വത്തിക്കാൻ: ഡൊണാൾഡ് ട്രംപിനേയും കമല ഹാരിസിനേയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ.
യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ രണ്ട് തിന്മകളിൽ ഏറ്റവും ചെറുതിനെ തിരഞ്ഞെടുക്കണമെന്ന് മാർപാപ്പ ജനങ്ങളോട് ആഹ്വാനം ചെയ്തു. രണ്ട് പേരുടെയും നടപടികൾ ജീവനെതിരാണെന്നും മാർപാപ്പ പറഞ്ഞു. ട്രംപിൻ്റെ കുടിയേറ്റ വിരുദ്ധ നയങ്ങളിലും കമല ഹാരിസിൻ്റെ ഗർഭഛിദ്രത്തിനെ അനുകൂലിക്കുന്ന നിലപാടിലുമാണ് ഫ്രാൻസിസ് മാർപാപ്പയുടെ വിമർശനം.
രണ്ട് പേരിൽ ഏതാണ് ഏറ്റവും ചെറിയ തിന്മയെന്ന് തിരഞ്ഞെടുക്കുകയാണ് വേണ്ടത്. കമലയാണോ ട്രംപാണെയെന്ന് തനിക്ക് അറിയില്ല. മനസാക്ഷിയുള്ള എല്ലാവരും ഇത് ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം. കത്തോലിക്ക സഭ പഠിപ്പിച്ചിരിക്കുന്നത് ഗർഭഛിദ്രം നടത്തുമ്പോൾ ഒരു ജീവനെ ഇല്ലാതാക്കുകയാണെന്നാണ്. കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതും ഗൗരവമായ പ്രശ്നമാണ്. നിങ്ങൾക്ക് ഇഷ്ടമുള്ളിടത്തേക്ക് കുടിയേറ്റക്കാരെ നിർദയം മാറ്റാമെന്ന് പറയുന്നത് ദാരുണമായ കാര്യമാണ്. അതിൽ ഒരു തിന്മയുണ്ട്. അമ്മയുടെ ഉദരത്തിൽ തന്നെ ഒരു കുട്ടിയെ കൊല്ലുന്നതും ഇതുപോലെ പാതകമാണെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.