Sun. Sep 15th, 2024

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് ആരംഭിച്ച പ്രക്ഷോഭം മൂലം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ നവജാത ശിശു ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചതായി ആരോഗ്യ വകുപ്പ്. 26 സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലായി ഷെഡ്യൂള്‍ ചെയ്ത 5,000 ശസ്ത്രക്രിയകളെങ്കിലും റദ്ദാക്കിയതായും അധികൃതര്‍ പറഞ്ഞു.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പ്രതിദിനം ശരാശരി 400 ഓപ്പറേഷന്‍ ശസ്ത്രക്രിയകള്‍ നടന്നിരുന്നുവെന്നും സമരം ആരംഭിച്ചതിന് ശേഷം ഇത് 100ല്‍ താഴെയായെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആഗസ്റ്റ് 9 മുതല്‍ ബംഗാളിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഒപികളില്‍ ഏഴുലക്ഷത്തോളം രോഗികള്‍ക്ക് പരിശോധനയോ ചികിത്സയോ നിഷേധിക്കപ്പെട്ടതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിസല്‍ മുടങ്ങിയതോടെ സാധാരണക്കാരായ രോഗികള്‍ കടുത്ത പ്രയാസത്തിലായിരിക്കുകയാണ്.

വൃക്കയില്‍ കല്ലുകളുള്ള അഞ്ച് വയസുകാരനെയും സ്‌ട്രോക്ക് ബാധിച്ച വൃദ്ധയെയും എസ്എസ്‌കെഎമ്മില്‍ പ്രവേശനം നിഷേധിച്ചു. തന്റെ മകന് വൃക്കയില്‍ കല്ലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാലു ദിവസമായി ഇഎസ്‌ഐ ജോക്കയില്‍ ചികിത്സയിലായിരുന്നു. ചികിത്സ ഇനി ഇവിടെ സാധ്യമല്ലെന്ന് ഇന്ന് രാവിലെ അവിടെയുള്ള ഡോക്ടര്‍മാര്‍ ഞങ്ങളോട് പറഞ്ഞതായി കുട്ടിയുടെ പിതാവ് ജംഷഡ്പൂര്‍ നിവാസിയായ ദിലീപ് മുഖി പറഞ്ഞു.