Sat. Jan 18th, 2025

ന്യൂഡൽഹി: കാണ്ഡഹാർ വിമാനറാഞ്ചലുമായി ബന്ധപ്പെട്ട നെറ്റ്ഫ്ലിക്സ് വെബ് സീരീസ് ‘ഐസി 814: ദ കാണ്ഡഹാർ ഹൈജാക്ക്’ വിവാദത്തിലായതോടെ ഇന്ത്യയിലെ നെറ്റ്ഫ്ലിക്സ് പ്രതിനിധിയോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ. 

നേരിട്ട് ഹാജരായി വിവാദങ്ങളിൽ വിശദീകരണം നൽകാനാണ് നിർദേശം. ഓഗസ്റ്റ് 29നാണ് ‘ഐസി 814: ദ കാണ്ഡഹാർ ഹൈജാക്ക്’ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. പരമ്പരയിൽ വിമാനം ഹൈജാക്ക് ചെയ്ത തീവ്രവാദികളുടെ പേരുകൾക്ക് പകരം ചില കോഡ് പേരുകളാണ് ഉപയോഗിച്ചിരുക്കുന്നത്. 

അവയിൽ രണ്ടെണ്ണം ഭോല, ശങ്കർ എന്നായിരുന്നതാണ് വിവാദമായത്. തീവ്രവാദികളുടെ യഥാർത്ഥ പേരിന് പകരം ‘ഹിന്ദു’ പേരുകൾ ഉപയോഗിച്ചത് സാമൂഹ്യമാധ്യമങ്ങളിൽ അടക്കം തീവ്രവലതുപക്ഷ അനുഭാവികൾ വിവാദമാക്കിയിരുന്നു. നെറ്റ്ഫ്ലിക്സിനെതിരെ ശക്തമായ ക്യാമ്പയിനും ഉണ്ടായി. ഇതോടെയാണ് സീരീസിലെ ഉള്ളടക്കത്തെപ്പറ്റി വിശദീകരിക്കാൻ ഇന്ത്യയിലെ നെറ്റ്ഫ്ലിക്സ് പ്രതിനിധിയെ കേന്ദ്രസർക്കാർ വിളിപ്പിച്ചത്.