Wed. Jan 22nd, 2025

തിരുവനന്തപുരം: 12 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി. പി വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെയാണ് നടപടി. എന്നാൽ എഡിജിപി എം ആർ അജിത് കുമാറിന് മാത്രം സ്ഥലം മാറ്റമില്ല.  

മലപ്പുറം എസ്പി എസ് ശശിധരനെ എറണാകുളം വിജിലൻസിലേക്ക് മാറ്റി പകരം പോലീസ് ആസ്ഥാനത്തെ എഐജി ആർ വിശ്വനാഥിനെ ആ സ്ഥാനത്ത് നിയമിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി സ്ഥാനത്ത് കെവി സന്തോഷിനെയും നിയമിച്ചു. അൻവറിൻ്റെ പരാതിയിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരടക്കം മലപ്പുറത്തെ എട്ട് ഡിവൈഎസ്പിമാർക്കും സ്ഥലംമാറ്റമുണ്ട്. അതിൽ മുട്ടിൽ മരംമുറിക്കേസ് അന്വേഷിച്ച വിവി ബെന്നിയുമുണ്ട്.

നിയമനം ലഭിച്ചിട്ടും ചുമതല ഏറ്റെടുക്കാതിരുന്ന എ അക്ബറിനെ  മാറ്റി സി എച്ച് നാഗരാജുവിനെ ഗതാഗത കമ്മീഷണറായി നിയമിച്ചു. എസ് ശ്യാംസുന്ദറിനെ മാറ്റിയ ശേഷം പുട്ട വിമലാദിത്യയെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും നിയമിച്ചു. ശ്യാംസുന്ദറിനെ ദക്ഷിണ മേഖലാ ഡിഐജിയായാണ് നിയമിച്ചത്. അൻവർ ഉന്നയിച്ച മലപ്പുറം എസ്പി ക്യാമ്പ് ഓഫിസിലെ മരംമുറി പരാതി അന്വേഷിക്കുന്ന തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിന് എറണാകുളം റേഞ്ചിന്റെ അധിക ചുമതല കൂടി നൽകി. ജെ ഹിമേന്ദ്രനാഥിനെ കോട്ടയം ക്രൈംബ്രാഞ്ച് എസ്പിയായും നിയമിച്ചു.