Mon. Dec 23rd, 2024

 

ബെയ്‌റൂത്ത്: പേജര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ലെബനാനിലെ ഇറാനിയന്‍ അംബാസഡര്‍ മൊജ്തബ അമാനിയുടെ കണ്ണ് നഷ്ടമായതായി റിപ്പോര്‍ട്ട്. മറ്റൊരു കണ്ണിന് ഗുരുതര പരിക്കേറ്റതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്ക് ഗുരുതരമാണെന്ന് ഇറാന്റെ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് വ്യക്തമാക്കി.

അമാനിയെ വിദഗ്ധ ചികിത്സക്കായി ടെഹ്‌റാനിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. സ്‌ഫോടനശേഷം ലബനാനിലെ തെരുവില്‍ അമാനി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വസ്ത്രം രക്തത്തില്‍ പുരണ്ടിരുന്നു. സംഭവത്തില്‍ ഇതുവരെ 12 പേരാണ് കൊല്ലപ്പെട്ടത്. 4000ത്തോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇരുനൂറിലധികം പേരുടെ നില ഗുരുതരമാണ്.

ഇസ്രായേലിന്റെ നിരീക്ഷണത്തില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയായിരുന്നു ഹിസ്ബുല്ല പേജറുകള്‍ ഉപയോഗിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ നേരത്തേ തന്നെ തങ്ങളുടെ അംഗങ്ങള്‍ക്ക് ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍ ഇസ്രായേലി ചാരന്‍മാരേക്കാള്‍ അപകടകാരിയാണെന്ന് ഫെബ്രുവരി 13ന് ഹിസ്ബുല്ല തലവന്‍ ഹസ്സന്‍ നസ്‌റുല്ല നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഫോണ്‍ തകര്‍ക്കുകയോ കുഴിച്ചിടുകയോ ഇരുമ്പ് പെട്ടിയില്‍ പൂട്ടിയിടുകയോ ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

ഇതിന് പകരമായിട്ടാണ് പേജറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. നിരവധി ഹിസ്ബുല്ല പ്രവര്‍ത്തകര്‍ക്കാണ് പൊട്ടിത്തെറിയില്‍ പരിക്കേറ്റത്. അധികപേരുടെയും മുഖത്താണ് പരിക്ക്. പലര്‍ക്കും വിരലുകള്‍ നഷ്ടപ്പെട്ടു.