Fri. Nov 22nd, 2024

 

തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്ക് 4.6 ശതമാനം പ്രവര്‍ത്തന ലാഭമെന്ന് വകുപ്പുതല റിപ്പോര്‍ട്ട്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ടിക്കറ്റ് വരുമാനം മാത്രം അടിസ്ഥാനമാക്കിയ കണക്കാണിത്.

ദക്ഷിണമേഖലയാണ് ലാഭശതമാനത്തില്‍ മുന്നില്‍. 7.6 ശതമാനം (2.67 കോടി രൂപ). മധ്യമേഖല- 2.6 (0.76 കോടി രൂപ), ഉത്തരമേഖല -2.7 (0.63 കോടി രൂപ). 70 യൂണിറ്റുകള്‍ ലാഭത്തിലും 23 യൂണിറ്റുകള്‍ നഷ്ടത്തിലാണ്. 19 യൂണിറ്റുകള്‍ നഷ്ടത്തില്‍നിന്ന് ലാഭത്തിലേക്കെത്തി. ലാഭത്തില്‍ പോയിരുന്ന ചെങ്ങന്നൂര്‍ യൂണിറ്റ് നഷ്ടത്തിലേക്ക് പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രവര്‍ത്തനം മെച്ചപ്പെടുത്തി നഷ്ടം കുറച്ചവയുടെ പട്ടികയില്‍ 18 യൂണിറ്റുകള്‍ ഇടംപിടിച്ചു. കൊടുങ്ങല്ലൂര്‍ യൂണിറ്റ് കഴിഞ്ഞ മാസത്തെക്കാള്‍ പ്രവര്‍ത്തനനഷ്ടം കൂടിയവയുടെ പട്ടികയിലായി. പൂവാര്‍, വെള്ളറട, കാട്ടാക്കട, സിറ്റി, കണിയാപുരം, പത്തനംതിട്ട എന്നീ യൂണിറ്റുകളാണ് പ്രവര്‍ത്തനലാഭം കുറഞ്ഞത്.

ചാലക്കുടി, മാവേലിക്കര, പൊന്നാനി, തൊട്ടില്‍പാലം, ചിറ്റൂര്‍, എറണാകുളം, തിരുവനന്തപുരം സെന്‍ട്രല്‍, കൂത്താട്ടുകളം, വടക്കാഞ്ചേരി, കായംകുളം, കോട്ടയം, ആലപ്പുഴ, കാസര്‍കോട്, വൈക്കം, ചങ്ങനാശ്ശേരി, താമരശ്ശേരി, റാന്നി, മല്ലപ്പള്ളി എന്നീ യൂണിറ്റുകള്‍ നഷ്ടത്തില്‍നിന്ന് ലാഭത്തിലായി.