Tue. Oct 8th, 2024

 

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കലില്‍ അന്വേഷണം നടത്തിയത് ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രഹസനമായ അന്വേഷണമാണ് ഇതുസംബന്ധിച്ച് നടത്തിയത്. അതിനാല്‍ റിപ്പോര്‍ട്ടിനും പ്രസക്തിയില്ല. പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പൂരം കലക്കലില്‍ ഒരു അന്വേഷണവും നടന്നിട്ടില്ല. ഇന്നലെ തട്ടികൂട്ടിയ റിപ്പോര്‍ട്ടാണിത്. മുഖ്യമന്ത്രിയുടേയും എഡിജിപിയുടെയും അറിവോടെയാണ് ഇക്കാര്യത്തില്‍ ഗൂഢാലോചന നടത്തിയത്. ബിജെപിയെ ജയിപ്പിക്കുകയായിരുന്നു പൂരം കലക്കലിലൂടെ സിപിഎം ലക്ഷ്യമിട്ടതെന്നും വിഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ഇപ്പോള്‍ പാര്‍ട്ടിയില്‍ പടയൊരുക്കം നടക്കുകയാണ്. പാര്‍ട്ടിക്ക് പുറത്തുള്ള എംഎല്‍എയെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ പടനീക്കം നടത്തുകയാണ് ചെയ്യുന്നത്. തൃശ്ശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട വിവാദത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം എഡിജിപി സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച പ്രതികരണങ്ങള്‍ ശക്തമാവുന്നത്.

തൃശ്ശൂര്‍ പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് എഡിജിപിയുടെ റിപ്പോര്‍ട്ട്. ബോധപൂര്‍വമായ ഗൂഢാലോചനയോ അട്ടിമറിയോ ഉണ്ടായിട്ടില്ല. അന്നത്തെ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകിനെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ടാണ് റിപ്പോര്‍ട്ട്.

പൂരം ഏകോപനത്തില്‍ കമ്മീഷണര്‍ക്ക് വീഴ്ച പറ്റി. പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ അനുനയിപ്പിക്കുന്നതിലും വീഴ്ച പറ്റി. അങ്കിത് അശോകിന്റെ പരിചയക്കുറവാണ് വീഴ്ചക്ക് കാരണമെന്നും എഡിജിപി എംആര്‍ അജിത്കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.