Fri. Dec 27th, 2024

 

തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അഭിമാനം പണയം വെച്ച് സിപിഐ എന്തിന് എല്‍ഡിഎഫില്‍ ശ്വാസം മുട്ടി നില്‍ക്കണമെന്ന് സുധാകരന്‍ ചോദിച്ചു. തിരുത്താന്‍ തയ്യാറെങ്കില്‍ സിപിഐയെ യുഡിഎഫില്‍ സ്വീകരിക്കും. അന്‍വര്‍ പഴയ നിലപാട് തിരുത്തി വരട്ടെ. അപ്പോള്‍ കോണ്‍ഗ്രസില്‍ എടുക്കുന്നത് പരിഗണിക്കാമെന്നും സുധാകരന്‍ പറഞ്ഞു.

‘മുഖ്യമന്ത്രിക്ക് ഇരട്ട മുഖമാണുള്ളത്. ഒന്ന് ഭരണപക്ഷത്തിന്റേത് മറ്റൊന്ന് പ്രതിപക്ഷത്തിന്റേത്. പിവി അന്‍വര്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നു. അന്‍വറിനെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ എന്തിന് നിലനിര്‍ത്തുന്നതെന്ന് സുധാകരന്‍ ചോദിച്ചു. പുറത്തക്കിയാല്‍ പലതും പുറത്ത് വരുമെന്ന ഭയമാണുള്ളതെന്നും’ സുധാകരന്‍ ആരോപിച്ചു.

ഇതിനിടെ, പിവി അന്‍വറെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ് നിലമ്പൂര്‍ നേതൃത്വം രംഗത്തെത്തിയിരുന്നു. ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇക്ബാല്‍ മുണ്ടേരി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അന്‍വര്‍ പറയുന്ന പല കാര്യങ്ങളും സത്യമാണെന്നും നാടിന്റെ നന്മക്കായി ഒന്നിച്ച് പോരാടാമെന്നും ഇക്ബാല്‍ മുണ്ടേരി പോസ്റ്റില്‍ വ്യക്തമാക്കുന്നു. അന്‍വറിനെ സ്വാഗതം ചെയ്തുള്ള പോസ്റ്റ് വാര്‍ത്തയായതിന് പിന്നാലെ ഇക്ബാല്‍ മുണ്ടേരി പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.