ഗാസ സിറ്റി: ഗാസയിലെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ 22 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അഭയാര്‍ഥികള്‍ താമസിക്കുന്ന ഗാസ സിറ്റിയിലെ സൈത്തൂന്‍ സ്‌കൂളിന് നേരെയായിരുന്നു ആക്രമണം. 13 കുട്ടികളും ആറ് സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ഒമ്പത് കുട്ടികളടക്കം 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അതേസമയം, ഹമാസിന്റെ കമാന്‍ഡ് സെന്റര്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. സ്‌കൂള്‍ സൈനിക ആവശ്യങ്ങള്‍ക്കായാണ് ഹമാസ് ഉപയോഗിച്ചിരുന്നത് എന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നത്.
ഗാസയില്‍ ഇതുവരെ 41,391 പേരാണ് ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 95,760 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ദക്ഷിണ ലബനാന്റെ വിവിധ ഭാഗങ്ങളിലും ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണം നടത്തി. ഇന്നലെ വൈകീട്ടും അര്‍ധരാത്രിയുമാണ് ആക്രമണം നടത്തിയത്. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ബൈറൂത്തില്‍ കഴിഞ്ഞ ദിവസം 37 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേലിന്റെ പുതിയ നീക്കം.
ഹിസ്ബുള്ളയുടെ ഭാഗത്തു നിന്നുള്ള തിരിച്ചടി മുന്നില്‍ കണ്ടാണ് ദക്ഷിണ ലബനാന് നേര്‍ക്ക് ആക്രമണം കടുപ്പിച്ചതെന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെയ്‌റൂത്തിനു നേരെ ഇസ്രായേല്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ രണ്ട് ഉന്നത കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ട കാര്യം ഹിസ്ബുല്ല സ്ഥിരീകരിച്ചു.
ഇബ്രാഹിം ആഖില്‍, അഹമ്മദ് മഹമൂദ് വഹാബി എന്നിവരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ റദ്‌വാന്‍ സേനയുടെ മുതിര്‍ന്ന കമാന്‍ഡറാണ് വഹാബി. ഹിസ്ബുള്ളയുടെ ഏറ്റവും ഉയര്‍ന്ന സൈനിക വിഭാഗമായ ജിഹാദ് കൗണ്‍സില്‍ അംഗമാണ് ഇബ്രാഹീം ആഖില്‍.