Wed. Jan 22nd, 2025

 

ഷിരൂര്‍: അര്‍ജുനുള്‍പ്പെടെ മൂന്ന് പേര്‍ക്കായുളള തിരച്ചിലില്‍ നടക്കുന്ന ഷിരൂരില്‍ നിന്ന് മടങ്ങുന്നുവെന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ. പൊലീസ് താന്‍ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും അതിനാല്‍ മടങ്ങുകയാണെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു.

‘അധികം ഹീറോ ആകേണ്ടെന്ന് പൊലീസ് പറഞ്ഞു. ഞാന്‍ ഹീറോ ആകാനല്ല വന്നത്. ഞാന്‍ ജോലി ചെയ്യാനാണ് വന്നത്. ഞാനായി തന്നെ തിരിച്ചുവന്നു. ഞാന്‍ സൗജന്യമായി ചെയ്ത ജോലി ചെയ്യുകയായിരുന്നു. ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാല്‍ മാത്രമേ വരൂവെന്നും ഈശ്വര്‍ മാല്‍പെ’ വ്യക്തമാക്കി.

ഞായറാഴ്ചയും നദിയിലിറങ്ങിയ മാല്‍പെ അര്‍ജുന്റെ ലോറിയിലെ മരങ്ങളുള്‍പ്പെടെ കണ്ടെത്തിയിരുന്നു. മറ്റൊരു ലോറിയുടെ ഭാഗവും സ്‌കൂട്ടറും നദിക്കടിയില്‍ നിന്നും കണ്ടെടുത്തു. എന്നാല്‍ ജില്ല ഭരകൂടവും പൊലീസും സഹകരിക്കുന്നില്ലെന്നാണ് ഈശ്വര്‍ മാല്‍പെ പറയുന്നത്.

വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചതാണ് ജില്ല ഭരണകൂടത്തെ ചൊടിപ്പിച്ചത്. അര്‍ജുന്റെ കുടുംബത്തിന് വാക്ക് നല്‍കിയിരുന്നു. പക്ഷേ മടങ്ങുകയാണ്. അധികൃതരോട് വഴക്ക് കൂടി നില്‍ക്കാന്‍ വയ്യ. അര്‍ജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു. വഴക്ക് കൂടി ദൗത്യം നിര്‍വഹിക്കാന്‍ ആകില്ലെന്നും ഈശ്വര്‍ മാല്‍പെ വ്യക്തമാക്കി.

ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലാണ് രണ്ട് ദിവസവും തിരച്ചില്‍ നടന്നത്. എട്ടുതവണയിലേറെ മുങ്ങിയ മാല്‍പെ ആദ്യം ടയറുകളും പിന്നീട് ലോറിയുടെ ഭാഗങ്ങളും കണ്ടെത്തി. ഇവ ഡ്രെഡ്ജറിലെ ക്രെയിനുപയോഗിച്ച് ഉയര്‍ത്തി പുറത്തെടുത്തു. സ്റ്റിയറിങ്ങും ക്ലച്ചും രണ്ടു ടയറിന്റെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്. നാവികസേന നിര്‍ദേശിച്ച മൂന്നു പ്രധാന പോയിന്റുകളിലാണ് തിരച്ചില്‍ നടത്തിയത്.

കാര്‍വാറില്‍നിന്നെത്തിച്ച ഡ്രെഡ്ജര്‍ ഉപയോഗിച്ചാണ് തിരച്ചില്‍. മാല്‍പെ മുങ്ങിനടത്തിയ തിരച്ചിലിന്റെ വീഡിയോകള്‍ അദ്ദേഹംതന്നെ ചിത്രീകരിക്കുകയും അത് അര്‍ജുന്റെ ബന്ധുക്കളെയും ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെയും കാണിക്കുകയും ചെയ്തു. അര്‍ജുന്റെ സഹോദരി അഞ്ജുവും ഭര്‍ത്താവ് ജിതിനും ലോറി ഉടമ മനാഫും സ്ഥലത്തുണ്ട്.