Sat. Sep 14th, 2024

ഫരീദാബാദ്: ഫരീദാബാദിൽ പശുക്കടത്തെന്ന് സംശയിച്ച് വിദ്യാർത്ഥിയെ വെടിവെച്ചുകൊന്ന സംഭവത്തിൽ, മുസ്ലീമാണെന്ന് കരുതിയാണ് കൊന്നതെന്നും ബ്രാഹ്മണനെ കൊന്നതിൽ ഖേദിക്കുന്നുവെന്നും മുഖ്യപ്രതിയും ബജറംഗ്ദൾ നേതാവുമായ അനിൽ കൗശിക്. 

ആര്യൻ മിശ്രയുടെ പിതാവ് സിയാനന്ദ് മിശ്രയോടാണ് പ്രതി ഇക്കാര്യം വ്യക്തമാക്കിയത്. മകൻ കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസം തന്നെ പിതാവ് സിയാനന്ദ് മിശ്ര ഫരീദാബാദിലെ ജയിലിലെത്തി അനിൽ കൗശികിനെ സന്ദൾശിച്ചിരുന്നു. 

‘അനിൽ കൗശിക് തൻ്റെ കാലിൽ തൊട്ടു മാപ്പ് ചോദിച്ചു. എൻ്റെ മകൻ മുസ്‍ലിമാണെന്ന് കരുതിയാണ് അവൻ കൊന്നത്. ഒരു ബ്രാഹ്മണ​നെ കൊന്നതിൽ അവൻ ഇപ്പോൾ ഖേദിക്കുന്നു’ മകൻ്റെ കൊലയാളിയുമായി ആഗസ്റ്റ് 27 ന് ജയിലിൽ നടത്തിയ കൂടിക്കാഴ്ചയെ പറ്റി പിതാവ് പറഞ്ഞതായി  ദ പ്രിൻ്റ് റിപ്പോർട്ട് ചെയ്തു. 

‘എന്തിനാണ് നിങ്ങൾ ഒരു മുസ്ലിമിനെ കൊല്ലുന്നത് ? പശുവാണോ കാരണംമെന്നും എന്തിനാണ് നിയമം കൈയിലെടുക്കുന്നതെന്നും ചോദിച്ചുവെന്നും എന്നാൽ കൗശിക്ക് അതിന് മറുപടി നൽകിയില്ലെന്നും സിയാനന്ദ് മിശ്ര പറഞ്ഞു. കൗശികുമായി മൂന്ന് മിനിറ്റാണ് സിയാനന്ദ് മിശ്ര സംസാരിച്ചത്. 19 കാരനായ ആര്യൻ മിശ്രയെ കൊലപ്പെടുത്തിയ കേസിൽ ഗോരക്ഷാഗുണ്ടകളായ അനിൽ കൗശിക്കടക്കം നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.