Tue. Jan 21st, 2025

90 ശതമാനം സ്തനാര്‍ബുദങ്ങളുടെയും ശസ്ത്രക്രിയ ‘ഡേ കെയര്‍’ സംവിധാനം പോലെയാണ്. അതായത് ശസ്ത്രക്രിയ ചെയ്ത അന്നോ അല്ലെങ്കില്‍ പിറ്റേ ദിവസമോ രോഗിയ്ക്ക് ആശുപത്രി വിടാം. വീട്ടില്‍ പോയി രോഗി വിശ്രമിച്ചാല്‍ മതിയാകും

മുന്‍കാലങ്ങളെ അപേക്ഷിച്ച് സ്തനാര്‍ബുദം കേരളത്തിലെ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും സാധാരണമായ കാന്‍സറായി മാറിക്കഴിഞ്ഞു. കേരളത്തിലെ സ്ത്രീ പുരുഷ ഭേദമന്യേ കാന്‍സര്‍ രോഗികളില്‍ ഏഴിലൊരാള്‍ സ്തനാര്‍ബുദ രോഗിയാണ്. സ്ത്രീ ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ആണ് സ്തനാര്‍ബുദം ഉണ്ടാവുന്നത്തിന്റെ പ്രധാന കാരണം.

ആര്‍ത്തവാരംഭം നേരത്തെ ആകുന്നതും ആര്‍ത്തവ വിരാമത്തിന് കാലതാമസം ഉണ്ടാകുന്നതും കുട്ടികളുടെ എണ്ണം കുറയുന്നതും കുട്ടികള്‍ ഉണ്ടാവാത്തതും ആദ്യ കുട്ടി 30 വയസ്സിന് ശേഷമാവുന്നതും മുലയൂട്ടല്‍ കുറയുന്നതും സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. 5-10 ശതമാനം രോഗികളില്‍ പാരമ്പര്യവും വില്ലനാവുന്നു. ജീവിത ശൈലിയിലും ആഹാരക്രമത്തിലും വന്ന മാറ്റങ്ങള്‍ സ്തനാര്‍ബുദ സാധ്യതയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതാണ്.

2022 ല്‍ തിരുവനന്തപുരം ആര്‍സിസി പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം കാന്‍സര്‍ ബാധിക്കുന്ന സ്ത്രീകളില്‍ 31.6 ശതമാനം പേര്‍ക്കും സ്തനാര്‍ബുദമാണ്. രോഗനിര്‍ണയത്തില്‍ നേരിടുന്ന കാലതാമസം കാരണം മരണസാധ്യതയും സ്തനാര്‍ബുദത്തില്‍ കൂടുതലാണ്.

ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറുമായി (IARC) സഹകരിച്ച് കൊച്ചിയിലെ അമൃത ഹോസ്പിറ്റല്‍ നടത്തിയ പഠനത്തില്‍ പറയുന്നത് സ്തനാര്‍ബുദം ഏറ്റവും ആശങ്കപ്പെടേണ്ട കാന്‍സര്‍ ആണെന്നാണ്. സ്ത്രീകളില്‍ സ്തനാര്‍ബുദ മരണനിരക്ക് പ്രതിവര്‍ഷം 1.7 ശതമാനമാണെന്ന് പഠനത്തില്‍ പറയുന്നു.

സ്തനാര്‍ബുദത്തോടൊപ്പം കേരളത്തില്‍ സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന മറ്റൊരു കാന്‍സറാണ് തൈറോയിഡ്. ആഗോളതലത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ കണക്കുക്കള്‍ പരിശോധിക്കുകയാണെങ്കില്‍ തൈറോയ്ഡ് കാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചത് കാണാന്‍ കഴിയും. രാജ്യത്ത് ഈ അര്‍ബുദം ഏറ്റവും കൂടുതലായി കണ്ടുവരുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

കേരളത്തിലെ കാന്‍സര്‍ രോഗികളായ സ്ത്രീകളില്‍ പത്തിലൊരാള്‍ക്ക് തൈറോയ്ഡ് കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 2005 മുതല്‍ 2014 വരെയുള്ള കാലയളവില്‍ കേരളത്തിലെ സ്ത്രീകളുടെ തൈറോയ്ഡ് കാന്‍സര്‍ സാധ്യതാ നിരക്കില്‍ ഇരട്ടിയോളം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നീ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് നാലിരട്ടി വര്‍ധനവാണുള്ളത്. ഈ വര്‍ദ്ധനയില്‍ ഭൂരിഭാഗവും 40 വയസ്സിന് താഴെയുള്ള സ്ത്രീകളിലാണ് സംഭവിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് തൈറോയിഡ് കാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത് എന്നാണ് ദേശീയ കാന്‍സര്‍ രജിസ്ട്രി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. റേഡിയേഷന്‍, അമിത രോഗനിര്‍ണയം തുടങ്ങിയ മൂലമാണ് രണ്ട് ജില്ലകളിലും തൈറോയിഡ് കാന്‍സര്‍ രോഗികള്‍ വര്‍ധിക്കാന്‍ കാരണം എന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള ഒരു പഠനം ഇവിടെ നടന്നിട്ടില്ല.

തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയം മൂലമുണ്ടാകുന്ന റേഡിയേഷന്‍, തോറിയം അടങ്ങിയ മോണസൈറ്റ് മണലിന്റെ സാന്നിധ്യം, അമിതമായ രോഗനിര്‍ണയം തുടങ്ങിയ സിദ്ധാന്തങ്ങലളാണ് ആരോഗ്യ വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് തൈറോയ്ഡ് കാന്‍സര്‍ കൂടുതലായി കാണപ്പെടുന്നതില്‍ രണ്ടാംസ്ഥാനത്താണ് തിരുവനന്തപുരം, കൊല്ലം ജില്ലകളുള്ളത്.

ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് റിപ്പോര്‍ട്ട് അനുസരിച്ച് സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ തൈറോയിഡ് കാന്‍സര്‍ കാണുന്നത് തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരത്തെ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും സാധാരണമായ കാന്‍സറുകളില്‍ ഒന്നാണിത്. 2005-2016 കാലയളവില്‍ തിരുവനന്തപുരത്ത് സ്ത്രീകളില്‍ തൈറോയിഡ് കാന്‍സറിന്റെ വര്‍ധനവ് പ്രതിവര്‍ഷം 9.6 ശതമാനമാണ്.

സ്തനാര്‍ബുദം സ്ത്രീകളില്‍

‘പല കാരങ്ങള്‍ കൊണ്ട് സ്തനാര്‍ബുദം ബാധിക്കുന്നത് കേരളത്തില്‍ വര്‍ധിക്കുന്നുണ്ട്. ജീവിത ശൈലി, പുകവലി തുടങ്ങിയവയൊക്കെ സ്തനാര്‍ബുദം വരാനുള്ള കാരങ്ങളാണ്. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ജീവിത ശൈലിയിലെ ഏതുകാരണം കൊണ്ടാണ് കാന്‍സര്‍ വന്നത് എന്ന് ചൂണ്ടിക്കാണിക്കാന്‍ ഭയങ്കര പ്രയാസമാണ്.

ആരോഗ്യകരമല്ലാത്ത ഡയറ്റ്, വ്യായാമക്കുറവ് തുടങ്ങിയ കാര്യങ്ങള്‍ പൊതുവേയുള്ള ജീവിതശൈലി പ്രശനങ്ങളായി പറയാന്‍ പറ്റും. കാന്‍സര്‍ വരാന്‍ സാധ്യതയുള്ളതില്‍ തെളിയിക്കപ്പെട്ട ചില കാരണങ്ങളുണ്ട്. അതിലൊന്നാണ് പുകവലി. നേരിട്ട് പുകവലിക്കണം എന്നില്ല, പുകവലിക്കുന്ന ആളുകള്‍ക്കൊപ്പം ഇടപഴകുന്നതിലൂടെയും കാന്‍സര്‍ വരാം.’, അടൂര്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റലിലെ ജനറല്‍ സര്‍ജനും സ്തനാര്‍ബുദം, തൈറോയിഡ് കാന്‍സര്‍ വിദഗ്ധനുമായ ഡോ. അനൂപ് സജി പറഞ്ഞു.

പാരമ്പര്യം ഘടകമാണോ?

‘നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരു പ്രധാനപ്പെട്ട മേഖല ജനിതകപരമായി വരുന്ന കാന്‍സറിലാണ്. സ്തനാര്‍ബുദം, അണ്ഡാശയ കാന്‍സര്‍ എന്നിവ ജനിതക ഘടനയില്‍ മാറ്റം വന്നിട്ടുള്ളവര്‍ക്ക് വരാന്‍ സാധ്യത കൂടുതലുള്ള കാന്‍സറുകള്‍ ആണ്. BRCA1, BRCA2 തുടങ്ങിയ ജീനില്‍ മാറ്റങ്ങള്‍ വന്നാല്‍ പൊതുവേ വളരെ ചെറിയ പ്രായത്തില്‍ തന്നെ സ്തനാര്‍ബുദം വരാം. ഈ രോഗികളുടെ കുടുംബങ്ങളില്‍ മറ്റു കാന്‍സറുകളുടെ ചരിത്രവും ഉണ്ടാകും.

ഇപ്പോള്‍ ജെനറ്റിക് ടെസ്റ്റ് ലഭ്യമാണ്. കാന്‍സര്‍ വന്നവരിലാണ് ആദ്യം ജെനറ്റിക് ടെസ്റ്റ് ചെയ്യേണ്ടത്. ഉദാഹരണത്തിന് ഒരു സ്ത്രീയ്ക്ക് സ്തനാര്‍ബുദം വന്നുകഴിഞ്ഞാല്‍ അവര്‍ ജെനറ്റിക് ടെസ്റ്റിന്റെ മാനദണ്ഡത്തില്‍ വരുന്നുണ്ടെങ്കില്‍ അവര്‍ക്ക് ജെനറ്റിക് ടെസ്റ്റിംഗ് ചെയ്യുകയും ജീനില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്ന് ടെസ്റ്റില്‍ കണ്ടെത്തുകയും ചെയ്താല്‍ രോഗിയുടെ കുടുംബാഗങ്ങളെയും ജെനറ്റിക് ടെസ്റ്റിന് വിധേയമാക്കണം. കുടുംബാഗങ്ങള്‍ക്കും കാന്‍സറിന്റെ മ്യൂട്ടേഷന്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് രോഗത്തില്‍ നിന്നുള്ള പ്രതിരോധം എന്നോണം കാന്‍സര്‍ സ്‌ക്രീനിംഗ് നടത്താം.

ആദ്യ ഘട്ടമായി മാമോഗ്രാം, എംആര്‍ മാമോഗ്രാം തുടങ്ങിയവ ചെയ്യുക. രണ്ടാമതായി സ്തനാര്‍ബുദം ഉള്ളവര്‍ക്ക് അണ്ഡാശയ കാന്‍സര്‍ വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് അപകട സാധ്യത കുറയ്ക്കാനുള്ള ശസ്ത്രക്രിയകള്‍ ചെയ്യാം. മാസ്റ്റെക്ടമി (mastectomy), സാല്‍പിംഗക്ടമി (salpingectomy) ട്യൂബുകള്‍ എടുത്തുകളയാം, BRCA1 മ്യൂട്ടേഷന്‍ ആണെങ്കില്‍ രോഗം വരാതിരിക്കാനുള്ള പ്രതിരോധ നടപടി എന്നോണം സ്തനം നീക്കം ചെയ്യാം.

ആഞ്ജലീന ജോളിയാണ് ഈ വിഷയത്തില്‍ വലിയൊരു ഉദാഹരണം. (BRCA1 ജീനിന്റെ മ്യൂട്ടേഷന്‍ മൂലം തനിക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് മനസിലാക്കുകയും ജനിതക പരിശോധനയ്ക്ക് വിധേയയാകുകയും ചെയ്തതിന് ശേഷമാണ് ആഞ്ജലീന ജോളി സ്തനങ്ങള്‍ നീക്കം (prophylactic double mastectomy) ചെയ്യുന്നത്.

ജെനറ്റിക് ടെസ്റ്റ് ചെയ്യാന്‍ ചില പരിമിതികളുണ്ട്. ജെനറ്റിക് ടെസ്റ്റ് ചെയ്യുന്ന ലാബുകള്‍ ഇന്ത്യയില്‍ തന്നെയുണ്ടെങ്കിലും കുറവാണ് എന്നതാണ് ഒന്നാമത്തെ പരിമിതി. രണ്ട്, ചിലവ് താരതമ്യേനെ കൂടുതലാണ്. 16000 മുതല്‍ 20000 രൂപവരെ ചിലവ് വരും. ചെറുപ്പക്കാരായ സ്ത്രീകളില്‍ ട്രിപ്പിള്‍ നെഗറ്റീവ് സ്തനാര്‍ബുദം പോലെയുള്ള കാന്‍സറുകള്‍ കണ്ടെത്തിയാല്‍ ജെനറ്റിക് ടെസ്റ്റ് ചെയ്യണം എന്ന് നിര്‍ദേശിക്കാറണ്ട്.

ചികിത്സാ രീതികള്‍

സ്തനാര്‍ബുദം, അല്ലെങ്കില്‍ മറ്റു കാന്‍സറുകളുടെ ചരിത്രം കുടുംബങ്ങളില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും രോഗിയുടെ മക്കളും സഹോദരങ്ങളും കാന്‍സര്‍ പരിശോധന നടത്തണം. ആദ്യമായി ചെയ്യേണ്ടത് സ്വയം പരിശോധനയാണ്. രണ്ടാമതായി വര്‍ഷത്തില്‍ ഒരിക്കലോ അല്ലെങ്കില്‍ രണ്ടു വര്‍ഷം കൂടുമ്പോഴോ മമോഗ്രാം ചെയ്യണം. ചില കേസുകളില്‍ എംആര്‍ മമോഗ്രാം ചെയ്യേണ്ടി വരും.

കുറച്ചു കാലങ്ങള്‍ക്ക് മുമ്പേ സ്തനം മുഴുവന്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ആയിരുന്നു സ്തനാര്‍ബുദത്തിനുള്ള പ്രധാന ചികിത്സ. അതിന് ശേഷം കീമോ തെറാപ്പി, റേഡിയോ തെറാപ്പി എന്നിങ്ങനെയായിരുന്നു ചികിത്സ. ചിലര്‍ക്ക് സ്തനം മുഴുവന്‍ നീക്കം ചെയ്യുന്നത് വൈകാരികമായും മാനസികമായും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.

എന്നല്‍ ഇപ്പോള്‍ എല്ലാ കേസുകളിലും ആദ്യം ശസ്ത്രക്രിയ അല്ല നിര്‍ദേശിക്കാറുള്ളത്. പ്രാരംഭ ഘട്ടത്തിലുള്ള സ്തനാര്‍ബുദം ആണെങ്കില്‍ ചില കേസുകളില്‍ ആദ്യം കീമോ തെറാപ്പിയാണ് നിര്‍ദേശിക്കാറുള്ളത്. ചില കേസുകളില്‍ ശസ്ത്രക്രിയയും നിര്‍ദേശിക്കും. അതിനുള്ള പ്രതികരണം അനുസരിച്ചായിരിക്കും ബാക്കിയുള്ള ചികിത്സകള്‍.

ഇപ്പോള്‍ കൂടുതലും സ്തന സംരക്ഷണ ശസ്ത്രക്രിയ (Breast-conserving surgery) യാണ് ചെയ്യുന്നത്. മിക്ക കേസുകളിലും ഈ രീതി സാധ്യമാണ്. സ്തനം നിലനിര്‍ത്തികൊണ്ട് തന്നെ ട്യൂമര്‍, കക്ഷത്തിലുള്ള കഴലകള്‍ തുടങ്ങിയവ നീക്കം ചെയ്യും. കക്ഷത്തിലുള്ള കഴലകള്‍ പരിശോധിക്കുന്നത് കാന്‍സറില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നറിയാനും എത്ര കീമോ തെറാപ്പി വേണം എന്ന് നിശ്ചയിക്കാനുമാണ്.

നേരത്തെ കക്ഷത്തിലുള്ള പരമാവധി കഴലകള്‍ നീക്കം ചെയ്യുമായിരുന്നു. ഇപ്പോള്‍ കക്ഷത്തിലുള്ള കഴലകള്‍ കാന്‍സറിന്റെ ഭാഗം അല്ലെങ്കില്‍, സെന്റിനല്‍ ലിംഫ് നോഡുകള്‍ (sentinel lymph nodes) എന്ന് പറയുന്ന ഭാഗത്ത് നിന്നും കുറച്ച് കഴലകള്‍ മാത്രമേ നീക്കം ചെയ്യൂ. ബാക്കി കഴലകള്‍ കൂടി നീക്കം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഇതിനകത്ത് കാന്‍സര്‍ കോശങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ചതിന് ശേഷമാണ്. രോഗിയ്ക്ക് ആവശ്യമുള്ള ബാക്കിയുള്ള ചികിത്സകളും ഈ ഘട്ടത്തില്‍ തീരുമാനിക്കാന്‍ കഴിയും.

കക്ഷത്തിലുള്ള മുഴുവന്‍ കഴലകളും നീക്കം ചെയ്യുമ്പോഴേക്കും കയ്യില്‍ അമിതമായി നീരുവരും. ലിംഫെഡിമ (Lymphedema) എന്നാണ് ഇതിന് പറയുന്നത്. കുറച്ചുകാലം മുമ്പ് സ്തനം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ചെയ്തവരില്‍ ഈ അവസ്ഥ കാണാം. ഈ നീര് അതുപോലെ നിലനില്‍ക്കും.

സെന്റിനല്‍ ലിംഫ് നോഡ് ബയോപ്‌സി (sentinel lymph node biopsy) ചെയ്യുന്നതിലൂടെ നീരു വരാനുള്ള സാധ്യത ഒരുപാട് കുറയ്ക്കാന്‍ സാധിക്കും. തോള്‍ അനക്കാനുള്ള ബുദ്ധിമുട്ടൊക്കെ ശസ്ത്രക്രിയ കഴിഞ്ഞാല്‍ ചിലരില്‍ കാണാറുണ്ട്. ആ ബുദ്ധിമുട്ടുകള്‍ എല്ലാം സെന്റിനല്‍ ലിംഫ് നോഡ് ബയോപ്‌സിയിലൂടെ ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കും.

സ്തന സംരക്ഷണ ശസ്ത്രക്രിയ ചെയ്യുമ്പോഴുള്ള ഒരു പോരായ്മ സ്തനത്തിന്റെ ആകൃതിയില്‍ വ്യത്യാസം വരും എന്നതാണ്. ഈ അവസ്ഥയെ മറികടക്കാന്‍ ഓങ്കോപ്ലാസ്റ്റി (Oncoplasty) ശസ്ത്രക്രിയ ചെയ്യും. സ്തനത്തിന്റെ വശങ്ങളിലുള്ള മാംസം ഉപയോഗിച്ച് സ്തനത്തിന്റെ ആകൃതി നിലനിര്‍ത്തും. സ്തനത്തിന്റെ വലിപ്പവും രൂപവും മറ്റേ സ്തനത്തിനോട് സമമാക്കുക എന്നുള്ളതാണ് ഈ ശസ്ത്രക്രിയകൊണ്ട് ഉദ്ദേശിക്കുന്നത്.

സ്തനം മുഴുവന്‍ എടുത്തുകളയുന്നവര്‍ക്ക് സ്തന പുനര്‍നിര്‍മ്മാണ ശസ്ത്രക്രിയ (breast reconstruction surgery) ചെയ്യും. മറ്റൊരിടത്ത് നിന്നും മാംസം എടുത്ത് സ്തന പുനര്‍നിര്‍മ്മാണ ശസ്ത്രക്രിയ നടത്തും. അല്ലെങ്കില്‍ കൃത്രിമ സ്തനം വെച്ചുപിടിപ്പിക്കും. അതായത് സ്തനത്തിന്റെ രൂപവും വലിപ്പവുമുള്ള സിലിക്കോണ്‍ ഉപയോഗിച്ചുള്ള സ്തനമുണ്ട്. ഇതൊരു കൃത്രിമ വസ്തുവാണ്. സിലിക്കോണ്‍ ബ്രെസ്റ്റ് ഇംപ്ലാന്റ്‌സ് (Silicone breast implants) എന്നാണ് ഇതിന് പറയുന്നത്. ഇത് സ്തനത്തിനകത്ത് വെക്കും.

സ്തനം പൂര്‍ണമായും നീക്കം ചെയ്താല്‍ ബ്രേസറുകള്‍ക്ക് അകത്ത് വെക്കുന്ന സാധാരണ കൃത്രിമ ശരീരഭാഗം (prosthesis) ഉപയോഗിക്കാണുണ്ട്. ഇത് സ്തനത്തിന്റെ വലിപ്പം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഉപയോഗിക്കുന്നത്. തൊലിയുടെ അടിയില്‍ വെക്കുന്ന ഇംപ്ലാന്റ്‌സും ലഭ്യമാണ്. ഇത് ശസ്ത്രക്രിയയുടെ സമയത്ത് തന്നെ സ്തനത്തിനകത്ത് വെക്കും. ഇറക്കുമതി ചെയ്താണ് ഇവ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ചിലവ് പ്രധാന ഘടകമാണ്. ഇത് തന്നെയാണ് ഈ ചികിത്സാരീതിയുടെ പരിമിതിയും.

ചില കേസുകളില്‍ ഏറ്റവും നല്ല ചികിത്സാരീതി ശരീരത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്നും മസിലും തൊലിയും എടുത്ത് സ്തനത്തിന്റെ ആകൃതി ഉണ്ടാക്കി എടുക്കല്‍ ആണ്. വയറിന്റെ ഭാഗത്ത് നിന്നും മസിലും തൊലിയും ചേര്‍ത്തോ, മുതുകില്‍ നിന്നുള്ള മസിലും തൊലിയും ചേര്‍ത്തോ സ്തനത്തിന്റെ രൂപം ഉണ്ടാക്കി എടുക്കുന്നു. ഇത്തരം ചികിത്സകള്‍ എല്ലാം രോഗിയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായകമാകുന്നതാണ്.

ചികിത്സ കഴിഞ്ഞാല്‍ സ്‌ക്രീനിംഗ് പോലെയുള്ള ഫോളോഅപ് വളരെ പ്രധാനപ്പെട്ടതാണ്. സ്തനാര്‍ബുദ ലക്ഷണങ്ങള്‍ അവഗണിക്കുന്ന സമീപനം പലപ്പോഴും കണ്ടിട്ടുണ്ട്. പല കാരങ്ങള്‍ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ചിലപ്പോള്‍ ഭയമാകാം. ഇത് ചികിത്സയെ കാര്യമായി ബാധിക്കും. വൃണമായി മറ്റുള്ള ഭാഗങ്ങളിലേയ്ക്ക് പടര്‍ന്നു കഴിഞ്ഞാല്‍ അസുഖം ബോധമാകാന്‍ വളരെ പ്രയാസമാണ്.

മറ്റൊന്ന്, ശരിയായ വൈദ്യോപദേശം എടുക്കുക എന്നുള്ളതാണ്. ഒറ്റമൂലി തുടങ്ങിയ ചികിത്സകള്‍ ഒന്നും കാന്‍സറിനില്ല. രണ്ടാമത് ഒരു ഡോക്ടറുടെ നിര്‍ദേശം എടുക്കുന്നതില്‍ തെറ്റില്ല. പക്ഷേ, ശരിയായ വൈദ്യോപദേശം എടുത്ത് തന്നെയാവണം മുന്നോട്ടുപോകെണ്ടാത്.’, ഡോ. അനൂപ് സജി പറഞ്ഞു.

ചികിത്സയ്ക്ക് നേരിടുന്ന പ്രധാന വെല്ലുവിളി

ചികിത്സകള്‍ക്ക് പ്രധാന ബുദ്ധിമുട്ടായി നില്‍ക്കുന്നത്, പലപ്പോഴും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ രോഗികള്‍ പങ്കാളികള്‍ ആകുന്നില്ല എന്നതാണ്. പ്രായമായ രോഗികളുടെ മക്കളൊക്കെ പറയാറുണ്ട് അമ്മയോട് അസുഖത്തെ കുറിച്ച് ഒന്നും പറയരുതെന്ന്. ചുറ്റുമുള്ള എല്ലാവരും അറിഞ്ഞാലും രോഗി തനിക്ക് കാന്‍സര്‍ ആണെന്ന് അറിയില്ല.

രോഗിക്ക് തന്റെ അസുഖം എന്താണെന്ന് അറിഞ്ഞാലല്ലേ എന്തൊക്കെ ചികിത്സയാണ് വേണ്ടതെന്ന് ഡോക്ടറുമായി ചര്‍ച്ച ചെയ്യാന്‍ സാധിക്കൂ. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കൊണ്ട് മാറാവുന്ന ചിന്താഗതിയല്ലിത്. എന്താണ് രോഗം എന്നുള്ളതും എന്താണ് ചികിത്സ എന്നുള്ളതും രോഗിയാണ് ഡോക്ടറുമായി സംസാരിക്കേണ്ടത്.

ഉദാഹരണത്തിന് സ്തന സംരക്ഷണ ശസ്ത്രക്രിയയെ കുറിച്ച് പറഞ്ഞാല്‍ പോലും ചിലപ്പോള്‍ രോഗിയുടെ കൂടെ ഉള്ളവര്‍ പറയാറുണ്ട്, ‘അത് വേരോടെ എടുത്ത് കളയുകയല്ലേ നല്ലത്, ബാക്കി വെക്കണോ’ എന്ന്. സ്തന സംരക്ഷണ ശസ്ത്രക്രിയ ചെയ്യണം എങ്കില്‍ റേഡിയേഷന്‍ നിര്‍ബന്ധമായും ചെയ്യണം. അല്ലെങ്കില്‍ കാന്‍സര്‍ വീണ്ടും വരാന്‍ സാധ്യത വളരെ കൂടുതലാണ്.

സ്തനം മുഴുവനായും നീക്കം ചെയ്യുന്ന രോഗിയ്ക്കും റേഡിയേഷന്‍ വേണ്ടിവരാം. കഴലകളുടെ എണ്ണം, കാന്‍സര്‍ തൊലിയോ ബാധിച്ചോ എന്നുള്ള കാര്യങ്ങള്‍ എല്ലാം പരിഗണിച്ചാണ് റേഡിയേഷന്‍ വേണോ വേണ്ടയോ എന്ന തീരുമാനം എടുക്കുക.

90 ശതമാനം സ്തനാര്‍ബുദങ്ങളുടെയും ശസ്ത്രക്രിയ ‘ഡേ കെയര്‍’ സംവിധാനം പോലെയാണ്. അതായത് ശസ്ത്രക്രിയ ചെയ്ത അന്നോ അല്ലെങ്കില്‍ പിറ്റേ ദിവസമോ രോഗിയ്ക്ക് ആശുപത്രി വിടാം. വീട്ടില്‍ പോയി രോഗി വിശ്രമിച്ചാല്‍ മതിയാകും. ആധുനിക അനസ്‌തേഷ്യയെല്ലാം ഉപയോഗപ്പെടുത്തി വളരെ സുരക്ഷിതമായി ശസ്ത്രക്രിയ ചെയ്യാം. സ്തനം മുഴുവന്‍ നീക്കം ചെയ്യുന്ന ശാസ്ത്രക്രിയകള്‍ ചെയ്യുന്ന ചിലര്‍ക്ക് മാത്രമേ രണ്ടോ മൂന്നോ ദിവസം ആശുപത്രിയില്‍ തുടരേണ്ടി വരൂ.

കേരളത്തില്‍ മിക്ക ജില്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ കീമോ തെറാപ്പി ചികിത്സ ലഭ്യമാണ്. ചെറിയൊരു ശതമാനം സ്വകാര്യ ആശുപത്രികളിലും കീമോ തെറാപ്പി സൗകര്യമുണ്ട്. എന്നാല്‍ റേഡിയേഷന്‍ വളരെ ചുരുക്കം ആശുപത്രികളിലെ ഉള്ളൂ. മിക്ക റേഡിയേഷനും 25 ദിവസത്തെ കോഴ്‌സ് ആയിരിക്കും.

മൊത്തത്തില്‍ നാലാഴ്ച റേഡിയേഷന്‍ എടുക്കേണ്ടി വരും. എന്നാലെ അതിന്റെ ഗുണം കിട്ടൂ. കൂടെ വരാനോ, നില്‍ക്കാനോ ആളുകള്‍ ഇല്ലാത്തവര്‍ക്ക് ഇതൊരു ബുദ്ധിമുട്ട് ആയിരിക്കും. അങ്ങനെ ഉള്ളവര്‍ക്ക് സ്തന സംരക്ഷണ ശസ്ത്രക്രിയ ചെയ്താല്‍ ചികിത്സ പൂര്‍ണമാക്കാന്‍ പ്രയാസം ആയിരിക്കും. അതുകൊണ്ടാണ് പറഞ്ഞത് രോഗിയാണ് ചികിത്സയെ കുറിച്ചുള്ള തീരുമാനം എടുക്കേണ്ടത് എന്ന്.’, ഡോ. അനൂപ് സജി കൂട്ടിച്ചേര്‍ത്തു.

സ്തനാര്‍ബുദവും അണ്ഡശയ കാന്‍സറും തമ്മിലുള്ള ബന്ധം

ചില തരം സ്തനാര്‍ബുദം ഉള്ളവര്‍ക്ക് അണ്ഡാശയ കാന്‍സര്‍ വരാനുള്ള സാധ്യതയുണ്ട്. പ്രധാനമായും ജനിതകകരമായ കാരണങ്ങള്‍ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. നമ്മുടെ ശരീരത്തില്‍ ട്യൂമറുകള്‍ ഉണ്ടായാല്‍ അതിനെ ഇല്ലതെയാക്കാനുള്ള മെക്കാനിസം നമ്മുടെ ശരീരത്തില്‍ തന്നെയുണ്ട്. ജീനുകള്‍ക്ക് മ്യൂട്ടേഷന്‍ സംഭവിച്ചിട്ടുള്ളവര്‍ക്ക് ട്യൂമറുകളെ ഇല്ലാതാക്കാനുള്ള മെക്കാനിസം ശരിയായി പ്രവര്‍ത്തിക്കില്ല. അങ്ങനെയുള്ളവര്‍ക്കാണ് അണ്ഡാശയ കാന്‍സര്‍ കൂടി വരാനുള്ള സാധ്യതയുള്ളത്. ജെനറ്റിക് ടെസ്റ്റിങ്ങിലൂടെ മാത്രമേ ഇത്തരം ഒരു റിസ്‌ക് ഉണ്ടോ ഇല്ലയോ എന്ന് കണ്ടുപിടിക്കാന്‍ സാധിക്കൂ.

ഉദാഹരണത്തിന് 40-45 വയസ്സില്‍ ആയിരിക്കാം സ്തനാര്‍ബുദം കണ്ടെത്തുക. ചികിത്സ തുടങ്ങിയാല്‍ ജെനറ്റിക് ടെസ്റ്റ് ചെയ്യാന്‍ നിര്‍ദേശിക്കും. പിന്നീട് ചെയ്യാം എന്ന് കരുതി ടെസ്റ്റ് മാറ്റിവെക്കും. ശരാശരി ഇന്ത്യന്‍ കുടുംബങ്ങളില്‍ കുടുംബത്തിന്റെ ബജറ്റിനെ താറുമാറാക്കാന്‍ ഒരാള്‍ക്ക് കാന്‍സറുണ്ടായാല്‍ മതി. ഇത്തരത്തില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന സാമ്പത്തിക, സാമൂഹിക ബുദ്ധിമുട്ടുകള്‍ കാരണം ടെസ്റ്റ് മാറ്റിവെക്കും. ആറോ, ഏഴോ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആയിരിക്കും അവര്‍ക്ക് അണ്ഡാശയത്തില്‍ കാന്‍സര്‍ കണ്ടെത്തുക. വളരെ ചുരുക്കം പേര്‍ക്കേ സ്തനാര്‍ബുദം വന്നതിന് ശേഷം അണ്ഡാശയ കാന്‍സര്‍ വരൂ.

തൈറോയിഡ് കാന്‍സര്‍ സ്ത്രീകളില്‍

കഴുത്തില്‍ ശബ്ദനാളത്തിന് താഴെയായി ചിത്രശലഭത്തിന്റെ ആകൃതിയില്‍ കാണുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ഹൃദയസ്പന്ദനം, ബ്ലഡ് പ്രഷര്‍, ശരീരഭാരം, താപനില മുതലായവ നിയന്ത്രിക്കുന്ന ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ജനിതകമാറ്റം വഴി തൈറോയ്ഡ് കോശങ്ങള്‍ അനിയന്ത്രിതമായ വളര്‍ച്ച പ്രാപിക്കുന്ന അവസ്ഥയാണ് തൈറോയ്ഡ് കാന്‍സര്‍.

തൈറോയ്ഡ് കാന്‍സര്‍ വരാനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ മൂന്നിരട്ടി കൂടുതലാണ്. നാല്‍പതിനും അമ്പതിനും ഇടയിലുള്ള സ്ത്രീകളിലാണ് കൂടുതലായും ഈ രോഗം കണ്ടുവരുന്നത്. എന്നിരുന്നാലും പ്രായലിംഗഭേദമന്യേ ഈ രോഗം കാണപ്പെടാം.

‘പൊതുവേ തൈറോയിഡ് അസുഖങ്ങള്‍ സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. അതുകൊണ്ടാണ് തൈറോയിഡ് കാന്‍സര്‍ കൂടുതലായി കാണുന്നത്. തൈറോയിഡ് ഹോര്‍മോണില്‍ വരുന്ന മാറ്റങ്ങള്‍ എല്ലാം കൂടുതലായി കണ്ടുവരുന്നത് സ്ത്രീകളിലാണ്.

തൈറോയിഡിന്റെ സംശയാസ്പദമായ മുഴകള്‍ കണ്ടുപിടിക്കാന്‍ എളുപ്പമാണ്. അള്‍ട്രസൗണ്ട് പോലെ പൊതുവേ കാണുന്ന പരിശോധനയും കുത്തി പരിശോധനയുമാണ് മുഴകള്‍ കണ്ടുപിടിക്കാന്‍ പൊതുവേ സ്വീകരിക്കുന്ന മാര്‍ഗം. സാധാരണ ഒരു അള്‍ട്രസൗണ്ട് ഉള്ള ആശുപതിയിലും കുത്തിപരിശോധനയുള്ള ലാബുകളിലും പരിശോധന നടത്താം. ഇതുവഴി ഒരുപരിധിവരെ തൈറോയിഡ് കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കാന്‍ പറ്റും.

തൈറോയിഡ് കാന്‍സറിനെ കുറിച്ച് പൊതുവേ ആളുകള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടാകാറുണ്ട്. സാധാരണയായി ആളുകള്‍ പറയുന്നത് രക്തത്തില്‍ തൈറോയിഡ് ഇല്ലല്ലോ പിന്നെ എങ്ങനെയാണ് കഴുത്തില്‍ മുഴ വന്നത് എന്നാണ്. തൈറോയിഡിന്റെ മുഴയുണ്ടോ ഇല്ലയോ എന്നത് രക്തം ടെസ്റ്റ് ചെയ്താല്‍ അറിയാന്‍ സാധിക്കില്ല. തൈറോയിഡിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് മാത്രമേ രക്തം പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കൂ. അതായത് തൈറോയിഡ് ഹോര്‍മോണുകളുടെ അളവുമാത്രമാണ് പരിശോധിക്കുക. അത് കാന്‍സറുമായി നേരിട്ടുള്ള പരസ്പരബന്ധം പുലര്‍ത്തുന്നില്ല. ഹോര്‍മോണിന്റെ അളവു കൂടിയാലും കുറഞ്ഞാലും കാന്‍സര്‍ വരാനുള്ള സാധ്യതയുണ്ട്.

ശരിയായ ചികിത്സ ചെയ്തുകഴിഞ്ഞാല്‍ തൈറോയിഡിന്റെ മിക്ക കാന്‍സറുകളും ബേധമാവും. മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലാതെ സാധാരണ ജീവിതം നയിക്കാവുന്നതാണ്. സാധാരണയായി ആദ്യത്തെ ചികിത്സ തൈറോയിഡ് ഗ്രന്ഥി നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ്. തൈറോയിഡിന്റെ ഒട്ടുമിക്ക കാന്‍സറുകള്‍ക്കും ശസ്ത്രക്രിയയ്ക്ക് ശേഷം റേഡിയോ അയോഡിന്‍ ചികിത്സ വേണ്ടിവരും. റെഡിയേഷനില്‍ നിന്നും വ്യത്യസ്തമായ ചികിത്സയാണ് റേഡിയോ അയോഡിന്‍.

റേഡിയോ ആക്റ്റിവിറ്റിയുള്ള അയഡിന്‍ (മരുന്ന്) ഉപയോഗിച്ച് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ സാധിക്കാത്ത തൈറോയ്ഡ് കാന്‍സര്‍ കോശങ്ങള്‍ നശിപ്പിക്കുന്ന ചികിത്സയാണിത്. വളരെ ചുരുക്കം കേസുകളില്‍ മാത്രമേ കീമോ തെറാപ്പിയും റേഡിയേഷന്‍ തെറാപ്പിയും വേണ്ടിവരാരോള്ളൂ.

പലതരം കാന്‍സറുകളും കീമോ തെറാപ്പിയോടും റേഡിയേഷനോടും പ്രതികരിക്കുക പലതലത്തിലാണ്. ഉദാഹരണത്തിന് സ്തനാര്‍ബുദം. സ്തനാര്‍ബുദം കീമോ തെറാപ്പിയോടും റേഡിയേഷനോടും വളരെ നല്ല രീതിയില്‍ പ്രതികരിക്കുന്നതാണ്. അതേസമയം, തൈറോയിഡ് കാന്‍സര്‍ കീമോ തെറാപ്പിയോട് ഫലപ്രദമായ രീതിയില്‍ പ്രതികരിക്കാറില്ല.’, ഡോ. അനൂപ് സജി പറയുന്നു

എന്താണ് റേഡിയോ അയോഡിന്‍ തെറാപ്പി

തൈറോയ്ഡ് കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി റേഡിയോ ആക്ടീവ് അയോഡിന്‍ (ഐസോടോപ്പ് ക131)ന്റെ ക്ലിനിക്കല്‍ ഉപയോഗമാണ് റേഡിയോ അയോഡിന്‍ തെറാപ്പി. നിലവില്‍ കൂടുതലായി കണ്ടു വരുന്ന ഡിഫ്രന്‍ഷ്യേറ്റഡ് ടൈപ്പ് തൈറോയ്ഡ് ക്യാന്‍സറുകള്‍ക്കുള്ള (പാപ്പില്ലറി, ഫോളികുലാര്‍ വേരിയന്റുകള്‍) ഫലപ്രദമായ ചികിത്സാ രീതിയാണിത്.

ഒരു രോഗിയെ റേഡിയോ അയോഡിന്‍ തെറാപ്പിക്ക് റഫര്‍ ചെയ്തതിന് ശേഷം ആദ്യം ചെയ്യേണ്ടത് ഒരു ഫുള്‍ ബോഡി റേഡിയോ അയോഡിന്‍ സ്‌കാനാണ്. ഈ സ്‌കാന്‍ നടത്താന്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഏകദേശം മൂന്ന് ആഴ്ചകള്‍ ആവശ്യമാണ്. തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (TSH) ശസ്ത്രക്രിയ്ക്ക് ശേഷം അഭികാമ്യമായ തലത്തിലേക്ക് ഉയരാന്‍ അനുവദിക്കുന്നതിനാണ് ഈ ഇടവേള നല്‍കിയിരിക്കുന്നത്.

ഈ ഹോര്‍മോണാണ് തൈറോയ്ഡ് ടിഷ്യുവിനെയും കാന്‍സര്‍ കോശങ്ങളെയും റേഡിയോ ആക്ടീവ് അയോഡിന്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ടിഎസ്എച്ച് ലെവല്‍ ഒരു നിശ്ചിത നിലവാരത്തിന് മുകളിലായിക്കഴിഞ്ഞാല്‍, 131-അയോഡിന്റെ വളരെ ചെറിയ ഓറല്‍ ഡോസ് ഉപയോഗിച്ചാണ് ഡയഗ്നോസ്റ്റിക് പഠനം നടത്തുന്നത്.

ശസ്ത്രക്രിയക്ക് ശേഷം രോഗിക്ക് കഴുത്തില്‍ തൈറോയ്ഡ് ടിഷ്യു അവശേഷിക്കുന്നുണ്ടോ എന്നും നീക്കം ചെയ്യാതെ കഴുത്തില്‍ നോഡുകളുടെ രൂപത്തിലോ അല്ലെങ്കില്‍ ശ്വാസകോശത്തിലോ, എല്ലുകളിലോ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിലോ വ്യാപിച്ചുകിടക്കുന്ന കാന്‍സറിന്റെ സാന്നിധ്യവും ഈ സ്‌കാനിംങ് വഴി നിര്‍ണയിക്കുന്നു.

രോഗിയുടെ Diagnostic Whole Body പഠനത്തിന്റെയും രക്ത പരിശോധന ഫലം, കാന്‍സറിന്റെ ഉപവിഭാഗം, കാന്‍സറിന്റെ ആക്രമണോത്സുകതയൊക്കെ കണക്കിലെടുത്ത് എത്ര മാത്രം റേഡിയോ അയോഡിന്‍ നല്‍ക്കേണ്ടി വരുമെന്ന് ആദ്യം കണക്കാക്കുന്നു. രോഗത്തിന്റെ അളവ് കൂടുതല്‍ ഉണ്ടെങ്കില്‍ അതിന് ആനുപാതികമായി ഡോസും വര്‍ദ്ധിപ്പിക്കുന്നു.

റേഡിയോ ആക്ടീവ് അയോഡിന്‍ I131 കാപ്സ്യൂളിലോ പാനീയത്തിന്റെ രൂപത്തിലോ വായിലൂടെ നല്‍കുന്നു. ഇത് എടുത്തതിനുശേഷം, രോഗി റേഡിയോ ആക്റ്റിവിറ്റി പ്രസരിപ്പിക്കുന്നതുകൊണ്ട് നിരന്തരമായ നിരീക്ഷണത്തില്‍ ഒറ്റമുറിയില്‍ തനിച്ചായിരിക്കാന്‍ രോഗിയെ നിര്‍ദ്ദേദശിക്കുന്നു. റേഡിയോ ആക്ടിവിറ്റി ലെവലുകള്‍ നിര്‍ദ്ദിഷ്ട അളവില്‍ താഴെ വന്നതിനുശേഷം മാത്രമേ രോഗിയെ മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കൂ.

പ്രത്യുല്‍പാദന പ്രായത്തിലുള്ള സ്ത്രീകളാണെങ്കില്‍, ഗര്‍ഭധാരണം ഈ തെറാപ്പിക്ക് അഭികാമ്യമല്ലാത്തതിനാല്‍ രോഗി ഗര്‍ഭിണിയല്ലെന്ന് സ്ഥിരീകരിക്കണം. റേഡിയോ അയോഡിന്‍ തെറാപ്പി കഴിഞ്ഞ് ചുരുങ്ങിയത് ആറു മാസത്തിനു ശേഷമേ ഗര്‍ഭിണിയാകാവൂ.

മുലയൂട്ടുന്ന അമ്മമാര്‍, മുലയൂട്ടുന്ന കാര്യം ഡോക്ടറെ അറിയിക്കേണ്ടതുണ്ട്. റേഡിയോ-അയോഡിന്‍ സാന്നിദ്ധ്യം മുലപ്പാലില്‍ കാണപ്പെടുന്നതിനാല്‍, തെറാപ്പി എടുത്തതിനുശേഷം രോഗി മുലയൂട്ടല്‍ നിര്‍ത്തേണ്ടതുണ്ട്.

തെറാപ്പി പൂര്‍ത്തിയാകുന്നതുവരെ ശസ്ത്രക്രിയ്ക്ക് ശേഷം തൈറോക്സിന്‍ സപ്ലിമെന്റേഷന്‍ നിര്‍ത്തുന്നതിനൊപ്പം, അയോഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ (കടല്‍ വിഭവങ്ങള്‍, ചില മള്‍ട്ടിവിറ്റമിന്‍ കാപ്സ്യൂളുകള്‍) ഒഴിവാക്കണം. മറ്റെല്ലാ ഭക്ഷണവും സാധാരണപോലെ കഴിക്കാം. പുറമെ പുരട്ടുന്ന അയോഡിന്‍ന്റെ ഉയര്‍ന്ന സാന്ദ്രത ഉള്ള (അയോഡെക്സ് പോലുള്ള) ലേപനങ്ങള്‍ ഒഴിവാക്കണം.

റേഡിയോ അയോഡിന്‍ തെറാപ്പിയ്ക്ക് പാര്‍ശ്വഫലമുണ്ടോ?

റേഡിയോ അയോഡിന്‍ തെറാപ്പി സുരക്ഷിതവും ബുദ്ധിമുട്ടില്ലാത്തതും കാലങ്ങളായി അംഗീകരിക്കപ്പെട്ടതുമായ ഒരു ചികിത്സാ രീതിയാണ്. റേഡിയോ അയോഡിന്‍ എടുക്കുന്ന മിക്ക രോഗികള്‍ക്കും കഴുത്തില്‍ നേരിയ വേദനയോ, തടിപ്പോ, ഓക്കാനം അല്ലെങ്കില്‍ ചിലപ്പോള്‍ ഛര്‍ദ്ദി എന്നിവ ചെറിയ രീതിയില്‍ ഉണ്ടാകും. ഇത് മരുന്നുകളിലൂടെ നിയന്ത്രിക്കാനാകും.

ചിലപ്പോള്‍ ഉമിനീര്‍ ഗ്രന്ഥിയില്‍ വേദനയോ, വീക്കമോ കാണാറുണ്ട്. തെറാപ്പിക്ക് ശേഷം ച്യൂയിംഗം, പുളിയുള്ള മിഠായി അല്ലെങ്കില്‍ പുളി എന്നിവ ഇടക്കിടെ കഴിക്കുന്നതിലൂടെ ഇത് ഒഴിവാക്കാം. കീമോ അല്ലെങ്കില്‍ റേഡിയോ തെറാപ്പിക്ക് ശേഷം ഉണ്ടാകാവുന്ന താല്‍ക്കാലിക മുടി കൊഴിച്ചില്‍ റേഡിയോ അയോഡിന്‍ തെറാപ്പിയില്‍ ഉണ്ടാകില്ല.

ഒന്നിലധികം ഡോസുകള്‍ ആവശ്യമുള്ള ഒരു രോഗിയില്‍, റേഡിയോ അയോഡിന്‍ തെറാപ്പി ആരംഭിക്കുന്നത് എല്ലായിപ്പോഴും റിസ്‌ക് ടു ബെനിഫിറ്റി റേഷ്യോ നോക്കിയാണ്. വലിയ അളവില്‍ റേഡിയേഷന്‍ ഏല്‍ക്കുന്ന പുരുഷന്മാര്‍ക്ക് ബീജങ്ങളുടെ എണ്ണം കുറവായിരിക്കാം, അല്ലെങ്കില്‍ വന്ധ്യതയുണ്ടാകാം. അപൂര്‍വ്വമായി ഒന്നിലധികം റേഡിയോ അയോഡിന്‍ ഡോസുകള്‍ ആവശ്യമുള്ളതോ അല്ലെങ്കില്‍ ഒരു വലിയ ക്യുമുലേറ്റീവ് ഡോസിന് ശേഷമോ അത്തരം രോഗികള്‍ക്ക് സ്പേം ബാങ്കിംഗ് നിര്‍ദേശിക്കാറുണ്ട്.

’90 ശതമാനം തൈറോയിഡ് കാന്‍സറും ഡിഫറന്‍ഷിയേറ്റഡ് കാന്‍സര്‍ എന്ന ഗണത്തില്‍ പെടുന്നതാണ്. ഈ കാന്‍സറിന് ശസ്ത്രക്രിയ, റേഡിയോ അയോഡിന്‍ ചികിത്സകളാണ് വേണ്ടത്. പിന്നെയുള്ളത് മെഡുല്ലറി തൈറോയിഡ് കാന്‍സറും, അണ്‍ ഡിഫറന്‍ഷിയേറ്റഡ് തൈറോയിഡ് കാന്‍സറുമാണ്. ഇവയ്ക്ക് ശാസ്ത്രക്രിയക്ക് ശേഷം റേഡിയോ അയോഡിന്‍ ചികിത്സ നല്‍കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ കീമോ തെറാപ്പി ഉപയോഗിക്കും.

അസുഖത്തിന്റെ സ്വഭാവം അനുസരിച്ച് കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കാന്‍ ഉതകുന്ന ഫലപ്രദമായ മരുന്നുകള്‍ ആയിരിക്കും കീമോ തെറാപ്പിയ്ക്ക് ഉപയോഗിക്കുക. മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്ത കാന്‍സറുകള്‍ക്ക്, അല്ലെങ്കില്‍ എല്ലുകളിലെയ്ക്ക് വ്യാപിച്ച കാന്‍സറുകള്‍ക്ക്, റേഡിയോ അയോഡിനോട് പ്രതികരിക്കാത്ത കാന്‍സറുകള്‍ക്ക് ആണ് റെഡിയേഷന്‍ പൊതുവേ ഉപയോഗിക്കുക.’, ഡോ. അനൂപ് സജി വ്യക്തമാക്കി.

സ്തനാര്‍ബുദം, തൈറോയിഡ് കാന്‍സര്‍: രോഗം വരാവുന്ന പ്രായം

‘കഴുത്തില്‍ മുഴ ഉണ്ടാകുന്നത് കൊണ്ട് തൈറോയിഡ് കാന്‍സര്‍ രോഗിയ്ക്കും മറ്റുള്ളവര്‍ക്കും തിരിച്ചറിയാന്‍ സാധിക്കും. സ്തനാര്‍ബുദം പലപ്പോഴും രോഗി തന്നെയാണല്ലോ മനസ്സിലാക്കുന്നത്. അതുകൊണ്ട് ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും കാന്‍സര്‍ അല്ലെന്നു കരുതി അവഗണിക്കുന്നവര്‍ ഉണ്ട്.

തൈറോയിഡ് കാന്‍സര്‍ ചെറുപ്പക്കാരില്‍ കാണാറുണ്ട്. പാപ്പില്ലറി തൈറോയ്ഡ് കാര്‍സിനോമ (Papillary thyroid carcinoma) കാന്‍സര്‍ 30 വയസ്സിന് താഴെ പ്രായം ഉള്ള പെണ്‍കുട്ടികളില്‍ കാണാറുണ്ട്. കൂടുതലായും 40-60 പ്രായ ഗ്രൂപ്പുകളില്‍ ആണ് തൈറോയിഡ് കാന്‍സര്‍ പൊതുവില്‍ കാണാറുള്ളത്.

സ്തനാര്‍ബുദം പൊതുവേ 30 വയസ്സ് കഴിഞ്ഞ സ്ത്രീകളില്‍ കണ്ടുവരുന്നുണ്ട്. ആര്‍ത്തവ വിരാമം വന്നവരില്‍ കാണുന്ന ഒരു തരത്തിലുള്ള ഹോര്‍മോണ്‍ പോസിറ്റീവ് സ്തനാര്‍ബുദമുണ്ട്. അതേസമയം, പ്രായകുറവുള്ളവരില്‍ കാണുന്ന ഹോര്‍മോണ്‍ നെഗറ്റീവ് കാന്‍സറുകളുമുണ്ട്.

സാര്‍ക്കോമ (sarcoma Brest Cancer), മലിഗ്‌നെന്‍ന്റ് ഫില്ലോഡസ് (Malignant Phyllodes breast tumor) എന്നീ കാന്‍സറുകള്‍ വളരെ അപൂര്‍വമായും വരാം. ചികിത്സാ രീതികള്‍ എല്ലാം ഒരുപോലെയാണ്. ഈ കാന്‍സറുകള്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ സ്ത്രീകളില്‍ കാണാറുണ്ട്. ‘, ഡോ. അനൂപ് സജി പറയുന്നു.

ചികിത്സാ ചെലവ്, അതിജീവനം

‘ആശുപത്രികളുടെ സൗകര്യമെല്ലാം കണക്കാക്കി തൈറോയിഡ് ശാസ്ത്രക്രിയക്ക് ഏകദേശം 50000-70000 രൂപ വരെ ചികിത്സാ ചിലവ് വരാം. സ്തനാര്‍ബുദത്തിന്റെ സാധാരണ ശാസ്ത്രക്രിയകള്‍ക്ക് ഏകദേശം ഈ ചിലവ് തന്നെയാണ് വരുന്നത്. ഫ്‌ളാപ്പ് ഉള്ള ശാസ്ത്രക്രിയകള്‍ക്ക് അതിനനുസരിച്ച് ചിലവ് കൂടും.

സ്തനാര്‍ബുദത്തിനുള്ള കീമോ തെറാപ്പിയില്‍ പ്രധാനപ്പെട്ട കാര്യം, ട്രാസ്റ്റുസുമാബ് (Trastuzumab) മരുന്ന് വേണമെങ്കില്‍ ചിലവ് കൂടും. ട്രാസ്റ്റുസുമാബ് വില കൂടുതലുള്ള ഇന്‍ജെക്ഷന്‍ ആണ്. HER2-positive സ്തനാര്‍ബുദങ്ങള്‍ക്കാണ് ഈ മരുന്ന് ഉപയോഗിക്കുക. മൂന്ന് ആഴ്ചകളിലെ ഇടവേളകളില്‍ 17 മുതല്‍ 20 ഇന്‍ജെക്ഷന്‍ വരെ എടുക്കേണ്ടി വരും.

അഞ്ചു വര്‍ഷത്തെ അതിജീവന കാലാവധി വെച്ചാണ് കാന്‍സര്‍ രോഗം സുഖപ്പെടുന്നതിന്റെ കാലഘട്ടത്തെ കണക്കാക്കുന്നത്. കാന്‍സര്‍ കണ്ടുപിടിച്ചതിന് ശേഷം അഞ്ചു വര്‍ഷത്തെ കാലഘട്ടത്തില്‍ എത്രപേര്‍ അതിജീവിക്കും എന്നാണ് നോക്കുന്നത്. തൈറോയിഡിന്റെ മിക്ക കാന്‍സറുകളിലും അതിജീവനം ഏകദേശം 98 ശതമാനമാണ്.

ആദ്യ സ്റ്റേജിലുള്ള സ്തനാര്‍ബുദത്തിന് ഇപ്പോഴത്തെ ചികിത്സാ രീതികള്‍ വെച്ചുനോക്കുമ്പോള്‍ 80-90 ശതമാനം അതിജീവന നിരക്കുണ്ട്. പടര്‍ന്നുപോയ സ്തനാര്‍ബുദം എടുക്കുകയാണെങ്കില്‍ അഞ്ചു വര്‍ഷത്തെ അതിജീവനം കുറവാണ്. രോഗത്തിന്റെ നേരത്തെയുള്ള കണ്ടെത്തലും ചികിത്സയും സ്തനാര്‍ബുദത്തിന് വളരെ പ്രധാനമാണ്.’, ഡോ. അനൂപ് സജി പറയുന്നു.

ചികില്‍സയ്ക്ക് ശേഷം

‘ചികിത്സ കഴിഞ്ഞവര്‍ സാധാരണയുള്ള നല്ല ഡയറ്റ് പിന്തുടരണം. ഒരു തവണ കാന്‍സര്‍ വന്നാല്‍ വീണ്ടും കാന്‍സര്‍ വരാനുള്ള സാധ്യത ചെറുതായെങ്കിലും ഉണ്ട്. അതുകൊണ്ട് പതിവായുള്ള പരിശോധന നടത്താന്‍ ചികിത്സ കഴിഞ്ഞവരോട് പറയാറുണ്ട്.

ആദ്യത്തെ രണ്ടു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സ്‌ക്രീനിംഗ് നടത്തേണ്ടി വരും. ഹോര്‍മോണ്‍ പോസിറ്റീവ് ആയ സ്തനാര്‍ബുദം ആണെങ്കില്‍ ഹോര്‍മോണ്‍ മരുന്നുകള്‍ കൊടുക്കാറുണ്ട്. ലെട്രോസോള്‍, അനസ്‌ട്രോസോള്‍ ഹോര്‍മോണ്‍ ഗുളികകള്‍ അഞ്ചു വര്‍ഷം കഴിക്കാന്‍ നല്‍കാറുണ്ട്. ഇത് കഴിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും എല്ലിന്റെ ബലം കുറയാന്‍ സാധ്യതയുണ്ട്. എല്ലിന്റെ ബലം കുറയാതിരിക്കാന്‍ വേണ്ടി ചില ഇന്‍ജെക്ഷന്‍ എടുക്കേണ്ടി വരും.

തൈറോയിഡ് കാന്‍സറിന്റെ ചികിത്സ കഴിഞ്ഞാല്‍ റേഡിയോ അയോഡിന്‍ സ്‌കാനോ, ചികിത്സയോ എടുക്കേണ്ടി വന്നാല്‍ അയഡിന്‍ അടങ്ങിയ ഉപ്പും അയഡിന്‍ അടങ്ങിയിരിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും കുറച്ചു ദിവസത്തേയ്ക്ക് ഒഴിവാക്കേണ്ടി വരും. മറ്റൊന്ന് ശ്രദ്ധിക്കണ്ട കാര്യം, കാബേജ് കുടുംബത്തില്‍ പെട്ട പച്ചക്കറികള്‍ പച്ചയ്ക്ക് കഴിക്കുന്നത് പൊതുവേ നല്ലതല്ല. പാകം ചെയ്തു കഴിക്കാം. കാന്‍സറിനു മാത്രമല്ല, പൊതുവേ എല്ലാ തൈറോയിഡ് അസുഖങ്ങള്‍ക്കും പാകം ചെയ്തു കഴിക്കുന്നതാണ് നല്ലത്.’, ഡോ. അനൂപ് സജി കൂട്ടിച്ചേര്‍ത്തു.

FAQs

എന്താണ് സ്തനാര്‍ബുദം?

സ്ത്രീ ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ ആണ് സ്തനാർബുദം ഉണ്ടാവുന്നത്തിൻറെ പ്രധാന കാരണം. ആർത്തവാരംഭം നേരത്തെ ആകുന്നതും ആർത്തവ വിരാമത്തിന് കാലതാമസം ഉണ്ടാകുന്നതും കുട്ടികളുടെ എണ്ണം കുറയുന്നതും കുട്ടികൾ ഉണ്ടാവാത്തതും ആദ്യ കുട്ടി 30 വയസ്സിന് ശേഷമാവുന്നതും മുലയൂട്ടൽ കുറയുന്നതും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു

എന്താണ് കാന്‍സര്‍?

അസാധാരണമായ, കാര്യകാരണ സഹിതമല്ലാതെ ശരീര കോശങ്ങള്‍ ഇരട്ടിക്കുന്ന അവസ്ഥയാണ് കാന്‍സര്‍.

എന്താണ് തൈറോയിഡ് കാന്‍സര്‍ ?

ജനിതകമാറ്റം വഴി തൈറോയ്ഡ് കോശങ്ങള്‍ അനിയന്ത്രിതമായ വളര്‍ച്ച പ്രാപിക്കുന്ന അവസ്ഥയാണ് തൈറോയ്ഡ് കാന്‍സര്‍

Quotes

“ഇന്നലെ കടന്നുപോയി, നാളെ ഇതുവരെ വന്നിട്ടില്ല. നമുക്ക് ഇന്ന് മാത്രമേയുള്ളൂ, നമുക്ക് തുടങ്ങാം- മദർ തെരേസ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.