ലക്‌നൗ: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. മെയിന്‍പുരിയിലെ സൗസയ്യ മാതൃ ശിശു ചികിത്സാശാലയിലാണ് സംഭവം.
ചില സങ്കീര്‍ണതകള്‍ കാരണം പ്രസവം സാധാരണഗതിയില്‍ നടത്താന്‍ കഴിയില്ലെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും ആദ്യം അധികൃതര്‍ അറിയിച്ചു.
പിന്നീട് അനസ്തേഷ്യോളജിസ്റ്റിന്റെ അഭാവം പറഞ്ഞ് യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായി ഇവരുടെ ഭര്‍ത്താവ് പറഞ്ഞു. യാത്രാ മധ്യേയാണ് ആംബുലന്‍സിനുള്ളില്‍ പ്രസവിച്ചത്.
വാര്‍ത്ത പുറത്തുവന്നതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു. പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതന്വേഷിക്കാന്‍ രണ്ടംഗ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഒരാഴ്ചക്കുള്ളില്‍ അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍സി ഗുപ്ത പറഞ്ഞു.
അനസ്തേഷ്യോളജിസ്റ്റിന്റെ അഭാവത്തില്‍ ഡ്യൂട്ടിയിലുള്ള ആശുപത്രി അധികൃതര്‍ ഗര്‍ഭിണിയായ യുവതിക്ക് ആശുപത്രി സേവനങ്ങള്‍ നിഷേധിക്കുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.