കേരളം നേരിടാന്‍ പോകുന്ന ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരമായി ആണവനിലയം സ്ഥാപിക്കാനുള്ള ആലോചനയുമായി മുന്നോട്ടുപോവുകയാണ് കെഎസ്ഇബി. കാസര്‍ഗോഡ് ജില്ലയിലെ ചീമേനിയും തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളിയുമാണ് ആണവനിലയം സ്ഥാപിക്കാനുള്ള പരിഗണനയിലുള്ളത്. 220 മെഗാവാട്ടിന്റെ രണ്ട് പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് കെഎസ്ഇബിയുടെ ലക്ഷ്യം. രണ്ട് പദ്ധതിയും ഒരിടത്തയിരിക്കും സ്ഥാപിക്കുക.ചീമേനി എന്ന് പറയുന്ന കുന്നാണ് പൂര്‍ണമായും കവ്വായി എന്ന് പറയുന്ന പുഴയുടെ ആവാഹന പ്രദേശം. ഇവിടുത്തെ തൊണ്ണൂറോളം ചെറിയ കുന്നുകളിലെ ചെറിയ അരുവികള്‍ ചേര്‍ന്നാണ് കവ്വായി പുഴ ഉണ്ടാകുന്നത്.
‘നിലവില്‍ 13,000 കോടി രൂപയുടെ വൈദ്യുതിയാണ് വര്‍ഷംതോറും കേരളം വാങ്ങുന്നത്. 2030ല്‍ ഇത് 25,000 കോടി കവിയും. ജലവൈദ്യുതി പദ്ധതി തുടങ്ങാന്‍ പരിസ്ഥിതി പ്രശ്‌നങ്ങളും കാലതാമസവുമുണ്ട്. സോളര്‍ പദ്ധതിയില്‍ പകല്‍ മാത്രമേ വൈദ്യുതി ലഭിക്കൂ. കാറ്റില്‍ നിന്നുള്ള പദ്ധതിയും ഫലപ്രദമല്ല. ആണവ പദ്ധതിയാണ് ഏക വഴി. കേന്ദ്ര സബ്‌സിഡിയും ലഭിക്കും. അഞ്ചു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനുമായുള്ള പ്രാഥമിക ചര്‍ച്ചയില്‍ മനസ്സിലായത്.’, കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ പറഞ്ഞത് ഇങ്ങനെയാണ്.
കേരളം പോലെ ജനസന്ദ്രതകൂടിയ പാരിസ്ഥിതികമായി പ്രധാനമുള്ള ചെറിയൊരു സംസ്ഥാനത്ത് ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ആണവനിലയങ്ങള്‍ വേണോ എന്നത് കഴിഞ്ഞ 40 വര്‍ഷത്തോളമായി പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരു ശാസ്ത്രഞ്ജരും ജനങ്ങളും ചോദിക്കുന്നുണ്ട്.
വൈദ്യുതോര്‍ജ്ജ അപര്യാപ്തമാണെന്നും ആണവോര്‍ജ്ജമുപയോഗിച്ചുള്ള വൈദ്യുതി ഉല്‍പ്പാദനമാണ് അതിന് ഒരേയൊരു പരിഹാരമെന്നുമാണ് ഇതിനുള്ള മറുപടിയായി സര്‍ക്കാറുകള്‍ ഏറെക്കാലമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് പലരും പറയുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഇതൊന്നും പരിഗണിച്ചിട്ടെയില്ല.
പരിസ്ഥിതിയ്ക്കും മനുഷ്യനും നാശം വിതയ്ക്കുന്ന പദ്ധതികള്‍ക്കെതിരെ പ്രതിരോധം തീര്‍ത്ത, വിജയിച്ച സമരങ്ങളുടെ പാരമ്പര്യമുള്ള പ്രദേശമാണ് ചീമേനി. ചീമേനി താപനിലയം, പെട്രോക്കെമിക്കല്‍, സിമന്റ് ഫാക്ടറികള്‍, ഐടി പാര്‍ക്ക്, വ്യവസായ പാര്‍ക്ക്, മാലിന്യസംസ്‌കരണ പ്ലാന്റ് തുടങ്ങിയവ ചീമേനിയില്‍ നടക്കാതെ പോയ പദ്ധതികളാണ്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയില്‍ ആവശ്യത്തിന് സ്ഥലമുള്ളതാണ് വലിയ പദ്ധതികള്‍ ആലോചിക്കുമ്പോഴെല്ലാം ചീമേനി നിരന്തരം പരാമര്‍ശിക്കപ്പെടാന്‍ കാരണം.
ചീമേനിയോട് അതിരിടുന്ന കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോം എന്ന സ്ഥലത്ത് 1990ന് മുമ്പേ ആണവനിലയം സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നു. അന്ന് അതിനെതിരേ സമരം തുടങ്ങിയത് ചീമേനിയില്‍നിന്നുകൂടിയാണ്. തെക്കന്‍ കേരളത്തിലെ ഭൂതത്താന്‍കെട്ടില്‍ ആണവനിലയം സ്ഥാപിക്കാനുള്ള ശ്രമം ജനങ്ങളുടെ പ്രതിഷേധത്താല്‍ പരാജയപ്പെട്ടപ്പോള്‍ സംസ്ഥാനത്തിന്റെ വടക്കേയറ്റത്തെ ജില്ലയായ കാസര്‍ഗോഡില്‍ ആണവ ഭാഗ്യം പരീക്ഷിക്കാന്‍ സര്‍ക്കാര്‍ ശക്തമായ ശ്രമങ്ങള്‍ നടത്തി.
അക്കാലത്താണ് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കടുത്ത വൈദ്യുതിക്ഷാമം ഉണ്ടാകുന്നത്. ഈ ഊര്‍ജ പ്രതിസന്ധിയുടെ മറവില്‍, ആണവോര്‍ജ കമ്മീഷനിലെ വമ്പന്‍മാരായ എന്‍പിസിയും കേരള സര്‍ക്കാരും കൂടി ചേര്‍ന്ന് പെരിങ്ങോത്ത് ആണവനിലയം സ്ഥാപിക്കാന്‍ പദ്ധതിയിട്ടു. ആണവനിലയമാണ് പ്രശ്നത്തിനുള്ള ഏക പരിഹാരമെന്ന് വൈദ്യുതി ക്ഷാമം നേരിടുന്ന ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഭരണകക്ഷികളും അവരുടെ ട്രേഡ് യൂണിയനുകളും പ്രചരണം നടത്താന്‍ തുടങ്ങി.
ഇതിനെതിരെ പെരിങ്ങോം ആണവ വിരുദ്ധ ഫോറം എന്ന ഒരു വിശാലമായ പ്ലാറ്റ്‌ഫോം രൂപീകരിക്കപ്പെട്ടു. ആണവ വികിരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അതേസമയം, കുറഞ്ഞ വോള്‍ട്ടേജും വൈദ്യുതി ക്ഷാമവും നേരിടാന്‍ പ്രായോഗികവും യുക്തിസഹവുമായ നിര്‍ദേശങ്ങളും ആണവ വിരുദ്ധ ഫോറം മുന്നോട്ടുവെച്ചു.
തൃശ്ശൂരിലെ 220 കെവി എച്ച്ടി ലൈന്‍ കണ്ണൂരിലേക്കും കാസര്‍ഗോഡിലേക്കും നീട്ടുന്നതിന് മുന്‍ഗണന നല്‍കി വോള്‍ട്ടേജ് പ്രശ്‌നം മറികടക്കാം, പ്രസരണ നഷ്ടം (ഇത് അക്കാലത്ത് ഏകദേശം 21% ആയിരുന്നു), പകുതിയായി കുറച്ചാല്‍, നിര്‍ദ്ദിഷ്ട റിയാക്ടറില്‍ നിന്ന് ലഭ്യമാകുന്നതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ലാഭിക്കാം, ചെറിയ ജലം, സോളാര്‍, കാറ്റ് വൈദ്യുത പദ്ധതികള്‍ കൊണ്ടുവരിക തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ടു വെച്ചത്.
സമരസമിതിയുടെ നേതൃത്വത്തില്‍ നിരവധി മീറ്റിംഗുകളും പ്രകടനങ്ങളും റാലികളും നടന്നു. എഴുത്തുകാരും കലാകാരന്മാരും ശാസ്ത്രജ്ഞരും ഉള്‍പ്പടെയുള്ള പ്രമുഖര്‍ പദ്ധതിയുടെ ഭീകരതയെക്കുറിച്ച് ജനത്തിന് അവബോധം നല്‍കാന്‍ കാമ്പെയ്നുകളില്‍ പങ്കെടുത്തു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പദ്ധതിയ്ക്ക് അനുകൂലമായിരുന്നു. ആണവ വൈദ്യുത പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ സമൃദ്ധമായ വൈദ്യുതി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്നും തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനം ചെയ്തു.
1990 ഏപ്രില്‍ 26 നാണ് പ്രക്ഷോഭം ആരംഭിച്ചത്. പെരിങ്ങോമില്‍ ചെര്‍ണോബില്‍ ദിനം ആചരിച്ചു. 1991 ലെ ഹിരോഷിമ ദിനത്തില്‍ പെരിങ്ങോമിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ആയിരക്കണക്കിന് ആളുകള്‍ പിക്കറ്റ് ചെയ്തു. എന്നിട്ടും പദ്ധതി ഉപേക്ഷിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. 1991 നവംബര്‍ ഒന്നിന് സംസ്ഥാന രൂപീകരണ ദിനത്തില്‍ പെരിങ്ങോമില്‍ നിന്ന് ആരംഭിച്ച് നവംബര്‍ നാലിന് കണ്ണൂരിലെത്തി കണ്ണൂര്‍ കളക്ടറേറ്റിലേക്ക് നൂറുകണക്കിനാളുകള്‍ അണിനിരന്ന മാര്‍ച്ച് നടന്നു.
മാര്‍ച്ചിലേയ്ക്ക് കേരളത്തിന്റെ നാനാഭാഗത്തുനിന്നും ആളുകള്‍ കൂട്ടത്തോടെ എത്തി. ഭാവിതലമുറയുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ ആണവനിലയത്തിനെതിരേ അവസാനശ്വാസംവരെ പോരാടുമെന്ന് കവയിത്രി സുഗതകുമാരി അന്ന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്ലാന്റിനെതിരായ ജനവികാരം എത്രത്തോളം ശക്തമാണെന്ന് ഭരണമുന്നണിക്ക് ഒടുവില്‍ മനസ്സിലായി. തെരഞ്ഞെടുപ്പിലെ വിജയസാധ്യത അപകടത്തിലാകുമെന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍ ഒടുവില്‍ പദ്ധതിയില്‍ നിന്നും പിന്നാക്കം പോയി.
ആഗോളാടിസ്ഥാനത്തില്‍ ആണവ നിലയങ്ങള്‍ അടച്ചു പൂട്ടാനും നിയന്ത്രിക്കാനുമുള്ള തീരുമാനങ്ങളുമായി വികസിത രാജ്യങ്ങള്‍ അടക്കം മുന്നോട്ടുപോകുമ്പോഴാണ ് ഇവിടെ നമ്മുടെ നാട്ടില്‍ ആണവ റിയാക്ടറുകള്‍ പണിതു കൊണ്ടിരിക്കുകയാണ്. അതും വലിയൊരു സമരചരിത്രമുള്ള ഒരു പ്രദേശത്ത് തന്നെ വീണ്ടും ആണവനിലയ പദ്ധതി സ്ഥാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
‘കേരളത്തില്‍ ആണവനിലയം സ്ഥാപിക്കാനുള്ള ശ്രമവും അതിനെതിരായിട്ടുള്ള ജനകീയ പ്രതിരോധവുമൊക്കെ കഴിഞ്ഞ 40 വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്നതാണ്. കോതമംഗലം, ബേഡക, പെരിങ്ങോത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ എല്ലാം ആണവ നിലയത്തിനെതിരെ സമരങ്ങള്‍ നടന്നിട്ടുണ്ട്. പെരിങ്ങോത്ത് രണ്ട് വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന വലിയ സമരം തന്നെ നടന്നിരുന്നു. എംടി വാസുദേവന്‍ നായര്‍, സുഗതകുമാരി തുടങ്ങിയവരൊക്കെ പങ്കെടുത്ത കേരളത്തിലെ വലിയൊരു ജനകീയ സമരം ആയിരുന്നു അത്.
ചതുരശ്ര കിലോമീറ്ററിന് 860 തോളം പേര്‍ താമസിക്കുന്ന തരത്തില്‍ ജനസാന്ദ്രതയുള്ള ഒരു പ്രദേശമാണ് കേരളം. പ്രത്യേകിച്ചും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ കൂടുതല്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ്. ഒരു ആണവ നിലയത്തിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ജനവാസം ഉണ്ടാകാന്‍ പാടില്ലാ എന്നാണ്. തരാപൂരില്‍ ആണവനിലയം സ്ഥാപിക്കുമ്പോള്‍ അടുത്തുള്ള ഗ്രാമങ്ങനെ തന്നെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
നീലേശ്വരം ടൗണിനും പയ്യന്നൂരിനും അടുത്താണ് ചീമേനി എന്ന് പറയുന്ന സ്ഥലം. ആണവനിലയത്തിന്റെ 30 കിലോമീറ്റര്‍ ചുറ്റളവില്‍ വളരെ പരിമിതമായെ ആളുകള്‍ താമസിക്കാവൂ എന്നാണ്. വളരെ അപകടകരമായ മേഖല ആയിരിക്കുമത്. ചീമേനിയില്‍ നിന്നും 30 കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം എന്ന് പറയുന്നത് കാസര്‍ഗോഡ് ചെര്‍ക്കളം മുതല്‍ കണ്ണൂരിലെ തലശ്ശേരിയുടെ അടുത്തു വരെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടും.
അതുപോലെ അറബിക്കടല്‍, കുടക് മലകളില്‍ നിന്നും ഉത്ഭവിക്കുന്ന കാവേരി നദിയും ഈ 30 കിലോമീറ്റര്‍ ചുറ്റളവിലാണ്. പത്തോളം അസംബ്ലി നിയോജക മണ്ഡലങ്ങള്‍, രണ്ട് പാര്‍ലമെന്ററി നിയോജക മണ്ഡലങ്ങള്‍ എന്നിവ ഈ മേഖലകളിലുണ്ട്. ഏകദേശം 30 ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന പ്രദേശമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കൃഷിയിടങ്ങള്‍, ആരാധനാലയങ്ങള്‍ എല്ലാമുള്ള പ്രദേശങ്ങളാണിത്. രണ്ടു സോളാര്‍ പദ്ധതികള്‍ ചീമേനിയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നുമുണ്ട്.
ചീമേനിയുടെ അടുത്താണ് ചെറുവത്തൂര്‍ ടൗണ്‍ ഉള്ളത്. ഇവരെയൊക്കെ കുടിയൊഴിപ്പിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യാനുള്ള സാധ്യതപോലും ഇല്ലാത്ത അവസ്ഥയുണ്ട്. നമ്മുക്കറിയാം ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന വയനാട്ടിലെ ആളുകളുടെ പുനരധിവാസം തന്നെ വലിയ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ അതിനേക്കാള്‍ എത്രയോ മടങ്ങ് ആളുകളെ പാരിസ്ഥിതിക അഭയാര്‍ഥികളാക്കി മാറ്റുന്ന ഒരു സംരംഭം ആയിരിക്കും ഈ ആണവനിലയം.
ആണവനിലയം സ്ഥാപിച്ചുകഴിഞ്ഞാല്‍ ഉണ്ടായാക്കാവുന്ന പ്രശ്‌നങ്ങളെ കുറിച്ച് ആഗോള തലത്തില്‍ തന്നെ ചര്‍ച്ചകളും പഠനങ്ങളും നടന്നിട്ടുള്ളതാണ്. ആണവ നിലയങ്ങള്‍ വളരെ സുരക്ഷിതം ആണെന്ന് പറയുമ്പോഴും ആരും തന്നെ ചൂണ്ടിക്കാണിക്കാത്ത ഒന്നാണ് ആണവ മാലിന്യ നിര്‍മാര്‍ജനം. ആണവ വികിരണ ശേഷിയുള്ള വിസര്‍ജ്യങ്ങള്‍ എന്തു ചെയ്യും?. ഇപ്പോഴും കടലില്‍ താഴ്ത്തുന്ന രീതിയാണ് ഉള്ളത്.
അമ്പതോ, നൂറോ വര്‍ഷത്തേയ്ക്ക് വൈദ്യുതി ഉണ്ടാക്കുന്നു എന്ന് കരുതുക. ഇതില്‍ നിന്നും ഉണ്ടാകുന്ന മാലിന്യത്തിന്റെ ഹാഫ് ലൈഫ് (half life) എന്ന് പറയുന്നത് 24000 വര്‍ഷമാണ്. അതായത് ആ കാലത്ത് ഹോമോസാപ്പിയന്‍സ് അതിജീവിക്കുമോ എന്ന് പോലും അറിയില്ല. അപ്പോള്‍ അത്രയും കാലത്തേയ്ക്ക് ഈ മാലിന്യം ഉണ്ടാക്കുക എന്നുപറയുന്നത് നമ്മുടെ സുസ്ഥിര വികസനത്തിന് വിരുദ്ധമാണ്.
കാരണം നാളെയുടെ വിഭവങ്ങള്‍ എടുത്ത് ഇന്നിന്റെ ആവശ്യങ്ങള്‍ നിര്‍വഹിക്കാതെ ഇരിക്കലാണ് സുസ്ഥിര വികസനം. അപ്പോള്‍ ആണവോര്‍ജം ഒരിക്കലും സുസ്ഥിര വികസനത്തിന് ഉതകുന്ന ഒന്നല്ല. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇന്നത്തെ ആവശ്യത്തിന് വേണ്ടി ആണവോര്‍ജം ഉപയോഗപ്പെടുത്തി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട് എന്നത് സത്യമുള്ള കാര്യം തന്നെയാണ്. നമ്മുക്ക് ഉപയോഗിക്കാനുള്ള വൈദ്യുതി കൂടംകുളത്ത് നിന്നും ഒക്കെയാണ് വരുന്നത്. എന്നാല്‍ കൂടംകുളം ആണവനിലയത്തിനെതിരെ നടന്ന സമരങ്ങളുടെ നൈതികത നഷ്ടപ്പെടുന്നില്ല.
പെരിങ്ങോം ആണവനിലയ പദ്ധതിക്കെതിരായ സമരം നടന്ന സ്ഥലത്തിന്റെ തൊട്ടടുത്ത കുന്നാണ് ചീമേനി. പെരിങ്ങോം കണ്ണൂര്‍ ജില്ലയിലും ചീമേനി കാസര്‍ഗോഡ് ജില്ലയിലുമാണ്. ആണവനിലയം എന്ന് പറയുന്നത് ഒരു വീട് വെക്കുന്നത് പോലെയുള്ള സംവിധാനം അല്ലല്ലോ മാത്രമല്ല, ജലത്തിന്റെ അതിസൂക്ഷമായ ബന്ധങ്ങളുള്ള സ്ഥലം കൂടിയാണിത്.
കേരളത്തിലെ 41 നദികളില്‍ 19 നദികളും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലാണ്. ചീമേനി എന്ന് പറയുന്ന കുന്നാണ് പൂര്‍ണമായും കവ്വായി എന്ന് പറയുന്ന പുഴയുടെ ആവാഹന പ്രദേശം. ഇവിടുത്തെ തൊണ്ണൂറോളം ചെറിയ കുന്നുകളിലെ ചെറിയ അരുവികള്‍ ചേര്‍ന്നാണ് കവ്വായി പുഴ ഉണ്ടാകുന്നത്. തേജസ്വിനി പുഴയിലേയ്ക്കും ചീമേനി കുന്നില്‍ നിന്നാണ് വെള്ളം എത്തുന്നത്.
ചീമേനി കുന്നിന്റെ മറ്റൊരു ഭാഗത്തുള്ള ഉറവകളാണ് പെരുമ്പാപുഴ. അപ്പോള്‍ ഈ മൂന്ന് പുഴകളും വടക്കന്‍ കേരളത്തിലെ ആറേഴ് പുഴകളും തമ്മില്‍ കവ്വായി കായല്‍ വഴി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അപ്പോള്‍ ആണവവികിരണ വസ്തുക്കള്‍ എല്ലാം ജലമാര്‍ഗം വ്യാപിക്കാനുള്ള സാധ്യത ഇവിടെ വളരെ കൂടുതലാണ്. ആണവ നിലയം പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന ദുരന്തം രണ്ടാമതാണ്. ആദ്യത്തെ ദുരന്തം ആണവനിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതിലൂടെ ഉണ്ടാകുന്നതാണ്. എല്ലാ ആണവ കേന്ദ്രങ്ങളിലും ചോര്‍ച്ച അടക്കമുള്ള അപകടങ്ങള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ മുന്നൂറോളം ചെറുതും വലുതുമായ ആണവ ചോര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്.
ഈ പ്രദേശം ചെങ്കല്‍ പാറകളാണ്. ചെങ്കല്‍ പാറകള്‍ കാണുമ്പോള്‍ കട്ടിയുള്ളതായി തോന്നുമെങ്കിലും വളരെ ബലം കുറഞ്ഞ ഒരു ഭൂഘടനയാണ്. പ്രത്യേകിച്ച് ചീമേനി, ചെറുവത്തൂര്‍ പ്രദേശത്ത്. ചെറുവത്തൂര്‍ എന്ന് പറയുന്നത് സെഡിമെന്ററി റോക്ക്‌സ് (Sedimentary rocks) ന്റെ പാളികളുള്ള സ്ഥലമാണ്. വളരെ ബലക്ഷയമുള്ള പ്രദേശമാണിത്. പ്രത്യേകിച്ച് ജിയോളജിസ്റ്റുകളൊക്കെ വളരെ താല്‍പ്പര്യത്തോടെ പഠിക്കുന്ന പ്രദേശമാണിത്.
ഹൈവേ ജോലികളൊക്കെ നടക്കുന്ന ഭാഗത്തുകൂടി പോകുമ്പോള്‍ അവിടുത്തെ മണ്ണിന്റെ ഘടന അറിയാന്‍ സാധിക്കും. വളരെ ഉറപ്പുകുറഞ്ഞ മണ്ണാണ്. 2012ല്‍ വടക്കന്‍ കേരളത്തില്‍ 4.6 റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയ ഭൂചലനം സംഭവിക്കുകയുണ്ടായി. ഇത്തരത്തില്‍ ഭൂചലനങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള ഭൂമിശാസ്ത്രപരമായി അസ്ഥിരതമായ പ്രദേശത്ത്, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് സങ്കീര്‍ണമായ ജലബന്ധങ്ങളുള്ള പ്രദേശത്ത് എങ്ങനെയാണ് ആണവനിലയം പോലെയുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള ഒരു പദ്ധതിയ്ക്ക് സാധ്യതയുണ്ടോ എന്നാണ്. നിയമങ്ങള്‍ പാലിച്ച് കൊണ്ട് ഒരിക്കലും ഈ പ്രദേശത്ത് ഒരു ആണവനിലയം സ്ഥാപിക്കാന്‍ പറ്റില്ല.
അതിലുപരി ഒരു പരിസ്ഥിതി വിവേകമുള്ള പ്രദേളമാണ് വടക്കന്‍ കേരളം. പ്രത്യേകിച്ച് ആണവനിലയത്തിന് എതിരായ പഴയ സമരവും പെട്രോളിയം പദ്ധതിക്കെതിരായ സമരവും കൂടാതെ ഒരുപാട് പരിസ്ഥിതി സംഘടനകള്‍ രൂപപ്പെടുകയും പ്രവര്‍ത്തിക്കുകയും ചെയ്ത 50 വര്‍ഷത്തിന്റെ ചരിത്രമുണ്ട് ഇവിടെ. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ പെട്ടെന്ന് തിരിച്ചറിയുകയും പ്രതിരോധം നടത്തുകയും ചെയ്യുന്ന ജനതയാണ് ഇവിടുത്തേത്. അവരുടെ ഹരിത ബോധത്തിന് മുകളില്‍ ഇത്രയും പദ്ധതികള്‍ നടപ്പാക്കുക അത്ര എളുപ്പമാവില്ല.
അതിരപള്ളിയിലെ ജലവൈദ്യുത പദ്ധതി എതിര്‍ത്തതിന്റെ കാരണം അതിന്റെ ജൈവവൈവിധ്യമായ പ്രത്യേകതകള്‍ കൊണ്ടാണ്. അതുകൊണ്ട് തന്നെയാണ് ജല വൈദ്യുത പദ്ധതിയും ആണവ വൈദ്യുത പദ്ധതിയും അതിരപ്പള്ളിയില്‍ ഉണ്ടാവരുത് എന്ന് പറയുന്നത്. ജൈവ വൈവിധ്യപരമായി വളരെ തദ്ദേശീയമായ മത്സ്യങ്ങളും സസ്യങ്ങളും ഉള്ള സ്ഥലമാണു അതിരപ്പള്ളി. അവിടെ നഷ്ടപ്പെടുക കാടാണ്. ചീമേനിയെ സംബന്ധിച്ചെടുത്തോളം തരിശായി കിടക്കുന്ന ഭൂമിയാണ്. തരിശുനിലമായി കാണുമ്പോഴും ഇതൊരു ആള്‍ത്താമസമുള്ള പ്രദേശമാണ്. ചീമേനിയില്‍ കൂടുതലും ഉള്ളത് പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടമാണ്. എന്‍ഡോസള്‍ഫാന്റെ ഭീകരമായ അവസ്ഥകള്‍ ഇപ്പോഴും പേറുന്ന ജനതയാണ് അവിടെയുള്ളത്. അപ്പോള്‍ ഒരു ദുരന്തത്തിന് മുകളില്‍ മറ്റൊരു ദുരന്തം ആയാണ് ആണവനിലയം വരുന്നത്.
ആണവനിലയ പദ്ധതിയുടെ പ്രധാന സ്ഥലമായി കാണുന്ന അരിയിട്ടപ്പാറ എന്ന സ്ഥലത്ത് നിന്നും അടുത്തകാലത്തായി അഞ്ചോളം പുതിയ ചെടികള്‍ കണ്ടെത്തിയിട്ടുണ്ട്. മാടായിപ്പാറ എന്ന് പറയുന്ന സ്ഥലത്ത് ഇതുപോലെ 760 തോളം ചെടികള്‍ കണ്ടെത്തിയിട്ടുണ്ട്. എടനാടന്‍ ചെങ്കല്‍ കുന്നുകള്‍ സവിശേഷമായ ജൈവ വൈവിധ്യമുള്ള വളരെ പ്രധാന്യമുള്ള സ്ഥലമാണ്. പ്രത്യേകിച്ച് മഴക്കാലത്ത് മാത്രം വളരുന്ന വളരെ പ്രത്യേകതയുള്ള അപ്പോര്‍വമായ യൂട്രിക്കുലേറിയ (Utricularia) പോലെയുള്ള ചെടികള്‍ വളരുന്ന സ്ഥലമാണ്. അപ്പോള്‍ കാടിനുള്ള അതേ പ്രാധാന്യം ഈ കുന്നിനുമുണ്ട്.
ആണവനിലയങ്ങള്‍ പൊതുവേ കടലിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായാണ് കണ്ടിട്ടുള്ളത്. അല്ലെങ്കില്‍ കുഴല്‍കിണറുകളെ ആശ്രയിക്കും. ചീമേനിയില്‍ വെള്ളമുള്ളത് കാര്യങ്കോട് പുഴയിലാണ്. 53 കിലോമീറ്റര്‍ നീളത്തില്‍ ഒഴുകുന്ന പുഴയാണ്. വേനല്‍ക്കാലത്ത് ഈ പുഴയിലെ വെള്ളം വറ്റും. മറ്റൊന്ന് ആണവ മാലിന്യം കലര്‍ന്ന വെള്ളം സാധാരണമായി ഒഴിക്കി വിടുക വെള്ളത്തിലൂടെ തന്നെയാണ്. ഈ പുഴയിലൂടെ മാലിന്യം ഒഴുക്കുമ്പോള്‍ റേഡിയേഷന്‍ കലര്‍ന്ന വെള്ളം ഏതുവരെ എത്തും എന്നുള്ളതാണ്.
വടക്കന്‍ കേരളം മാത്രമല്ല, കേരളം മുഴുവനും ആണവ മാലിന്യം വ്യാപിക്കുന്ന അവസ്ഥ വരും. കുടിവെള്ളം തന്നെ ഇപ്പോള്‍ കിട്ടാനില്ല. ഉദാഹരണത്തിന് ഏഴിമല നേവല്‍ അക്കാദമിയിലേയ്ക്ക് വെള്ളം എത്തിക്കാന്‍ വേണ്ടി കാര്യങ്കോട് പുഴയില്‍ കാക്കടവ് പദ്ധതി കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ അവിടെ തടയണകെട്ടിയാണ് ഏഴിമല നാവിക അക്കാദമിയിലേയ്ക്ക് വെള്ളം കൊടുക്കുന്നത്. എന്നാല്‍ പലപ്പോഴും ഉപ്പുവെള്ളം കയറി അവിടെയ്ക്കുള്ള ജലവിതരണം മുടങ്ങിപ്പോകുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. എഴിമലയിലുള്ള 10000 ത്തോളം വരുന്ന ആളുകള്‍ക്ക് കുടിവെള്ളം കൊടുക്കാന്‍ പോലും പറ്റാത്ത സ്ഥിതിയുള്ള ഒരു സ്ഥലത്താണ് ആണവ മാലിന്യം നിമഞ്ജനം ചെയ്യേണ്ടത് എന്ന വൈരുദ്ധ്യം കൂടിയുണ്ട്.
ആധുനിക സാങ്കേതിവിദ്യയൊക്കെ ആണവനിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉണ്ടെന്ന് പറയും. എന്നാല്‍ ജലം പ്രധാന ഘടകമാണ്. ആണവനിലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ധാരാളം വെള്ളം വേണ്ടിവരും. അതിരപ്പള്ളിയിലും ഇതേ പ്രശ്‌നമുണ്ട്. അവിടെ എടുക്കുന്ന വെള്ളം ചാലക്കുടി പുഴയിലേത് ആകുമല്ലോ. മാത്രമല്‍, ടൂറിസവുമായി ബന്ധപ്പെട്ട് പ്രധാന മേഖലയാണ് അതിരപ്പള്ളി.
ഒരുകാലത്ത് ചര്‍ച്ച ചെയ്ത് തള്ളികളഞ്ഞ സ്ഥലങ്ങളില്‍ വീണ്ടും പദ്ധതികള്‍ വരുന്നത് എന്തുകൊണ്ടാണ്? അതിനുള്ള ഗൂഡാലോചന എന്താണ് തുടങ്ങിയവ പഠിക്കപ്പെടെണ്ടതുണ്ട്.’, ചീമേനി നിവാസിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഇ ഉണ്ണികൃഷ്ണന്‍ വോക്ക് മലയാളത്തോട് പറഞ്ഞു.
ഒരു ആണവനിലയത്തിന്റെ ആയുസ് ഏറ്റവും കൂടിയത് 50 കൊല്ലമാണ്. ഇത് കഴിഞ്ഞാല്‍ നിലയം അതുപോലെ ഉപേക്ഷിച്ച് പോകാന്‍ കഴിയില്ല. വര്‍ഷങ്ങളോളം വൈദ്യുതി ഉപയോഗിച്ച് തണുപ്പിച്ചാല്‍ മാത്രമേ നിലയം പ്രവര്‍ത്തന രഹിതമാക്കാന്‍ കഴിയൂ. അല്ലെങ്കില്‍ ഇത് പൊട്ടിത്തെറിക്കും. ഈ ചിലവൊക്കെ കണക്കാക്കുമ്പോള്‍ ആണവോര്‍ജ്ജം ദോഷം ചെയ്യുന്നതാണ് എന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.
ചീമേനിയെ കൂടാതെ ആണവനിലയം സ്ഥാപിക്കാന്‍ കണ്ടിരിക്കുന്ന മറ്റൊരു പ്രദേശം അതിരപ്പള്ളിയാണ്. പരിസ്ഥിതിലോല പ്രദേശമായ പാരിസ്ഥിതിഘാതമുണ്ടാവാന്‍ സാധ്യത ഏറ്റവും കൂടുതലുള്ള വനമാണ് അതിരപ്പള്ളി പ്രദേശം. മാത്രമല്ല ആദിവാസി ജനവിഭാഗത്തിന്റെ വാസസ്ഥലം കൂടിയാണ്. ജലവൈദ്യുത പദ്ധതി സ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സമരം ചെയ്ത പാരമ്പര്യം കൂടി അതിരപ്പള്ളിയ്ക്കുണ്ട്. 2001 മുതല്‍ പദ്ധതിക്കെതിരായ ഇവിടെ സമരം നടക്കുന്നുണ്ട്.
1979 ലാണ് 163 മെഗാ വാട്ട് ശേഷിയുള്ള അതിരപ്പിള്ളി പദ്ധതി ആലോചനയില്‍ വരുന്നത്. 1500 കോടി രൂപ മുതല്‍ മുടക്കില്‍ പ്രതിവര്‍ഷം 212 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. പെരിങ്ങല്‍ക്കുത്ത് വലതുകര പദ്ധതിയോടൊപ്പം ഇരട്ട പദ്ധതിയായി 1982 ലാണ് അതിരപ്പിള്ളി പദ്ധതിക്കായുള്ള നിര്‍ദേശം സമര്‍പ്പിക്കപ്പെട്ടത്. 1989ല്‍ പദ്ധതിക്കുള്ള അനുമതി ലഭിച്ചു. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപടികളില്‍ നിന്ന് സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വന്നു.
പിന്നീട് 98 ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് വീണ്ടും ജീവന്‍ വെക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സിയായ ടിബിജിആര്‍എ പഠനം നടത്തി പദ്ധതിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ 2001 ല്‍ കേരള ഹൈക്കോടതിയുടെ ഇടപെടലിലൂടെ പദ്ധതിക്ക് അനുമതി നിഷേധിക്കപ്പെട്ടു.
2005 ല്‍ കേന്ദ്ര ഏജന്‍സിയായ വാപ്കോസ് നല്‍കിയ റിപ്പോര്‍ട്ടും ഹൈക്കോടതി തള്ളി. 2007ല്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കിയതോടെ പദ്ധതിക്കായുള്ള പ്രാരംഭ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി. 2010 ല്‍ കേന്ദ്ര വനംമന്ത്രിയായിരുന്ന ജയറാം രമേഷ് പദ്ധതി ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി കെഎസ്ഇബിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി പിന്നീട് വന്ന ഗാഡ്ഗില്‍ കമ്മിറ്റിയും എതിരായ നിലപാടെടുത്തു.
2015ല്‍ പദ്ധതിക്ക് നല്‍കിയ പാരിസ്ഥിതിക അനുമതി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പിന്‍വലിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തിലെരിയതോടെ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വീണ്ടു സജീവമായി.
പശ്ചിമഘട്ട മലനിരകളില്‍ നിന്ന് ഉത്ഭവിച്ച് തൃശ്ശൂര്‍, എറണാകുളം ജില്ലകളിലൂടെ അറബിക്കടലില്‍ പതിക്കുന്ന 144 കിലേ മീറ്റര്‍ നീളമുള്ള ചാലക്കുടിപ്പുഴയ്ക്ക് കുറുകെ 23 മീറ്റര്‍ ഉയരവും 311 മീറ്റര്‍ നീളവുമുള്ള അണക്കെട്ടാണ് പദ്ധതിയിട്ടിരുന്നത്. ഇവിടെനിന്ന് നാലര കിലോമീറ്റര്‍ നീളവും 6.4 മീറ്റര്‍ വ്യാസവുമുള്ള ടണലിലൂടെയും രണ്ട് പെന്‍സ്റ്റോക്ക് പൈപ്പുകളിലൂടെയും കണ്ണംകുഴി തോടിന്റെ കരയിലുള്ള പ്രധാന പവര്‍ഹൗസില്‍ എത്തിക്കുന്നു. 80 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിക്കാനുദേശിച്ചത്. ഡാമിന് തൊട്ടുതാഴെയായി 1.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകള്‍ കൂടി സ്ഥാപിച്ച് മൊത്തം 163 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കാന്‍ പദ്ധതിയിട്ടത്.
ചാലക്കുടി പുഴയുടെ വിവിധ കൈവഴികള്‍ക്ക് കുറുകെ എട്ടു വന്‍ പദ്ധതികളാണ് നിലവിലുള്ളത്. ഇതില്‍ നാലെണ്ണം എണ്ണം നിര്‍മിച്ചതും നിയന്ത്രിക്കുന്നതും തമിഴ്നാടാണ്. ഇതുകൂടാതെ 48 ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീമുകളും 650ലധികം സ്വകാര്യ പമ്പുകളും നിരവധി കുടിവെള്ള പദ്ധതികളും പുഴയിലുണ്ട്. ഏകദേശം 10 ലക്ഷം ജനങ്ങളാണ് പുഴയെ നേരിട്ട് ആശ്രയിച്ച് ജീവിക്കുന്നത്.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന പ്രദേശത്ത് രണ്ട് ആദിവാസി കോളനികള്‍ ഉണ്ട്. വാഴച്ചാല്‍ കോളനിയും പൊകലപ്പാറ കോളനിയും. വനാവകാശ രേഖ ലഭിച്ചിട്ടുള്ള ഈ ആദിവാസി കുടുംബങ്ങളുടെ അനുമതിയില്ലാതെ ഇവരെ കുടിയൊഴിപ്പിക്കാനൊ പദ്ധതി നടപ്പാക്കാനോ സാധിക്കില്ല. കേരളത്തിലെ കാടാര്‍ സമുദായത്തില്‍പെട്ട ആദിവാസികളില്‍ ആകെയുള്ള 2736 പേരില്‍ 1844 പേരും താമസിക്കുന്നത് ചാലക്കുടി നദീതടത്തിലാണ്.
കേരളത്തിന്റെ സംസ്ഥാന പക്ഷിയായ വേഴാമ്പലില്‍ ആകെ ഉള്ള മലമുഴക്കി വേഴാമ്പല്‍, പാണ്ടന്‍ വേഴാമ്പല്‍, കോഴി വേഴാമ്പല്‍, നാട്ടു വേഴാമ്പല്‍ തുടങ്ങി നാല് ഇനങ്ങളേയും ഒരുമിച്ച് കാണുന്ന കേരളത്തിലെ ഏക പ്രദേശമാണിത്. ചാലക്കുടി പുഴ, മത്സ്യ വൈവിധ്യ സമ്പന്നതയില്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പുഴയാണ്. ഇതില്‍ കണ്ടെത്തിയിട്ടുള്ള ഉയര്‍ന്ന മത്സ്യ വൈവിധ്യത്തില്‍ 9 ഇനം നിലവില്‍ അതീവ വംശനാശ ഭീഷണി നേരിടുന്നവയും 22 ഇനം നിലവില്‍ സാമാന്യ വംശനാശ ഭീഷണിയുള്ളവയും 11 ഇനം ഭാവിയില്‍ വംശനാശഭീഷണി നേരിടാവുന്നവയുമാണ്.
പശ്ചിമഘട്ട സംരക്ഷണത്തിന് രൂപരേഖ തയ്യാറാക്കുന്നതിനും നിയമം നിര്‍മിക്കുന്നതിനും ഡോ.മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായ വിദഗ്ധസമിതിയും അതിരപ്പള്ളി പദ്ധതി നടപ്പാക്കരുത് എന്ന് ശുപാര്‍ശ ചെയ്തിരുന്നു.
അതിരപ്പള്ളിയില്‍ പ്രധാനമായും ജലവൈദ്യുതിക്കെതിരെ സമരം നടന്നത് പാരിസ്ഥിതിക-ജൈവ വൈവിധ്യവും ആദിവാസി ജനതയുടെ നിലനില്‍പ്പും മുന്‍നിര്‍ത്തിയാണ്. അവിടെയ്ക്കാണ് കൂടുതല്‍ അപകടകാരിയായ ആണവനിലയ പദ്ധതി സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.
FAQs
എന്താണ് ആണവനിലയം?
നിയന്ത്രിതമായ രീതിയിൽ അണുവിഘടനം നടത്തി ഊർജ്ജോല്പാദനം നടത്തുന്ന ഉപകരണമാണ് ആണവറിയാക്റ്റർ. ഇത് സ്ഥാപിക്കുന്ന നിലയത്തെ ആണവനിലയം എന്ന് വിളിക്കുന്നു.
എന്താണ് ഊര്‍ജം?
പ്രവൃത്തി ചെയ്യാനുള്ള കഴിവ് എന്നതാണ് ഊർജ്ജം എന്ന വാക്കിന്റെ നിർവ്വചനം. താപോർജ്ജം, യാന്ത്രികോർജ്ജം എന്നിങ്ങനെ ഊർജ്ജത്തിന് പല രൂപങ്ങളുണ്ട്. ഊർജ്ജത്തെ ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാനും പറ്റും. പക്ഷേ, ഊർജ്ജത്തെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ കഴിയില്ല എന്ന് ഊർജ്ജ സംരക്ഷണ നിയമം പറയുന്നു.
എന്താണ് അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി?
കേരളത്തിലെ ഒരു നിർദ്ദിഷ്ട ജലവൈദ്യുതപദ്ധതിയാണ് അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി. കേരള സംസ്ഥാന വിദ്യുച്ഛക്തി വകുപ്പ് ആണ് ഈ ഇരട്ടജലപദ്ധതിയുടെ നിർവ്വഹണത്തിനു പദ്ധതി സമർപ്പിച്ചിരിക്കുന്നത്. വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽനിന്നും അഞ്ചു കിലോമീറ്റർ മുകളിലും വാഴച്ചാൽ വെള്ളച്ചാട്ടത്തിന് നാനൂറ് മീറ്റർ മുകളിലുമായി ചാലക്കുടിപ്പുഴയിൽ ആണ് 163 മെഗാവാട്ട് ശേഷിയുള്ള ഒരു ഡാം പണിയാനാണ് പദ്ധതിയിടുന്നത്.
Quotes
“ഏഴു തവണ വീഴുക, എട്ട് തവണ എഴുന്നേൽക്കുക- ജാപ്പനീസ് പഴഞ്ചൊല്ല്..