

അദ്ദേഹം സഞ്ചരിച്ച ഹെലികോപ്റ്റര്‍ കിഴക്കന്‍ അസര്‍ബയ്ജാനിലെ ജോഫയില്‍ തകര്‍ന്നുവീഴുകയായിരുന്നു. വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുള്ളാഹിയാനും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. പ്രതികൂല കാലാവസ്ഥമൂലം മലയിടുക്കില്‍ തട്ടിയതാകാം അപകടകാരണമെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോര്‍ട്ട്.

അതേസമയം, ഇറാനിലെ സായുധ സംഘമായ ഹിസ്ബുള്ളയ്ക്കെതിരേ ഇസ്രായേല്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പേജര്‍, വാക്കി ടോക്കി സ്ഫോടനങ്ങളില്‍ 39 പേര്‍ കൊല്ലപ്പെടുകയും 3000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.