തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എക്ക് എതിരായ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയില്‍ തിരുത്തല്‍. അന്‍വറിന്റെ നിലപാടില്‍ പാര്‍ട്ടിക്ക് യോജിക്കാന്‍ കഴിയില്ലെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും അന്‍വര്‍ പിന്തിരിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നായിരുന്നു പാര്‍ട്ടിയുടെ ആദ്യ നിലപാട്.
എന്നാല്‍ അഭ്യര്‍ത്ഥന നിര്‍ദേശമാക്കി സിപിഎം പുതിയ പ്രസ്താവന പുറത്തിറക്കി. ഇത് ചര്‍ച്ചയായതിനു പിന്നാലെ വീണ്ടും അഭ്യര്‍ത്ഥന കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്ന് അന്‍വര്‍ പിന്തിരിയണമെന്ന് സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിക്കുന്നു എന്നാണ് ഒടുവില്‍ തിരുത്തിയ പ്രസ്താവന.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ പിവി അന്‍വര്‍ നടത്തിയ ആരോപണങ്ങള്‍ സര്‍ക്കാരിനെ വലിയ പ്രതിസന്ധിയിലാണ് ആക്കിയത്.
പാര്‍ട്ടി നേതൃത്വവും മുഖ്യമന്ത്രിയുമുള്‍പ്പെടെയുള്ളവര്‍ മറുപടി നല്‍കാന്‍ സാധിക്കാതെ ഉഴലുന്ന സാഹചര്യമുണ്ടായി. ഒടുവില്‍ ഇന്നലെ പി വി അന്‍വറിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയതോടെയാണ് പരസ്യമായി അന്‍വറിനെ എതിര്‍ക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുന്നത്.
തിരുത്തല്‍ വരുത്തിയ പുതിയ പ്രസ്താവനയുടെ പൂര്‍ണരൂപം
നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എംഎല്‍എ എന്ന നിലയിലാണ് നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്. അദ്ദേഹം സിപിഐ (എം) പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമാണ്. ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്.
പരാതിയുടെ കോപ്പി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും പാര്‍ട്ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ടിയുടെ പരിഗണനയിലുമാണ്. വസ്തുതകള്‍ ഇതായിരിക്കെ ഗവണ്‍മെന്റിനും പാര്‍ട്ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയാണ്. പിവി അന്‍വര്‍ എംഎല്‍എയുടെ ഈ നിലപാടിനോട് പാര്‍ട്ടിക്ക് യോജിക്കാന്‍ കഴിയുന്നതല്ല.
പിവി അന്‍വര്‍ എംഎല്‍എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് ഗവണ്‍മെന്റിനേയും പാര്‍ടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിക്കുന്നു.