Tue. Oct 8th, 2024

കോട്ടയം: മൊബൈലിൽ ഫോട്ടോയെടുത്തു നൽകിയില്ലെന്ന് ആരോപിച്ച് സ്കൂള്‍ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദനമേറ്റു. കോട്ടയം അതിരമ്പുഴയിലെ സ്വകാര്യ സ്കൂളിലെ ഒന്നാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും വിദ്യാർത്ഥികളെയാണ് സീനിയര്‍ വിദ്യാർത്ഥികൾ മർദിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.

മൂന്ന് വിദ്യാര്‍ത്ഥികളാണ് മര്‍ദനത്തിന് ഇരയായത്. സ്കൂള്‍ വിട്ടു വീട്ടിലേക്ക് പോകാന്‍ കാത്തുനില്‍ക്കുകയായിരുന്നു വിദ്യാര്‍ത്ഥികളോട് സ്കൂൾ ഗ്രൗണ്ടിന് സമീപത്തുണ്ടായിരുന്ന അഞ്ച് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും തങ്ങളുടെ ഫോട്ടോ മൊബൈലില്‍ എടുത്തു നല്‍കാന്‍ ആവശ്യപ്പെട്ടു. 

എന്നാൽ വിദ്യാര്‍ഥികള്‍ ആവശ്യം നിരസിച്ചതോടെ വടിയും മൊബൈലും ഉപയോഗിച്ച് കൂട്ടത്തിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി. ആക്രമണത്തിൽ മുഖത്തുള്‍പ്പെടെ മര്‍ദനമേറ്റ വിദ്യാര്‍ത്ഥികള്‍ അതിരമ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ചൈല്‍ഡ് ലൈനിലും ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലും പരാതി നല്‍കി.