Tue. Oct 8th, 2024

 

ചെന്നൈ: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയെ വിമര്‍ശിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവും സ്ഥാപകനുമായ കമല്‍ഹാസന്‍. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ അപകടകരവും ഏകാധിപത്യത്തിലേക്കുള്ള വഴിയുമാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി രാജ്യത്തിന് അപകടകരമാവുമെന്ന് അത് നടപ്പാക്കിയ പലരാജ്യങ്ങളില്‍ നിന്നും നമുക്ക് മനസിലാക്കാനാവും. അതിനാല്‍ ഇന്ത്യക്ക് അത് ആവശ്യമില്ല. ഇപ്പോഴെന്നല്ല ഭാവിയിലും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

2014 ലോ 2015 ലോ ഒരേ സമയം തിരഞ്ഞെടുപ്പുകള്‍ നടന്നിരുന്നുവെങ്കില്‍ അത് സമ്പൂര്‍ണ വിനാശത്തിലേക്കും ഒരു നേതാവിന്റെ സ്വേച്ഛാധിപത്യത്തിനും ഇടയാക്കുമായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരെടുത്തു പറയാതെ കമല്‍ഹാസന്‍ ആരോപിച്ചു.

‘അതില്‍ നിന്നും നമ്മള്‍ രക്ഷപ്പെട്ടതാണെന്ന് മനസിലാക്കണം. യഥാര്‍ത്ഥത്തില്‍ കൊറോണയേക്കാള്‍ വലിയ മാരകരോഗത്തില്‍ നിന്നാണ് നമ്മള്‍ രക്ഷപ്പെട്ടതെന്നും’ പാര്‍ട്ടി യോഗത്തില്‍ കമല്‍ഹാസന്‍ പറഞ്ഞു.

രാജ്യത്തെ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനായി ഉടലെടുത്ത ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പി’നെ കുറിച്ച് പഠിക്കാനായി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ ചുതലപ്പെടുത്തുകയും പിന്നാലെ ഈ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്.