Fri. Nov 22nd, 2024

 

ന്യൂഡല്‍ഹി: രണ്ടര വര്‍ഷത്തോളമായി നീണ്ടു നില്‍ക്കുന്ന റഷ്യ-യുക്രൈന്‍ യുദ്ധത്തിന് അറുതി വരുത്താന്‍ ഇന്ത്യ മധ്യസ്ഥത വഹിക്കുമെന്ന് റിപ്പോര്‍ട്ട്. യുക്രൈന്‍-റഷ്യ സമാധാന ഉടമ്പടി ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലേക്ക് പോകും. ഡോവല്‍ എന്നാണ് റഷ്യ സന്ദര്‍ശിക്കുക എന്ന കാര്യം വ്യക്തമായിട്ടില്ല

കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റില്‍ യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്‌കിയുമായും കീവില്‍ വെച്ച് മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. സമാധാനത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹവുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. സംഭാഷണത്തില്‍ ഇന്ത്യന്‍ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലിനെ യുക്രൈന്‍- റഷ്യയ്ക്കിടയിലെ സമാധാന പുനസ്ഥാപനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ മോസ്‌കോയിലേക്ക് അയക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നതായാണ് വിവരം.

റഷ്യ-യുക്രൈന്‍ സന്ദര്‍ശനത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി യുക്രൈനില്‍ സമാധാനം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫോണ്‍ വഴി നരേന്ദ്ര മോദി ചര്‍ച്ച ചെയ്തിരുന്നു. അടുത്തിടെ, റഷ്യ-യുക്രൈന്‍ തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് സാധിക്കുമെന്ന് പുടിന്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു.