Fri. Nov 22nd, 2024

കൊച്ചി: കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വരുമാനം 1000 കോടി കടന്നു. 2023-2024 സാമ്പത്തിക വർഷത്തിൽ 1,014.21 കോടി രൂപയാണ് മൊത്ത വരുമാനമായി നേടിയത്. 

മുൻ സാമ്പത്തിക വർഷം 770.91 കോടി രൂപയായിരുന്നു സിയാലിന്‍റെ വരുമാനം. 31.6 ശതമാനമാണ് വർധനവുണ്ടായിരിക്കുന്നത്. 412.58 കോടി രൂപയാണ് അറ്റാദായം. മുൻവർഷം ഇത് 267.17 കോടിയായിരുന്നു. ലാഭത്തിൽ 54.4 ശതമാനമാണ് വർധന. നികുതിക്ക് മുമ്പുള്ള ലാഭം 552.37 കോടിയാണ്. യാത്രക്കാരുടെ എണ്ണത്തിലും വിമാന സർവീസുകളുടെ എണ്ണത്തിലും കുതിപ്പുണ്ടായി. പോയ വർഷം 1,05,29,714 പേരാണ് കൊച്ചി വിമാനത്താവളം വഴി പറന്നത്. 49,30,831 അന്താരാഷ്ട്ര യാത്രക്കാരും 55,98,883 ആഭ്യന്തര യാത്രക്കാരും കൊച്ചി വിമാനത്താവളം വഴി സഞ്ചരിച്ചു.

വ്യോമയാന മേഖലയിലെ വളർച്ച ഉൾക്കൊള്ളാൻ വരും വർഷങ്ങളിൽ ഒട്ടേറെ അടിസ്ഥാന സൗകര്യവികസന പദ്ധതികളാണ് സിയാൽ നടപ്പിലാക്കുന്നത്. 560 കോടി രൂപ ചെലവിട്ടു നടത്തുന്ന രാജ്യാന്തര ടെർമിനൽ വികസനം, 152 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന കൊമേഴ്‌സ്യൽ സോൺ നിർമാണം എന്നിവ ഇതിൽ പ്രധാനമാണ്. ആഭ്യന്തര ടെർമിനൽ വലുപ്പം കൂട്ടുന്ന പദ്ധതിയും പരിഗണനയിലുണ്ട്.