Thu. Sep 19th, 2024

നീതിന്യായ വ്യവസ്ഥയുടെയും എക്‌സിക്യൂട്ടിവിന്റെയും അധികാരങ്ങള്‍ തമ്മിലെ വേര്‍തിരിവില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച കാട്ടി

പൗരന്മാരില്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. മറ്റൊന്നുമല്ല, രാജ്യത്തെ ഉന്നത എക്സിക്യൂട്ടീവ് പദവിയായ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുന്ന ഒരാള്‍ നീതിന്യായ വ്യവസ്ഥയിലെ ഏറ്റവും ഉയര്‍ന്ന പദവിയിലിരിക്കുന്ന മറ്റൊരാളുടെ വീട്ടിലെ അതിഥിയായത്തിയതാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വീട്ടില്‍ അതിഥിയായെത്തിയത്. ഗണേശപൂജയില്‍ പങ്കെടുക്കാനായാനായാണ് മോദി ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍ എത്തിയത്. സംഭവത്തില്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

നീതിന്യായ വ്യവസ്ഥയുടെയും എക്‌സിക്യൂട്ടിവിന്റെയും അധികാരങ്ങള്‍ തമ്മിലെ വേര്‍തിരിവില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച കാട്ടിയെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് പറഞ്ഞു. ചീഫ് ജസ്റ്റിസിലുണ്ടായിരുന്ന വിശ്വാസം നഷ്ടമായെന്നും ഇന്ദിര ജയ്‌സിങ് വിമര്‍ശിച്ചു.

‘നീതിന്യായ വ്യവസ്ഥയുടെയും എക്‌സിക്യൂട്ടിവിന്റെയും അധികാരങ്ങള്‍ തമ്മിലെ വേര്‍തിരിവില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ചവരുത്തി. ചീഫ് ജസ്റ്റിസിന്റെ സ്വതന്ത്ര നിലപാടുകളിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. ചീഫ് ജസ്റ്റിസിന്റെ നടപടിയെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ അപലപിക്കണം’, ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു.

‘ഇതാണ് റിപ്പബ്ലിക്കിന്റെ അവസ്ഥ’ എന്ന അടിക്കുറിപ്പോടെയാണ് ആര്‍ജെഡി എംപി മനോജ് കുമാര്‍ ഝാ പ്രധാനമന്ത്രിയുടെയും ചീഫ് ജസ്റ്റിസിന്റെയും കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവെച്ചത്.

ജഡ്ജിമാര്‍ക്കുള്ള പെരുമാറ്റച്ചട്ടം ചീഫ് ജസ്റ്റിസിനെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് ചീഫ് ജസ്റ്റിസിന്റെ നടപടിയെ വിമര്‍ശിച്ചത്. മോദിയുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തിയത് ഞെട്ടിപ്പിക്കുന്നതാണെന്നും പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.

‘എക്സിക്യൂട്ടീവില്‍ നിന്ന് പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാര്‍ ഭരണഘടനയുടെ പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും ചുമതലപ്പെടുത്തിയ ഒരു സംവിധാനമാണ് ജുഡീഷ്യറി. ഈ കൂടിക്കാഴ്ച വളരെ മോശമായ സൂചനയാണ് നല്‍കുന്നത്,’ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തുടനീളമായി ആഘോഷങ്ങള്‍ നടക്കുമ്പോള്‍ പ്രധാനമന്ത്രിയെത്തിയത് ചീഫ് ജസ്റ്റിസിന്റെ വസതിയിലാണ്. ഈ കൂടിക്കാഴ്ച പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന് യുബിടി നേതാവ് സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

‘തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന് ജഡ്ജിമാര്‍ പൂച്ചെണ്ടുകളോ അഭിനന്ദന കത്തുകളോ അയയ്ക്കാന്‍ തുടങ്ങിയാല്‍, ഉന്നതപദവിയെ മാനിച്ചുകൊണ്ടുള്ള അഭിനന്ദനം കൂടിയാണെങ്കിലും നീതിന്യായ വ്യവസ്ഥയ്ക്ക് മേല്‍ പൊതുജനത്തിനുള്ള വിശ്വാസത്തിന് ഇളക്കം സംഭവിക്കും,’ എന്ന 1980ലെ ജസ്റ്റിസ് വിഡി തുള്‍സാപൂര്‍ക്കറുടെ നിരീക്ഷണം ഉദ്ധരിച്ച് അഡ്വക്കേറ്റ് സഞ്ജയ് ഘോഷും കൂടിക്കാഴ്ചയില്‍ അതൃപ്തി അറിയിച്ചു.

സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ഡോ. അശോക് ധാവ്ലെ, സിപിഐഎംഎല്‍ അംഗം ക്ലിഫ്ടണ്‍ ഡി. റൊസാരിയോ എന്നിവരും ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശനം ഉന്നയിച്ചു. വിരമിച്ച ശേഷം എപ്പോഴാണ് ഒരു രാജ്യസഭാ എംപിയായി ചീഫ് ജസ്റ്റിസ് വരുന്നതെന്നും അല്ലെങ്കില്‍ ഗവര്‍ണര്‍, നിയമമന്ത്രി സ്ഥാനങ്ങളിലേക്ക് അദ്ദേഹം എത്തുന്നതെന്നും ആലോചിക്കേണ്ടതുണ്ടെന്നാണ് അശോക് ധാവ്ലെ പ്രതികരിച്ചത്.

പരമോന്നത നീതിപീഡമായ സുപ്രീംകോടതിയുടെ മുമ്പില്‍ വലിയ വ്യവഹാരിയായി എത്തുന്നത് അതത് കാലത്തെ സര്‍ക്കാരുകളാണ്. സര്‍ക്കാരുകള്‍ക്കെതിരെ നിഷ്പക്ഷമായി നീതിപീഡത്തിന് നിലപാടെടുത്തേപറ്റൂ. കാരണം അത് നീതിന്യായ വ്യവസ്ഥ പാലിക്കേണ്ട പെരുമാറ്റചട്ടമാണ്. അതുകൊണ്ടുതന്നെ സര്‍ക്കാരും നീതിന്യായ വ്യവസ്ഥയും തമ്മില്‍ വളരെ കൃത്യമായ അകലം പാലിക്കേണ്ടത് പ്രധാനമാണ്. ഈ അതിര്‍വരമ്പാണ് ചീഫ് ജസ്റ്റിസ് ഭേദിച്ചിരിക്കുന്നത്.

”രണ്ടു തരം ജഡ്ജിമാരുണ്ട്. നിയമം അറിയുന്നവരും നിയമ മന്ത്രിയെ അറിയുന്നവരും. വിരമിക്കുന്നതിന് ശേഷം ലഭിക്കുന്ന ജോലികളാണ് വിരമിക്കുന്നതിനു മുമ്പുള്ള വിധികളെ സ്വാധീനിക്കുന്നത്”, അന്തരിച്ച ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി യുപിഎ ഭരണകാലത്ത് പറഞ്ഞുവെച്ച വാക്കുകളാണിവ. സമകാലിക സാഹചര്യത്തില്‍ ബിജപിക്ക് തന്നെ വിനയാകുന്ന വാക്കുകള്‍ ആണിത്. കാരണം, വിരമിച്ചതിന് ശേഷം എന്ത് പദവി ആഗ്രഹിച്ചാണ് ചീഫ് ജസ്റ്റിസ് ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നത് എന്നാണ് ജനം ചോദിക്കുന്നത്.

ഈയൊരൊറ്റ നടപടിയിലൂടെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും പ്രധാനമന്ത്രിയും രാജ്യത്തെ ന്യായാധിപന്മാര്‍ക്ക് നല്‍കുന്ന സൂചനയെന്താണ്? സര്‍ക്കാരിനെതിരായി കോടതികള്‍ക്ക് മുന്നില്‍ വരാനിരിക്കുന്ന കേസുകളെ ഇത് എങ്ങിനെയാണ് ബാധിക്കാന്‍ പോകുന്നത് തുടങ്ങിയ ആശങ്കകളൊക്കെ ജനങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

നിഷ്പക്ഷവും നീതിപൂര്‍വ്വവുമായി പ്രവര്‍ത്തിക്കേണ്ട ഇന്ത്യയിലെ കോടതികള്‍ പലപ്പോഴും അവരുടെ മുന്നിലെത്തുന്ന കേസുകളില്‍ ആത്യന്തികമായി അതാതു കാലത്തെ സര്‍ക്കാരുകള്‍ക്ക് അനുകൂലമായി നടപടി എടുക്കുന്ന ചരിത്രം നമ്മുക്കുണ്ട്. എന്നാല്‍ ഒരു പ്രധാനമന്ത്രി ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ സ്വകാര്യ ചടങ്ങിന് ആഥിതേയത്വം സ്വീകരിക്കുന്ന നടപടി നീതിന്യായ ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്. ചടങ്ങിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രി തന്നെ പൊതുജനത്തിന് ലഭ്യമാക്കി എന്നുള്ളതും ഭീകരമാണ്. ഇതിലൂടെ സര്‍ക്കാരും ജുഡീഷ്യറിയും തമ്മില്‍ വളരെ കൃത്യമായ അകലമുണ്ടെന്ന ജനത്തിന്റെ വിശ്വാസം തകര്‍ക്കപ്പെടുകയാണ്. കൂടെ പരമോന്നത നീതിപീഡത്തിലുള്ള വിശ്വാസതയും.

ഭരണകൂടത്തോട് ചേര്‍ന്നുനിന്ന് നീതിന്യായ പ്രവര്‍ത്തകര്‍ക്ക് ഒടുവില്‍ പദവികള്‍ ലഭിച്ച ചരിത്രവും നമ്മുക്കുണ്ട്. നിയമ വൃത്തങ്ങളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും ഞെട്ടിച്ചുകൊണ്ടായിരുന്നു എന്‍ഡിഎ ഭരണകാലത്ത് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തത്.

രഞ്ജൻ ഗൊഗോയ് Screengrab, Copyright: Scroll

ഒരു ഭരണകൂടം തങ്ങളുടെ അധികാരം ഉപയോഗിച്ച്, വിരമിച്ച ചീഫ് ജസ്റ്റിസിന് രാജ്യസഭയില്‍ അംഗത്വം നല്‍കുന്നത് ആദ്യത്തെ സംഭവം ആയിരുന്നു. റാഫേല്‍ അഴിമതി, അയോദ്ധ്യ കേസ് തുടങ്ങി രാജ്യത്ത് സുപ്രധാനമായ പല കേസുകളിലും വിധി കല്‍പ്പിച്ച ബെഞ്ചില്‍ അംഗമായിരുന്ന ഗൊഗോയ്. മാത്രമല്ല, അദ്ദേഹത്തിന്റെ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായിരുന്ന ഒരു യുവതി ഗൊഗോയ്‌ക്കെതിരെ ലൈംഗികാരോപണ ഉന്നയിക്കുകയും ചെയ്തിരുന്നു.

ബാബരി മസ്ജിദിനകത്ത് രാമ വിഗ്രഹം ഒളിച്ച് കടത്താന്‍ സഹായിച്ച അന്നത്തെ ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് കെകെ നായര്‍ ജനസംഘം ടിക്കറ്റില്‍ മത്സരിച്ച് യുപി നിയമസഭയില്‍ എത്തി. പിന്നീട് 1967ല്‍ ലോക്‌സഭയിലും. അദ്ദേഹത്തിന്റെ ഭാര്യ ശകുന്തളാ നായര്‍ അതിനു മുമ്പേ ലോകസഭയില്‍ എത്തിയിരുന്നു. ബാബരി മസ്ജിദ് വിഷയത്തിലെ ഒടുവിലത്തെ വിധി പറഞ്ഞ ജസ്റ്റിസ് അബ്ദുല്‍ നസീറിന് ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമനം ലഭിച്ചു.

കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ രാജിവെച്ച് ബിജെപിയി ചേര്‍ന്നിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ബംഗാളിലെ താംലുക്ക് ലോക്സഭ മണ്ഡലത്തില്‍ നിന്ന് അഭിജിത് ഗംഗോപാധ്യായ ജനവിധി തേടി എംപിയായി.

നിയമനകുംഭകോണമടക്കം പല അഴിമതി വിഷയങ്ങളിലും സംസ്ഥാന സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട് ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ. വിരമിക്കാന്‍ അഞ്ചുമാസം ബാക്കിയിരിക്കെയാണ് രാജി പ്രഖ്യാപിച്ചത്. സേവനകാലയളവില്‍ത്തന്നെ ഒരു ജഡ്ജി രാജി പ്രഖ്യാപിച്ച് രാഷ്ട്രീയത്തിലേക്ക് വന്ന അപൂര്‍വ പ്രതിഭാസത്തിന് ഇതോടെ നീതിന്യായ വ്യവസ്ഥ സാക്ഷിയായി.

മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് നിന്ന് രാജിവെച്ച് മൂന്ന് മാസത്തിന് ശേഷം ജസ്റ്റിസ് രോഹിത് ആര്യ ബിജെപിയില്‍ ചേര്‍ന്നു. 2020ല്‍ ഒരു പീഡനക്കേസ് പ്രതിക്ക് ജസ്റ്റിസ് രോഹിത് ആര്യ ജാമ്യം അനുവദിച്ചത് വലിയ വിവാദമായിരുന്നു. പീഡനത്തിനിരയായ യുവതിക്ക് രാഖി കെട്ടി നല്‍കണമെന്നാണ് രോഹിത് ആര്യ അന്ന് വിധിച്ചത്.

പീഡനത്തിനിരയായ യുവതിയെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കാം എന്ന വാക്കിന്റെ ഉറപ്പില്‍ ഹൈക്കോടതി പ്രതിക്ക് അന്ന് ജാമ്യം അനുവദിച്ചു. ഇത് രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

2021ല്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റിലായ സ്റ്റാന്‍ഡപ് കൊമേഡിയന്‍മാരായ മുനവര്‍ ഫാറൂഖി, നളിന്‍ യാദവ് എന്നിവര്‍ക്ക് ജാമ്യം നിഷേധിച്ചത് ജസ്റ്റിസ് രോഹിത് ആര്യ ആയിരുന്നു. ഈ ഉത്തരവ് റദ്ദാക്കി പിന്നീട് സുപ്രീം കോടതിയാണ് മുനവര്‍ ഫാറൂഖിക്ക് ജാമ്യം അനുവദിച്ചത്.

മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനില്‍ ഗൗര്‍ വിരമിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള അപ്പല്ലേറ്റ് ട്രൈബ്യൂണല്‍ ചെയര്‍മാനായി നിയമിതനായി.

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവത്തെ കേരള ഗവര്‍ണറായി നിയമിച്ചുകൊണ്ട് 2014 ല്‍ മോദി സര്‍ക്കാര്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. അമിത് ഷാ പ്രതിയായ, തുളസി റാം പ്രജാപതിയുടെ കസ്റ്റഡി കൊലപാതക കേസ് കൈകാര്യം ചെയ്ത ബഞ്ചിന്റെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. 2013 ലാണ് ല്‍ സദാശിവം സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചത്.

രാജ്യത്തെ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുമ്പോള്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഉദാസീനനാകുന്നുവെന്ന് ഇക്കഴിഞ്ഞ വര്‍ഷം വരെ ബിജെപി അനുകൂലികള്‍ വിമര്‍ഷിച്ചിരുന്നതാണ്. മാത്രമല്ല, ഡിവൈ
ചന്ദ്രചൂഡിനെ ‘ആഭ്യന്തര ശത്രുവായും’ ‘വിദേശ ഏജന്റായും’ ജനാധിപത്യത്തിന് ഭീഷണിയായും അവതരിപ്പിക്കുന്ന ട്രോളുകള്‍ ബിജെപി അനുകൂല ഹാന്‍ഡിലുകളില്‍ നിന്നും വന്നിരുന്നു.

അന്ന് ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് 13 പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തെഴുതിയിരുന്നു. ഇതേ വിഷയത്തില്‍ ഇന്ത്യന്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിക്ക് കോണ്‍ഗ്രസ് എംപിയായിരുന്ന വിവേക് തന്‍ഖ പ്രത്യേകം കത്തെഴുതിയിരുന്നു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

ഇന്ത്യയുടെ അന്‍പതാമത് ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് 2022 നവംബര്‍ 10നാണ് ചുമതലയേറ്റത്. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സേഫ്റ്റിവാല്‍വാണെന്ന ഒറ്റ പരാമര്‍ശമാണ് ചന്ദ്രചൂഡിനെ അന്ന് വ്യത്യസ്തനാക്കിയത്. പിതാവും മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായിരുന്ന വൈവി ചന്ദ്രചൂഡിന്റെ പാത പിന്‍തുടര്‍ന്നാണ് നിയമ രംഗത്തേക്ക് ഡിവൈ ചന്ദ്രചൂഡ്
കാല്‍വെക്കുന്നത്.

സ്ത്രീ സ്വാതന്ത്ര്യം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശം, പൗരന്റെ സ്വകാര്യത, ആധാര്‍ നിയമം, വിവാഹേതര ലൈംഗികബന്ധം, ശബരിമല സ്ത്രീ പ്രവേശനം, തോട്ടിപ്പണി നിരോധനം തുടങ്ങി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുറത്തിറക്കിയ സുപ്രധാന വിധികളില്‍ എല്ലാം ചന്ദ്രചൂഡിന്റെ വ്യത്യസ്തമായ പരാമര്‍ശങ്ങളുണ്ടായിരുന്നു. സുപ്രധാന കേസുകളിലെ വിധികളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ചന്ദ്രചൂഡ് എന്നും വാര്‍ത്തകളില്‍ ഇടംനേടി.

സ്ത്രീകളുടെ ആരാധനാവകാശത്തെ ഇല്ലാതാക്കാന്‍ മതങ്ങള്‍ക്ക് കഴിയില്ലെന്ന് ശബരിമലയിലെ സ്ത്രീപ്രവേശന വിധിയിലെ പരാമര്‍ശം, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിയ സുപ്രധാന വിധിയിലും ചന്ദ്രചൂഡിന് പങ്കാളിത്തമുണ്ടായിരുന്നു. സ്വകാര്യത മൗലി കാവകാശമാണെന്ന് വിധിച്ചും വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന വകുപ്പ് റദ്ദാക്കിയും പിതാവായ ചന്ദ്രചൂഡിന്റെ വിധികള്‍ ഡിവൈ ചന്ദ്രചൂഡ് രണ്ടുതവണ തിരുത്തി. 2024 നവംബര്‍ പത്തു വരെയാണ് ചന്ദ്രചൂഡിന്റെ ചീഫ്ജസ്റ്റിസായുള്ള കാലാവധി.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിശദമായ വാദം കേട്ട് കേന്ദ്ര സര്‍ക്കാരിന്റെ നടപടി ശരിവെച്ചായിരുന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിയ വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് പക്ഷേ, സ്വവര്‍ഗ വിവാഹത്തിന് ഭരണഘടനാ സാധുത നല്‍കിയില്ല. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന ഉന്നതാധികാര സമിതി തീരുമാനമെടുക്കണമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിധി.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ക്രിമിനല്‍ നിയമ പരിഷ്‌കാരത്തെ പിന്തുണച്ചും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടി ചട്ടം, തെളിവ് നിയമം എന്നിവയില്‍ ഭേദഗതിയില്‍ കൊണ്ടുവന്നും പേരുമാറ്റിയും നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കാരത്തെ കേന്ദ്ര നീതി ന്യായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന രാജ്യാന്തര സെമിനാറിലാണ് ചീഫ് ജസ്റ്റിസ് പ്രകീര്‍ത്തിച്ചത്. ഇന്ത്യ ശരിയായ ദിശയില്‍ മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണമായാണ് ഈ പരിഷ്‌കാരത്തെ അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

FAQs

എന്താണ് നീതിന്യായ വ്യവസ്ഥ?

ഒരു രാജ്യത്തിന്റെ നിയമം വ്യാഖ്യാനിക്കുന്നതിനും തർക്കങ്ങളിൽ തീർപ്പു കൽപ്പിക്കുന്നതിനും കുറ്റാരോപിതരെ വിചാരണ ചെയ്യുന്നതിനുമുള്ള സംവിധാനമാണ് നീതിന്യായ വ്യവസ്ഥ.

എന്താണ് സുപ്രീംകോടതി?

ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയാണ് സുപ്രീം കോടതി. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം- V, ചാപ്റ്റര്‍ IV എന്നിവയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ടിട്ടുള്ള ഇത് ഇന്ത്യയിലെ ന്യായപീഠത്തിന്റെ പരമോന്നത കോടതിയാണ്. ഭരണഘടനാ തത്ത്വങ്ങൾ, മൗലികാവകാശങ്ങൾ എന്നിവയുടെ കാവൽ മാലാഖയാണിത്.

ആരാണ് ഡിവൈ ചന്ദ്രചൂഡ്?

ഇന്ത്യയുടെ അൻപതാമത് ചീഫ് ജസ്റ്റിസാണ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ്. 2022 നവംബർ 10നാണ് ചുമതലയേറ്റത്. പിതാവും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായിരുന്ന വൈവി ചന്ദ്രചൂഡിന്റെ പാത പിൻതുടർന്നാണ് നിയമരംഗത്തേക്ക് കാൽവെക്കുന്നത്.

Quotes

“ശക്തവും സ്വതന്ത്രവുമായ ജുഡീഷ്യറിയാണ് ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നത്- പ്രശാന്ത് ഭൂഷൺ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.