Wed. Nov 13th, 2024

 

ന്യൂഡല്‍ഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് നേരെ വധഭീഷണിയടക്കം മുഴക്കിയവര്‍ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. രാഹുലിനെ രാജ്യത്തെ നമ്പര്‍ വണ്‍ ഭീകരവാദിയെന്ന് വിളിച്ച ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രവ്‌നീത് സിങ് ബിട്ടു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പരാതി.

മുതിര്‍ന്ന നേതാവ് അജയ് മാക്കനും അഖിലേന്ത്യ മഹിള കോണ്‍ഗ്രസ് അധ്യക്ഷ അല്‍ക ലംബയുമാണ് നടപടി ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്. ബിജെപി നേതാവ് തന്‍വീന്ദര്‍ സിങ് മര്‍വ, ശിവസേന എംഎല്‍എ സഞ്ജയ് ഗെയ്ക്‌വാദ്, ഉത്തര്‍പ്രദേശ് മന്ത്രി രഘുരാജ് സിങ് എന്നിവര്‍ക്കെതിരെയും പരാതികളില്‍ നടപടി ആവശ്യപ്പെടുന്നുണ്ട്. പരാതിയുടെ പകര്‍പ്പ് തിരഞ്ഞെടുപ്പ് കമീഷനും നല്‍കിയിട്ടുണ്ട്.

‘15.09.2024ന് റെയില്‍വേ സഹമന്ത്രി രവ്‌നീത് ബിട്ടു മാധ്യമങ്ങളോട് സംസാരിക്കവെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ രാജ്യത്തെ നമ്പര്‍ വണ്‍ ഭീകരവാദി എന്ന് വിശേഷിപ്പിച്ചു. അക്രമവും സമാധാന ലംഘനവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുജനങ്ങളില്‍ വിദ്വേഷവും രോഷവും ഉണ്ടാക്കാന്‍ ബിട്ടു ബോധപൂര്‍വം പ്രസ്താവന നടത്തുകയായിരുന്നു. ഇത് ടെലിവിഷന്‍ ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു’, അജയ് മാക്കന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

യുപി മന്ത്രിയായ രഘുരാജ് സിങ്ങും ‘രാജ്യത്തെ നമ്പര്‍ വണ്‍ ഭീകരവാദി’ എന്നാണ് രാഹുലിനെ വിശേഷിപ്പിച്ചത്. രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയയാളാണ് പരാതിയില്‍ പരാമര്‍ശിക്കുന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ തര്‍വീന്ദര്‍ സിങ് മര്‍വ.

‘രാഹുല്‍ ഗാന്ധി, നിങ്ങള്‍ നന്നായി പെരുമാറണം, അല്ലാത്തപക്ഷം, വരും കാലങ്ങളില്‍ നിങ്ങളുടെ മുത്തശ്ശിയുടെ അതേവിധി നിങ്ങള്‍ നേരിടേണ്ടിവരും’ എന്നിങ്ങനെയായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. രാഹുലിന്റെ മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധിയുടെ വധം ഓര്‍മപ്പെടുത്തിയായിരുന്നു പ്രസംഗം.

രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു ശിവസേന ഷിണ്ഡെ വിഭാഗം എംഎല്‍എ സഞ്ജയ് ഗെയ്ക്വാദിന്റെ വാഗ്ദാനം. സംവരണ വിഷയത്തിലെ രാഹുലിന്റെ പരാമര്‍ശം ചൂണ്ടിക്കാണിച്ചായിരുന്നു ഗെയ്ക്വാദിന്റെ വിവാദ പ്രഖ്യാപനം.

യുഎസിലെ സിഖ് സമുദായത്തെക്കുറിച്ചുള്ള രാഹുലിന്റെ പരാമര്‍ശമായിരുന്നു കേന്ദ്ര മന്ത്രി ബിട്ടുവിനെ ചൊടിപ്പിച്ചത്. രാഹുല്‍ ഒന്നാന്തരം ഭീകരവാദിയാണെന്നും രാജ്യദ്രോഹികള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുന്നുണ്ടെന്നും ബിട്ടു ആരോപിച്ചു. രാഹുലിനെ പിടികൂടുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.