Wed. Dec 18th, 2024

പാലക്കാട്: മലപ്പുറത്ത് നിന്നും കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്നും കണ്ടെത്തി. ആറു ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവാവിനെ കണ്ടെത്തിയത്. 

വിവാഹത്തിന് മൂന്നു ദിവസം മുമ്പാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും പോയത്. തമിഴ്നാട് ‌പൊലീസും മലപ്പുറം പോലീസും ചേർന്നാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയതെന്ന് മലപ്പുറം എസ്പി എസ് ശശിധരന്‍ അറിയിച്ചു.

വിവാഹ ആവശ്യങ്ങള്‍ക്കായി പണം സംഘടിപ്പിച്ചു വരാം എന്നു പറഞ്ഞ് ഈ മാസം നാലാം തീയതിയാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും പാലക്കാട്ടേക്ക് യാത്ര തിരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിഷ്ണുജിത്തിൻ്റെ വിവാഹം നിശ്ചയിച്ചിരുന്നത്. 

ഇന്നലെ രാത്രി എട്ടു മണിക്ക് സഹോദരി വിളിച്ചപ്പോള്‍ വിഷ്ണുജിത്തിൻ്റെ ഫോണ്‍ ഓണ്‍ ആയി. എന്നാല്‍ മറുതലയ്ക്കല്‍ നിന്നും കാര്യമായ പ്രതികരണമുണ്ടായില്ല. പിന്നീട് ഫോണ്‍ കട്ടായെന്നും സഹോദരി പറഞ്ഞു. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഫോണ്‍ ലൊക്കേഷന്‍ ഊട്ടി കുനൂരിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്നുള്ള തിരച്ചിലിലാണ് വിഷ്ണുവിനെ കണ്ടെത്തുന്നത്. വിഷ്ണുജിത്തിനെ കണ്ടെത്തിയതായും, പോലീസിൻ്റെ കസ്റ്റഡിയിൽ ഉള്ളതായും മലപ്പുറം എസ്പി ശശിധരൻ അറിയിച്ചു.