Thu. Oct 10th, 2024

കോഴിക്കോട്: ഇന്‍ഷുറന്‍സില്ലാത്ത ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റ സംഭവത്തിൽ കെഎസ്ആര്‍ടിസിക്ക് പിഴയിട്ട് കോടതി. എട്ടര ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി കെഎസ്ആര്‍ടിസി അടക്കേണ്ടത്. 

കോഴിക്കോട് പ്രിന്‍സിപ്പല്‍ മോട്ടോര്‍ ആക്‌സിഡന്‍സ് ക്ലെയിംസ് ട്രിബൂണലാണ് വിധി പ്രസ്താവിച്ചത്. 2021 ജനുവരി 19ന് എരഞ്ഞിപ്പാലത്തുവെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം.

അമിത വേഗതയിലും അശ്രദ്ധയിലും എത്തിയ കെ എല്‍ 15 എ 410 നമ്പര്‍ കെഎസ്ആര്‍ടിസി ബസ് പരാതിക്കാരനായ പറമ്പില്‍ ബസാര്‍ വാണിയേരിത്താഴം താഴെ പനക്കല്‍ വീട്ടില്‍ മൊയ്തീന്‍ കോയയുടെ മകന്‍ പി പി റാഹിദ് മൊയ്തീന്‍ അലി (27) സഞ്ചരിച്ച സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അപകടം നടന്ന ദിവസം കെഎസ്ആര്‍ടിസി ബസിന് ഇന്‍ഷൂറന്‍സ് ഇല്ലായിരുന്നുവെന്ന് കോടതി കണ്ടെത്തിയിരുന്നു തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവറും, കെഎസ്ആര്‍ടിസി മാനേജിങ്ങ് ഡയറക്ടറും ചേര്‍ന്ന് പിഴ നല്‍കണമെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ മോട്ടോര്‍ ആക്‌സിഡന്‍സ് ക്ലെയിംസ് ട്രിബൂണല്‍ ജഡ്ജ് കെ.രാജേഷ് ഉത്തരവിട്ടത്.