Wed. Dec 25th, 2024

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആഘോഷ പരിപാടികളില്‍ വാഹനങ്ങളില്‍ നടത്തുന്ന വിദ്യാര്‍ത്ഥികളുടെ അതിരുവിട്ട പ്രകടനങ്ങളിൽ ഇടപെട്ട് ഹൈക്കോടതി.  

കോഴിക്കോട് ഫാറൂഖ് കോളേജിലെയും കണ്ണൂര്‍ കാഞ്ഞിരോട് നെഹ്‌റു കോളേജിലെയും ഓണാഘോഷത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രകടനത്തെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. ഇതില്‍ പോലീസ് മേധാവിയും ഗതാഗത കമ്മീഷണറും നടപടി ഉറപ്പാക്കണമെന്നും ഗതാഗത കമ്മീഷണര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. 

രണ്ട് കോളേജിലെയും അതിരുവിട്ട ഓണാഘോഷത്തില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ വേണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. വാഹന ഉടമക്കും വാഹനമോടിച്ച വ്യക്തിക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് ഉത്തരവ്.

വിദ്യാര്‍ത്ഥികള്‍ നിരത്തിലിറക്കിയ മുഴുവന്‍ വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തണമെന്നും കോടതി നിര്‍ദേശം നല്‍കി. നിരത്തില്‍ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കൈമാറണമെന്നും വാഹനങ്ങള്‍ രൂപമാറ്റം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു.