Sat. Sep 14th, 2024

വടകര: ദേശീയപാതയില്‍ വടകര മുക്കാളിയില്‍ വിദേശത്തുനിന്നും വന്നയാളിനെ കൂട്ടി വരുന്നതിനിടയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കാര്‍ യാത്രക്കാരായ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസില്‍ ജൂബി (38), ന്യൂ മാഹി സ്വദേശി കളത്തില്‍ ഷിജില്‍ (40) എന്നിവരാണ് മരിച്ചത്. 

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മൃതദേഹങ്ങൾ വടകര ഗവ.മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മുക്കാളി ടെലി ഫോണ്‍ എക്സ്ചേഞ്ചിനു സമീപം രാവിലെ 6.15 നാണ് അപകടം. വിദേശത്തുനിന്നും വന്ന ഷിജിലിനെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരുമ്പോഴാണ് അപകടം സംഭവിച്ചത്. ജൂബിയാണ് കാർ ഓടിച്ചത്. ഇടിയെതുടർന്ന് കാറിൽ നിന്ന് തെറിച്ചുവീണ ഒരാൾ സംഭവ സ്ഥലത്തുതന്നെ മരിച്ചു. കാറിൽ കുടുങ്ങിയ മറ്റേയാളെ ഏറെ പണിപ്പെട്ടാണ് അഗ്നിരക്ഷാ സേന പുറത്തെടുത്തത്. ഉടൻ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.