Thu. Sep 19th, 2024

കൊച്ചി: സിനിമ ലോകത്തെ വിവാദങ്ങൾക്കു വഴിവച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. 

നടപടി വൈകുന്നത് ഞെട്ടിച്ചുവെന്നും കോടതി പറഞ്ഞു. എന്നാല്‍, റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്ന നിര്‍ദേശമുണ്ടായതിനാലാണ് നടപടിയെടുക്കാത്തതെന്ന് എജി അറിയിച്ചു.

റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ പൊതുവേദികള്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എജി അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു കോടതിയുടെ ചോദ്യം. സര്‍ക്കാരിൻ്റെ നിഷ്‌ക്രിയത്വം അത്ഭുതപ്പെടുത്തിയെന്ന് കോടതി പറഞ്ഞു. 

സര്‍ക്കാര്‍ എന്തുചെയ്തുവെന്ന് ചോദിച്ചപ്പോള്‍, പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്‍കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടിയെടുത്തോയെന്ന് കോടതി ചോദിച്ചു. എന്തുകൊണ്ടാണ് ഈ നിഷ്‌ക്രിയത്വമെന്നായിരുന്നു പിന്നാലെ ഹൈക്കോടതിയുടെ ചോദ്യം. വളരെ നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിച്ചതെന്ന ചോദിച്ച കോടതി, ഈ നിഷ്‌ക്രിയത്വം നീതീകരിക്കാനാവുന്നതാണോയെന്നും ആരാഞ്ഞു.