Mon. Dec 23rd, 2024

 

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ തിരിച്ചുവരവിനായി കസേര ഒഴിച്ചിട്ട് അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു. കെജ്രിവാള്‍ ഇരുന്ന കസേര ഒഴിച്ചിട്ട് മറ്റൊരു കസേരയിലാണ് അതിഷി ഇരുന്നത്. ഇന്ന് രാവിലെയാണ് അതിഷി ഓഫീസിലെത്തി അധികാരമേറ്റത്.

കെജ്രിവാള്‍ മടങ്ങിവരുന്നത് വരെ കസേര ഒഴിഞ്ഞു കിടക്കുമെന്ന് അതിഷി പറഞ്ഞു. കെജ്രിവാളിനെ ശ്രീരാമനുമായി താരതമ്യം ചെയ്താണ് അതിഷി സംസാരിച്ചത്. ശ്രീരാമന്‍ വനവാസത്തിന് പോയപ്പോള്‍ ഭരതന്‍ അയോധ്യ ഭരിച്ചതുപോലെയാണ് താന്‍ സ്ഥാനമേല്‍ക്കുന്നത്. നാല് മാസത്തിന് ശേഷം കെജ്രിവാള്‍ തിരിച്ചുവരുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം തിരികെ നല്‍കുമെന്നും അവര്‍ പറഞ്ഞു.

”ഈ കസേര അരവിന്ദ് കെജ്രിവാളിന്റെതാണ്. നാലുമാസത്തിന് ശേഷം ഡല്‍ഹിയിലെ ജനങ്ങള്‍ അദ്ദേഹത്തെ അധികാരത്തില്‍ തിരിച്ചെത്തിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ശ്രീരാമന്‍ വനവാസത്തിന് പോയപ്പോള്‍ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ രാജ്യം ഭരിക്കേണ്ടി വന്ന ഭരതന്റെ അതേ മാനസികാവസ്ഥയാണ് എനിക്കും.?”, അതിഷി പറഞ്ഞു.

ഡല്‍ഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയാണ് അതിഷി. വിദ്യാഭ്യാസം, റവന്യൂ, ധനകാര്യം, ഊര്‍ജം, പൊതുമരാമത്ത് അടക്കം 13 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുക. മുഖ്യമന്ത്രി പദവിയൊഴിഞ്ഞ് പാര്‍ട്ടിയെ തിരഞ്ഞെടുപ്പിന് ഒരുക്കാനാണ് കെജ്രിവാള്‍ ഉദ്ദേശിക്കുന്നത്.