Sun. Nov 3rd, 2024

ഹനോയ്: വിയറ്റ്നാമിൽ വടക്കൻ പ്രവശ്യയിലുണ്ടായ ശക്തമായ യാ​ഗി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 127 ആയി. 54 പേരെ കാണാതായി. പാലങ്ങളും നിരവധി കെട്ടിടങ്ങളും തകർന്നു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പല ഭാഗങ്ങളിലും റോഡ് ഗതാഗതം പൂര്‍ണമായും താറുമാറായി.

ഏഷ്യയിലെ ഈ വർഷത്തെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റായ യാഗി കഴിഞ്ഞ ദിവസമാണ് വിയറ്റ്‌നാമിൽ തീരംതൊട്ടത്. 30 വർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റ് കൂടിയാണ് യാ​ഗി. കനത്ത മഴയെത്തുടര്‍ന്ന് 764 പേര്‍ക്ക് പരിക്കേറ്റതായാണ് കണക്ക്. വ്യാവസായിക മേഖലകളിലുള്‍പ്പെടെ 1.5 ദശലക്ഷം ആളുകള്‍ക്ക് വൈദ്യുതി ലഭ്യമല്ല.

തെക്കൻ ചൈനാക്കടലിൽ ഓഗസ്റ്റ് 30ന്‌ രൂപം കൊണ്ട യാഗി ആദ്യം തീരംതൊട്ട ഫിലിപ്പീൻസിൽ 16 പേരുടെ ജീവന്‍ അപഹരിച്ചു. മണിക്കൂറില്‍ 149 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കാലാവസ്ഥാവ്യതിയാനം മൂലം സമുദ്രത്തിൽ താപനില ഉയരുന്നതാണ്‌ കടുത്ത ചുഴലിക്കാറ്റുകൾക്ക്‌ കാരണമെന്ന്‌ കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.