Sat. Jan 25th, 2025

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് സ്മൃതിയോട് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്

പ്രതിസന്ധികളില്‍ മുങ്ങിപ്പൊങ്ങുമ്പോഴാണ് ആം ആദ്മി പാര്‍ട്ടിക്ക് ആശ്വാസമായി അരവിന്ദ് കെജ്രിവാളിന്റെ ജയില്‍ മോചനം. അഞ്ചുമാസം മുന്‍പ് കെജ്രിവാള്‍ ജയിലില്‍പ്പോയപ്പോഴുള്ള പാര്‍ട്ടിയല്ല ഇപ്പോള്‍. പത്തു വര്‍ഷംകൊണ്ട് വളര്‍ന്ന് ദേശീയ പദവിയിലെത്തിയ പാര്‍ട്ടി ഇപ്പോഴും വളരുന്നുണ്ടെങ്കിലും അടിവേരുകള്‍ പലതും ഇളകിത്തുടങ്ങിയിട്ടുണ്ട്. മറ്റു പാര്‍ട്ടികളിലേക്കുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും കൊഴിഞ്ഞുപോക്കിനും ഭരണവിരുദ്ധവികാരത്തിനും ആം ആദ്മി സാക്ഷ്യം വഹിച്ചു.

അതിനിടെയാണ് മുഖ്യമന്ത്രി ജയിലിലായിരിക്കേ തലസ്ഥാനത്ത് ഭരണ പ്രതിസന്ധിയാണെന്ന് കുറ്റപ്പെടുത്തി ബിജെപി രാഷ്ട്രപതിയുടെ ഇടപെടലാവശ്യപ്പെട്ടത്. പരിഗണിക്കാന്‍ നിര്‍ദേശിച്ച് ബിജെപിയുടെ നിവേദനം രാഷ്ട്രപതി കേന്ദ്രത്തിന് കൈമാറി. അപ്പോഴാണ് ജാമ്യംനേടി മുഖ്യമന്ത്രി പുറത്തെത്തിയിരിക്കുന്നത് എന്നത് സര്‍ക്കാരിന് ആശ്വാസമാകുന്നതാണ്.

എന്നാല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സ്മൃതി ഇറാനിയെന്ന തുറുപ്പ്ചീട്ട് ഇറക്കിയിരിക്കുകയാണ് ബിജെപി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടു കൂടി ദേശീയ രാഷ്ട്രീയത്തില്‍ നിന്നും മാധ്യമക്കണ്ണുകളില്‍ നിന്നും പൊടുന്നനെ മറഞ്ഞ മുന്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഡല്‍ഹിയിലെത്തിയിരിക്കുന്നത് രണ്ടു തവണയായി ബിജെപിയ്ക്ക് കൈവിട്ടുപോയ അധികാര കസേര തിരിച്ചുപിടിച്ചു കൊടുക്കാനാണ്.

2019ല്‍ ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ച് അപ്രതീക്ഷിത വിജയം നേടിയ സ്മൃതിയ്ക്ക് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പക്ഷേ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. അതിനു പിന്നാലെ തിരശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞ സ്മൃതി ഇപ്പോള്‍ ഡല്‍ഹിയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയിരിക്കുകയാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് സ്മൃതിയോട് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. മദ്യനയ അഴിമതിക്കേസില്‍ കുടുങ്ങിയ അരവിന്ദ് കെജ്രിവാളിനെതിരേ ശക്തമായ പോര്‍മുഖം തീര്‍ക്കണമെന്ന ലക്ഷ്യത്തോടെയാണ് സ്മൃതിയെ ബിജെപി കളത്തിലിറക്കുന്നത്.

സ്മൃതി ഇറാനി Screengrab, Copyright: PTI

ഈ മാസം ആരംഭിച്ച അംഗത്വ പ്രചാരണത്തിലൂടെ സ്മൃതി ഡല്‍ഹിയില്‍ സജീവമായത്. ഡല്‍ഹിയിലെ ആകെയുള്ള 14 ജില്ലകളില്‍ ഏഴിടത്തും സ്മൃതിയുടെ നേതൃത്വത്തിലാണ് പ്രചാരണം നടക്കുന്നത്. ഇതിനൊപ്പം തന്നെ അഴിമതിക്കെതിരേ പറഞ്ഞ് അധികാരത്തിലെത്തി അഴിമതിക്കേസില്‍ കുടുങ്ങിയ ആം ആദ്മി പാര്‍ട്ടി നേതൃത്വത്തിനെതിരേ ആഞ്ഞടിക്കുന്നുമുണ്ട് സ്മൃതി.

കഴിഞ്ഞ് രണ്ടു തവണയായി ഡല്‍ഹിയില്‍ കനത്ത പരാജയം രുചിച്ച ബിജെപി ഇത്തവണ എന്തു വിലകൊടുത്തും ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തിലാണ്. അതിന് കെജ്രിവാളിനെതിരേ നില്‍ക്കാന്‍ ശക്തമായ ഒരു മുഖം വേണമെന്ന ചിന്തയിലാണ് സ്മൃതിയെ കളത്തിലിറക്കാന്‍ ബിജെപി നേതൃത്വം സ്വീകരിച്ചത്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ കരുത്തായ, സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ സ്മൃതിയിലൂടെ കടന്നുകയറാനാകുമെന്ന പ്രതീക്ഷയാണ് ബിജെപിക്ക്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി സ്മൃതിയെ ഉയര്‍ത്തിക്കാട്ടുമെന്നാണ് സൂചന. കഴിഞ്ഞ തവണ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ മത്സരിച്ച ബിജെപി 70 സീറ്റില്‍ വെറും എട്ടെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്. 62 സീറ്റും ആം ആദ്മി പാര്‍ട്ടി തൂത്തുവാരിയിരുന്നു.

നേതാവിനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പു നേരിടാന്‍ തീരുമാനമായാല്‍ എംപിമാരായ മനോജ് തിവാരി, ബാംസുരി സ്വരാജ്, ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ, പശ്ചിമഡല്‍ഹി മുന്‍ എംപി പര്‍വേഷ് വര്‍മ തുടങ്ങിയ നേതാക്കള്‍ പരിഗണനയിലെത്താനിടയുണ്ട്. അവര്‍ക്കൊപ്പം സ്മൃതി ഇറാനി മുന്‍നിരയില്‍ ശക്തമായ സാന്നിധ്യമാകുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്. മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഈ വിഷയം വരുംദിവസങ്ങളില്‍ ബിജെപിയില്‍ ചര്‍ച്ചയാകാനാണ് സാധ്യത.

2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കിരണ്‍ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി മത്സരിപ്പിച്ചിരുന്നെങ്കിലും ദയനീയമായി പരാജയപ്പെട്ടിരുന്നു. ഏതെങ്കിലും വ്യക്തിക്കുകീഴില്‍ തിരഞ്ഞെടുപ്പു നേരിടുന്നതിനെ എതിര്‍ക്കുന്നവര്‍ ഇക്കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി താരപ്രചാരകരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമൊപ്പവും സ്മൃതി ഇറാനിയും ഉള്‍പ്പെട്ടിട്ടുണ്ട്.

മദ്യനയക്കേസില്‍ ജാമ്യം ലഭിച്ച് തിഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ കെജ്രിവാള്‍ ഇനി തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. ജാമ്യ വ്യവസ്ഥകള്‍ പ്രകാരം മുഖ്യമന്ത്രിയുടെ ചുമതലകള്‍ പൂര്‍ണ സ്വാതന്ത്ര്യത്തോടെ ചെയ്യാന്‍ കഴിയാത്ത കെജ്രിവാള്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇറങ്ങുമ്പോള്‍ ശക്തമായ പോര്‍മുഖം സ്മൃതിയിലൂടെ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി കേന്ദ്ര നേതൃത്വം.

അഞ്ചര മാസത്തിന് ശേഷം കെജ്‌രിവാള്‍ ജയിലിന് പുറത്തെത്തുമ്പോള്‍ മറികടക്കാനുള്ളത് ഒരുപാട് കടമ്പകളാണ്. ഒന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോകാനോ ഫയലുകളില്‍ ഒപ്പുവയ്ക്കാനോ പാടില്ലെന്നതുള്‍പ്പെടെ മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ ചുമതലകള്‍ നിര്‍വഹിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കാത്ത വ്യവസ്ഥകളോടെയാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരിക്കുന്നത്. രണ്ട് ഹരിയാന, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുകളാണ്.

സെക്രട്ടേറിയറ്റിലേക്കോ ഓഫീസിലേക്കോ പോകരുത്, ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി ആവശ്യമില്ലാത്ത ഏതങ്കിലും ഫയലുകളില്‍ ഒപ്പുവെക്കരുത് തുടങ്ങിയ വ്യവസ്ഥകളില്‍ മേലാണ് അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം നല്‍കിയിരിക്കുന്നത്.

എന്നാല്‍ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് മേല്‍ യാതൊരു തരത്തിലുള്ള തടസങ്ങളും ഇല്ല. പ്രചാരണത്തിന് സ്വാതന്ത്ര്യമുണ്ട്. രാജ്യത്തിനകത്ത് യാത്ര ചെയ്യുന്നതിനോ ആളുകളുമായി ഇടപഴകുന്നതിനോ യാതൊരു തടസ്സവുമില്ല. അതിനാല്‍ ഒരു രാഷ്ട്രീയ നേതാവ് എന്ന തന്റെ റോളിനാകും ഇപ്പോള്‍ കെജ്രിവാള്‍ മുന്‍ഗണന നല്‍കുക.

അരവിന്ദ് കെജ്‌രിവാള്‍ Screengrab, Copyright: The Hindu

പാര്‍ട്ടിയുടെ ഇപ്പോഴത്തെ പരിഗണന ‘മിഷന്‍ ഇലക്ഷന്‍’ ആണെന്ന് ഒരു മുതിര്‍ന്ന എഎപി നേതാവ് പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസുമായുള്ള സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 90 മണ്ഡലങ്ങളില്‍ 89 എണ്ണത്തിലും എഎപി സ്ഥാനാര്‍ത്ഥികളെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ഹരിയാനയാണ് പ്രചാരണത്തിന്റെ ആദ്യ വേദി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും മുഖ്യമന്ത്രിയുടെ ഭാര്യ സുനിത കെജ്രിവാളും സംസ്ഥാനത്ത് പ്രചാരണം നടത്തുന്നുണ്ട്. കെജ്രിവാളും ഇവര്‍ക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകള്‍ക്കുള്ള 1000 രൂപ പ്രതിമാസ സഹായം അടക്കമുള്ള വാഗ്ദാനങ്ങള്‍ ആം ആദ്മി മുന്നോട്ട് വെക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

നിലവിലെ എഎപി സര്‍ക്കാരിന്റെ കാലാവധി അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ അവസാനിക്കാന്‍ ഇരിക്കെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പും കെജ്രിവാളിന്റെ പരിഗണനയില്‍ എത്തും. ഡല്‍ഹി കാബിനറ്റ് മീറ്റിങ്, നാഷണല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റി (എന്‍സിസിഎസ്എ) യോഗം, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഉള്‍പ്പെടുത്താന്‍ ഡല്‍ഹി മന്ത്രിമാരുടെ കൗണ്‍സില്‍ പുനസംഘടന എന്നീ മൂന്ന് പ്രധാന കാര്യങ്ങളാണ് കെജ്‌രിവാളിന് തലസഥാന ഭരണവുമായി ബന്ധപ്പെട്ടുള്ളത്.

ഈ വര്‍ഷമാദ്യം സാമൂഹികക്ഷേമ മന്ത്രി രാജ്കുമാര്‍ ആനന്ദ് രാജിവെച്ചതിനെത്തുടര്‍ന്ന് ഏഴംഗ ഡല്‍ഹി മന്ത്രിസഭയിലെ ഒരു കാബിനറ്റ് നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണ്. നേരത്തേ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. മേയ് പത്തിനായിരുന്നു കെജ്‌രിവാള്‍ ജയില്‍ മോചിതനായത്. ജൂണ്‍ രണ്ട് വരെയായിരുന്നു ഇടക്കാല ജാമ്യം.

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 21നായിരുന്നു ഇഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ഇഡിയുടെ കസ്റ്റഡിയിലായിരിക്കെ ജൂണ്‍26ന് സിബിഐ അറസ്റ്റ് ചെയ്ത കെജ്‌രിവാളിന് ഇന്നലെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ദിവസം സുപ്രീംകോടതി അനുവദിച്ച ജാമ്യത്തില്‍ കര്‍ശന വ്യവസ്ഥകളാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോകാനോ ഫയലുകളില്‍ ഒപ്പുവയ്ക്കാനോ പാടില്ലെന്നതുള്‍പ്പെടെ മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ ചുമതലകള്‍ നിര്‍വഹിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കാത്ത വ്യവസ്ഥകളോടെയാണ് ജാമ്യം.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിക്കുന്നതില്‍ ഡിവിഷന്‍ ബെഞ്ചിന് ഏകാഭിപ്രായം ആയിരുന്നെങ്കിലും അറസ്റ്റ് ചെയ്തതില്‍ ഭിന്നാഭിപ്രായമായിരുന്നു. അതിനാലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവര്‍ വ്യത്യസ്ത വിധികള്‍ രേഖപ്പെടുത്തിയത്.

സിബിഐ കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണ് എന്നതായിരുന്ന് അരവിന്ദ് കെജ്‌രിവാളിന്റെ ഏറ്റവും പ്രധാനപ്പെട്ട വാദം. എന്നാല്‍ ഒരു കേസില്‍ അറസ്റ്റ് ചെയ്ത വ്യക്തിയെ സമാന കേസില്‍ മറ്റൊരു ഏജന്‍സി അറസ്റ്റു ചെയ്യുന്നത് നിയമവിരുദ്ധമാണ് എന്ന് പറയാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. സിആര്‍പിസി വകുപ്പ് 41(എ)(3) ഇവിടെ ലംഘിക്കപ്പെട്ടിയിട്ടില്ലെന്നും അതിനാല്‍ അറസ്റ്റ് നിയമവിരുദ്ധമല്ലെന്നും സൂര്യകാന്ത് ഉറപ്പിച്ച് പറഞ്ഞു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് 22 മാസം സിബിഐ കാത്തിരുന്നത് എന്തിനെന്ന് ഭുയാന്‍ ചോദിച്ചു. സിബിഐ എന്നത് രാജ്യത്തെ സുപ്രധാന അന്വേഷണ ഏജന്‍സിയാണ്. അവര്‍ കൂട്ടിലടച്ച തത്തയല്ലെന്ന് തെളിയിക്കേണ്ടതുണ്ട്. സമാനമായ സംഭവത്തില്‍ ഇഡി കേസില്‍ ജാമ്യം ലഭിച്ച ഉടന്‍ കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്യാനുള്ള അടിയന്തരാവസ്ഥ എന്തായിരുന്നെന്ന് വ്യക്തമല്ലെന്നും ഭുയാന്‍ പറഞ്ഞു.

വിചാരണ വൈകുമെന്നതിനാല്‍ ഒരു വ്യക്തിയെ അനന്തമായി ജയിലില്‍ അടയ്ക്കാനാവില്ലെന്നും ഭുയാന്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച വ്യക്തിക്ക് സിബിഐ കേസില്‍ ജാമ്യം അനുവദിക്കാതിരിക്കുന്നത് നീതിയോടുള്ള പരിഹാസമാണെന്നും അദ്ദേഹം കൂട്ടിച്ചെര്‍ത്തു. ജാമ്യം എന്നത് നീതിയും ജയില്‍ അപവാദവുമാണെന്ന് കോടതി ആവര്‍ത്തിച്ചു.

തീഹാര്‍ ജയിലിന് പുറത്ത് വന്‍ സ്വീകരണമൊരുക്കിയാണ് ആം ആദ്മി പ്രവര്‍ത്തകര്‍ കെജ്‌രിവാളിനെ സ്വീകരിക്കാനെത്തിയത്. കരഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ കെജ്‌രിവാളിനെ വരവേറ്റത്.

‘എന്റെ മനോവീര്യം തകര്‍ക്കാന്‍ വേണ്ടിയാണ് അവര്‍ എന്നെ ജയിലിടച്ചത്. പക്ഷെ, എന്റെ മനോവീര്യം എന്നത്തേക്കാളും അധികം വര്‍ദ്ധിച്ചു. ജയിലുകള്‍ക്ക് എന്നെ തളര്‍ത്താനാകില്ല. ജയിലിടച്ചപ്പോള്‍ അവര്‍ കരുതിയത് എക്കാലത്തും എന്നെ അകത്ത് നിര്‍ത്താമെന്നാണ്. എന്നാല്‍ ഞാനിപ്പോള്‍ ജയിലിന് പുറത്ത് വന്നിരിക്കുന്നു. എന്റെ മനോവീര്യവും ധൈര്യവും 100 മടങ്ങ് വര്‍ദ്ധിച്ചിരുന്നു. രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന ദേശ വിരുദ്ധ ശക്തികള്‍ക്കെതിരെ ഞാന്‍ പോരാടും. അവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്’ എന്നാണ് ജയില്‍ നിന്നും പുറത്തിറങ്ങിയതിനു ശേഷം കെജ്രിവാള്‍ പറഞ്ഞത്.

FAQs

ആരാണ് സ്മൃതി ഇറാനി?

ഇന്ത്യൻ രാഷ്ട്രീയക്കാരിയും മുൻ നടിയും ഫാഷൻ മോഡലും ടെലിവിഷൻ നിർമ്മാതാവുമാണ്. 2019 മുതൽ 2024 വരെ വനിതാ-ശിശു വികസന മന്ത്രിയും 2022 മുതൽ 2024 വരെ ന്യൂനപക്ഷ കാര്യ മന്ത്രിയുമായിരുന്നു.

ആരാണ് അരവിന്ദ് കെജരിവാള്‍?

ഇന്ത്യൻ റവന്യൂ സർവീസിലെ മുൻ ഉദ്യോഗസ്ഥനും ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമാണ് അരവിന്ദ്കുമാർ കെജ്രിവാൾ എന്ന അരവിന്ദ് കേജ്രിവാൾ.

എന്താണ് രാഷ്ട്രീയം?

‘രാഷ്ട്രത്തെ സംബന്ധിക്കുന്നത്’ എന്നാണ് രാഷ്ട്രീയം എന്ന വാക്കിന്റെ അർത്ഥം. പക്ഷേ വിപുലമായ അർത്ഥത്തിൽ ഒരു കൂട്ടം ആളുകൾ അവരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന പക്രിയയാണ് രാഷ്ട്രീയം.

Quotes

“രാഷ്ട്രീയം രക്തച്ചൊരിച്ചിലില്ലാത്ത യുദ്ധമാണ്, യുദ്ധം രക്തച്ചൊരിച്ചിലോടുകൂടിയ രാഷ്ട്രീയമാണ്-മാവോ സേതുങ്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.