Thu. Sep 19th, 2024

 

കല്പറ്റ: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെജെ ബേബി (70) അന്തരിച്ചു. വയനാട് ചീങ്ങോട്ടെ നടവയലിലെ വീടിനോട് ചേര്‍ന്ന കളരിയില്‍ ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാടക കലാകാരന്‍, സാഹിത്യകാരന്‍, ബദല്‍ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്ന നിലയിലെല്ലാം കെജെ ബേബി ഇടപെടലുകള്‍ നടത്തിയിരുന്നു.

കെജെ ബേബിയുടെ മാവേലി മന്റം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും മുട്ടത്തുവര്‍ക്കി അവാര്‍ഡും ലഭിച്ചിരുന്നു. ‘ഗുഡ്‌ബൈ മലബാര്‍’ ആണ് ബേബിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പുസ്തകം. കൂടാതെ ബെസ്പുര്‍ക്കാന, നാടുഗദ്ദിക തുടങ്ങിയവയാണ് കെജെ ബേബിയുടെ പ്രധാനകൃതികള്‍.

കണ്ണൂര്‍ മാവിലായി സ്വദേശിയായ ബേബി 1973ലാണ് വയനാട്ടിലേയ്ക്ക് താമസം മാറുന്നത്. കേരളത്തിലെ നക്‌സലൈറ്റ് മുന്നേറ്റത്തിന്റെ സാംസ്‌കാരിക മുഖമായിരുന്ന സാംസ്‌കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ബേബി.

താന്‍ തൊട്ടറിഞ്ഞ ആദിവാസി ജീവിതം മുന്‍നിര്‍ത്തി 1970കളുടെ അവസാനം ബേബി നാട്ടുഗദ്ദിക എന്ന നാടകം രചിച്ചു. വയനാട് സാംസ്‌കാരിക വേദിയുടെ കീഴില്‍ ഈ നാടകം കേരളമെമ്പാടും ബേബിയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് 1981 മേയ് 22ന് കോഴിക്കോട് മുതലക്കുളത്തുവച്ച് സംഘാടകരെ പൊലീസ് അറസ്റ്റ് ചെയ്തു.

1993ല്‍ ആദിവാസി കുട്ടികള്‍ക്ക് വേണ്ടി ‘കനവ്’ എന്ന ബദല്‍ വിദ്യാഭ്യാസ കേന്ദ്രം ആരംഭിച്ചു. ആദിവാസി വിദ്യാര്‍ത്ഥികളെ സ്വന്തം നിലയില്‍ സ്വാശ്രയരാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കനവ് സ്ഥാപിച്ചത്. ഗോത്ര വിഭാഗങ്ങളുടെ തനതായ പാട്ടുകള്‍, നാടോടിക്കലകള്‍, നൃത്തരൂപങ്ങള്‍, ചിത്രകല, കൃഷി, ആയുധനകലകള്‍ തുടങ്ങിയവയുടെ പരിശീലനത്തിലൂടെ ബദല്‍ പഠനരീതിയാണ് കനവ് മുന്നോട്ട് വച്ചത്.